ന്യൂഡൽഹി: റഫാൽ ഇടപാടിലെ വിവരങ്ങൾ നൽകണമെന്ന് കേന്ദ്രസർക്കാരിനോട് സുപ്രീം കോടതി. മുദ്രവച്ച കവറിൽ കേന്ദ്രം റിപ്പോർട്ട് നൽകണമെന്നാണ് കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. റഫാൽ യുദ്ധവിമാന ഇടപാടിൽ വൻ ക്രമക്കേട് നടന്നിട്ടുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടുളള പൊതുതാൽപര്യ ഹർജിയിലാണ് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ചിന്റെ ഉത്തരവ്.

റഫാൽ ഇടപാടുമായി ബന്ധപ്പെട്ട് നിലനിൽക്കുന്ന സംശയങ്ങൾ മാറ്റാൻ കേന്ദ്രസർക്കാർ തയ്യാറാകാത്തത് എന്തുകൊണ്ടാണെന്ന് കോടതി ചോദിച്ചു.

ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിലാണ് റഫാൽ യുദ്ധവിമാനക്കരാറിൽ ഒപ്പുവയ്ക്കുന്നത്. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞതിനാൽ കരാർ വിജയകരമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.

2012 ൽ മൻമോഹൻ സിങ്ങിന്റെ ഭരണകാലത്ത് 126 യുദ്ധവിമാനങ്ങൾ ഫ്രാൻസിൽനിന്നും വാങ്ങാൻ തീരുമാനിച്ചിരുന്നു. ഇതിൽ മാറ്റം വരുത്തിയാണ് മോദി സർക്കാർ വൻ തുകയ്ക്ക് 36 വിമാനങ്ങൾ വാങ്ങൻ കരാർ ഒപ്പിട്ടത്. 2015 ഏപ്രിലില്‍ നരേന്ദ്രമോദിയുടെ ഫ്രാന്‍സ് സന്ദര്‍ശനവേളയിലാണ് വിമാനങ്ങള്‍ വാങ്ങാന്‍ ധാരണയായത്. കരാറിലൂടെ 12,000 കോ​ടി​യു​ടെ ന​ഷ്ടം രാ​ജ്യ​ത്തി​നു​ണ്ടാ​യെന്നാണ് കോൺഗ്രസ് ആരോപണം.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook