ന്യൂഡല്‍ഹി: സാമൂഹ്യമാധ്യമങ്ങള്ക്കുമേല് കടിഞ്ഞാണിടാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ ശ്രമത്തിനുമേല്‍ തിരിച്ചടി. പൗരന്റെ വാട്സ്ആപ്പ് മെസേജുകളില്‍ അടക്കം എല്ലാത്തിനുംമേല് സര്‍ക്കാരിന്റെ മേല്‍നോട്ടം ആവശ്യമില്ല. എന്ന് അഭിപ്രായപ്പെട്ട സുപ്രീം കോടതി കേന്ദ്ര വാര്‍ത്താവിനിമയ മന്ത്രാലയത്തോട് രണ്ടാഴ്ചക്കുള്ളില്‍ ഇതിന് വിശദീകരണം നല്‍കാനും ആവശ്യപ്പെട്ടിട്ടുണ്ട്.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മഹവ്വ നല്കിയ ഹര്ജിയിന്മേലാണ് സുപ്രീം കോടതിയുടെ ഇടപെടല്‍. “സര്‍ക്കാര്‍ പൗരന്റെ വാട്സ്ആപ്പ് മെസേജുകള്‍ പരിശോധിക്കുകയാണ് എങ്കില്‍ അതൊരു സര്‍വിലന്‍സ് സ്റ്റേറ്റിനാവും വഴിവയ്ക്കുക.” ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് എ.എം.ഖാന്‍വില്‍കര്‍, ഡി.വൈ.ചന്ദ്രചൂഡ് എന്നിവരടങ്ങിയ ബെഞ്ച് അഭിപ്രായപ്പെട്ടു. സംഭവത്തില്‍ അറ്റോണി ജനറല്‍ കെ.കെ.വേണുഗോപാലിന്റെ ഇടപെടലും ആവശ്യപ്പെട്ടിട്ടുണ്ട്.
സോഷ്യല്‍ മീഡിയ ഹബ് തുടങ്ങാനുള്ള കേന്ദ്ര സര്‍ക്കാരിന്റെ പദ്ധതിക്കാണ് ഇതോടെ തിരിച്ചടി നേരിടുക. “വ്യക്തികള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന വിവരങ്ങള്‍ പരിശോധിക്കുന്നതിനായി ‘സോഷ്യല്‍ മീഡിയ കമ്മ്യൂണിക്കേഷന്‍ ഹബ്’ തുടങ്ങാനായിരുന്നു സര്‍ക്കാര്‍ പദ്ധതി. ട്വിറ്റര്‍, ഫെയ്സ്ബുക്ക്, ഇന്‍സ്റ്റഗ്രാം, ഇ-മെയില്‍ തുടങ്ങിയ സാമൂഹ്യ മാധ്യമങ്ങളില്‍ പങ്കുവയ്ക്കുന്ന ഡിജിറ്റല്‍ വിവരങ്ങള്‍ പരിശോധിക്കാനാണ് ഇത്. ” ഹര്‍ജിയില്‍ പറയുന്നു.
ഓഗസ്റ്റ് മൂന്നിന് വച്ചിട്ടുള്ള സിറ്റിങ്ങില്‍ കേസിന്റെ തുടര്‍വാദം കേള്‍ക്കും.