Latest News

ചർമത്തിൽ തൊട്ടില്ലെങ്കിലും പോക്സോ പ്രകാരം കുറ്റമെന്ന് സുപ്രീം കോടതി; ബോംബൈ ഹൈക്കോടതി ഉത്തരവ് റദ്ദാക്കി

നിയമത്തിന്റെ ഉദ്ദേശം കുറ്റവാളിയെ നിയമത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കലല്ലെന്നും സുപ്രീം കോടതി പറഞ്ഞു

Supreme Court

ന്യൂഡൽഹി: പോക്സോ നിയമപ്രകാരമുള്ള ലൈംഗിക അതിക്രമത്തിന് ചർമത്തിലുള്ള സ്പർശനം അനിവാര്യമാണെന്ന ബോംബൈ ഹൈക്കോടതി ഉത്തരവ് സുപ്രീം കോടതി റദ്ദാക്കി. ഇത്തരം കേസുകളിൽ ലൈംഗിക ഉദ്ദേശം ഉണ്ടോയെന്നതാണ് പ്രധാനം. അത് നിയമത്തിന്റെ പരിധിയിൽ നിന്നും മാറ്റാനാവില്ലെന്നും കോടതി നിരീക്ഷിച്ചു. നിയമത്തിന്റെ ഉദ്ദേശം കുറ്റവാളിയെ നിയമത്തിന്റെ കുരുക്കിൽ നിന്ന് രക്ഷപ്പെടാൻ അനുവദിക്കലല്ലെന്നും സുപ്രീം കോടതി പറഞ്ഞു.

“നിയമനിർമ്മാണസഭ ഉദ്ദേശം വ്യക്തമാക്കിയിട്ടുള്ളപ്പോൾ, കോടതികൾക്ക് വ്യവസ്ഥയിൽ അവ്യക്തത സൃഷ്ടിക്കാൻ കഴിയില്ല. അവ്യക്തത സൃഷ്ടിക്കുന്നതിൽ കോടതികൾക്ക് അത്യുത്സാഹം കാണിക്കാനാവില്ലെന്നതും ശരിയാണ്,” ജസ്റ്റിസ് ഉദയ് ഉമേഷ് ലളിത്, ജസ്റ്റിസ് എസ്.രവീന്ദ്ര ഭട്ട്, ജസ്റ്റിസ് ബേല എം.ത്രിവേദി എന്നിവരടങ്ങിയ ബെഞ്ച് പറഞ്ഞു. ഹൈക്കോടതി ഉത്തരവിനെതിരെ ഇന്ത്യൻ അറ്റോർണി ജനറൽ, ദേശീയ വനിതാ കമ്മീഷൻ, മഹാരാഷ്ട്ര സംസ്ഥാനം എന്നിവർ സമർപ്പിച്ച ഹർജികളാണ് പരിഗണിച്ചത്.

ഈ വർഷം ജനുവരിയിലാണ് വസ്ത്രത്തിനു മുകളിലൂടെ കുട്ടിയുടെ മാറിടത്തിൽ സ്പർശിച്ചത് പോക്സോ പ്രകാരം ലൈംഗിക അതിക്രമമായി കണക്കാക്കാൻ കഴിയില്ലെന്ന് കാണിച്ചു ബോംബൈ ഹൈക്കോടതിയുടെ നാഗ്പുർ ബെഞ്ച് ഒരാളെ കുറ്റമുക്തനാക്കിയത്.

ഈ വിഷയം അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ കോടതിയുടെ ശ്രദ്ധയിൽപ്പെടുത്തുകയും ഇത് “അഭൂതപൂർവമായ” ഉത്തരവാണെന്നും “തെറ്റായ ഒരു മാതൃക സൃഷ്ടിക്കാൻ” സാധ്യതയുണ്ടെന്നും വ്യകത്മാക്കുകയും ചെയ്തിരുന്നു. തുടർന്ന് സുപ്രീം കോടതി ഹൈക്കോടതി ഉത്തരവ് സ്റ്റേ ചെയ്തിരുന്നു. ഇത് വളരെ അസ്വസ്ഥതാജനകമായ നിഗമനമാണെന്ന് എജി അന്നത്തെ ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള ബെഞ്ചിനോട് പറഞ്ഞു. തുടർന്ന് എജിയും ദേശീയ വനിതാ കമ്മീഷനും വെവ്വേറെ ഹർജികൾ നൽകി.

നാളെ ഒരാൾ സർജിക്കൽ ഗ്ലൗസ് ധരിച്ചു ഒരു സ്ത്രീയുടെ ശരീരത്തിൽ അനാവശ്യമായി സ്പർശിച്ചാൽ അയാൾക്കെതിരെ ഈ ഉത്തരവ് പ്രകാരം കേസെടുക്കാൻ കഴിയില്ലെന്നതായിരുന്നു അഡ്വക്കേറ്റ് ജനറലിന്റെ വാദം. വസ്ത്രത്തിനു മുകളിലൂടെ ഒരു പ്രായപൂർത്തിയാകാത്ത പെൺകുട്ടിയുടെ മാറിടത്തിൽ സ്പർശിക്കുന്നത് പോക്സോ പ്രകാരമുള്ള കുറ്റകൃത്യങ്ങളിൽപ്പെടുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.

Also Read: വധശിക്ഷയ്ക്കെതിരെ കുല്‍ഭൂഷണ്‍ ജാദവിന് അപ്പീല്‍ നല്‍കാം; ബില്ല് പാസാക്കി പാക്കിസ്ഥാന്‍ പാര്‍ലമെന്റ്

2016 ഡിസംബറിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. 39-കാരനായ പ്രതി 12-കാരിയായ പെൺകുട്ടിക്ക് പേരക്ക നൽകാമെന്ന് പറഞ്ഞ് വ്യാജേന വീട്ടിലേക്ക് വിളിക്കുകയും പീഡിപ്പിക്കാൻ ശ്രമിക്കുകയുമായിരുന്നു. ഇയാളുടെ വീട്ടിൽ മകളെ കണ്ട അമ്മയാണ് പൊലീസിന് പരാതി നൽകിയത്.

ഇയാൾക്കെതിരെ പോക്സോ കേസ് സ്വീകരിക്കാൻ കഴിയില്ലെന്നും വസ്ത്രത്തിന് മുകളിലൂടെ ശരീരത്തില്‍ പിടിക്കുന്നത് ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ 354-ാം വകുപ്പ് പ്രകാരമുള്ള കുറ്റം മാത്രമേ ആവുന്നുള്ളൂ എന്നുമായിരുന്നു ഹൈക്കോടതിയുടെ ഉത്തരവ്. ജസ്‌റ്റിസ് പുഷ്പ വി.ഗനേഡിവാലയാണ് വിവാദ ഉത്തരവ് പ്രഖ്യാപിച്ചത്.

Get the latest Malayalam news and News news here. You can also read all the News news by following us on Twitter, Facebook and Telegram.

Web Title: Supreme court skin to skin contact bombay high court pocso

Next Story
രാജ്യത്ത് 11,919 പുതിയ കോവിഡ് രോഗികൾ; 470 മരണം
The moderation of comments is automated and not cleared manually by malayalam.indianexpress.com