ന്യൂഡൽഹി: തൊഴിലിടങ്ങളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ ഫലപ്രദമായി തടയുന്നതിന് സുപ്രീം കോടതി നിർദ്ദേശങ്ങൾ തേടി. സർക്കാരിതര സംഘടനയായ ഇനീഷ്യേറ്റീവ് ഫോർ ഇൻക്ലൂഷൻ ഫൗണ്ടേഷനോടാണ് സുപ്രീം കോടതി നിർദ്ദേശങ്ങൾ തേടിയിരിക്കുന്നത്. സ്വകാര്യ മേഖലയിൽ സ്ത്രീകൾക്കെതിരെ തൊഴിലിടങ്ങളിൽ നടക്കുന്ന അതിക്രമങ്ങൾ ഇല്ലാതാക്കാനാണ് ശ്രമം.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസുമാരായ ഡി.വൈ.ചന്ദ്രചൂഡ്, എ.എം.ഖൻവാൽക്കർ എന്നിവരടങ്ങിയ ബെഞ്ചാണ് നിർദ്ദേശങ്ങൾ ക്ഷണിച്ചത്. 2013 ലെ പ്രൊട്ടക്ഷൻ ഓഫ് വുമൺ ഫ്രം സെക്ഷ്വൽ ഹരാസ്മെന്റ് അറ്റ് വർക്പ്ലേസ് നിയമം നടപ്പിലാക്കാനുളള ശ്രമങ്ങൾ ആരംഭിച്ചതായി കേന്ദ്ര സർക്കാർ വ്യക്തമാക്കിയപ്പോഴാണ് പരമോന്നത നീതിപീഠം ഇക്കാര്യത്തിൽ നിർദ്ദേശങ്ങൾ തേടിയത്.
സ്വകാര്യ കമ്പനികളിൽ നടക്കുന്ന ലൈംഗിക അതിക്രമങ്ങൾ തടയുന്നതിന് ഫലപ്രദമായ ഇടപെടലുകൾ ഈ നിയമത്തിലില്ലെന്ന് ഫൗണ്ടേഷന് വേണ്ടി ഹാജരായ മുതിർന്ന അഭിഭാഷകൻ സഞ്ജയ് പരീഖ് ചൂണ്ടിക്കാട്ടി. നാല് വർഷം മുൻപ് അസോസിയേറ്റഡ് ചേബേഴ്സ് ഓഫ് കൊമേഴ്സ് ഓഫ് ഇന്ത്യയുമായി യോഗം നടത്തിയെങ്കിലും അതിന് ശേഷം ഒന്നുമുണ്ടായില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിഷയത്തിൽ ജനുവരി നാലിന് എല്ലാ സംസ്ഥാന സർക്കാരുകൾക്കും പരമോന്നത കോടതി നോട്ടീസ് അയച്ചിരുന്നു.