ന്യൂഡല്‍ഹി: സ്വവര്‍ഗ ലൈംഗികത കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ സെക്ഷന്‍ 377എടുത്ത് കളയണം എന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി പറയുന്നത് സുപ്രീം കോടതി മാറ്റിവച്ചു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അടങ്ങുന്ന അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസില്‍ വിധി പറയുക. ഒക്ടോബര്‍ 2ന് ചീഫ് ജസ്റ്റിസ് സ്ഥാനമൊഴിയും എന്നിരിക്കെ അതിന് മുന്‍പ് വിധി വരും എന്നാണ് പ്രതീക്ഷ.
സ്വവര്‍ഗ ലൈംഗികത സംബന്ധിച്ച തീരുമാനത്തില്‍ നിയമനിര്‍മ്മാണം പാര്‍ലമെന്റിന് വിട്ടുനല്‍കണം എന്നാണ് കേസിന്റെ വിചാരണയില്‍ രണ്ട് ക്രിസ്ത്യന്‍ സംഘടനകളെ പ്രതിനിധീകരിച്ച അഡ്വ.മനോജ് ജോര്‍ജ് ആവശ്യപ്പെട്ടത്. “വിഷയത്തില്‍ മൗലികാവകാശങ്ങളുടെ ലംഘനം ഉണ്ടായിട്ടുണ്ട് എന്നാണ് ഞങ്ങള്‍ മനസ്സിലാക്കുന്നത്. ഈയൊരവസരത്തില്‍ വിഷയം പാര്‍ലമെന്റിന് നല്‍കാന്‍ ആവില്ല” ജസ്റ്റിസ് ആർ.എഫ്.നരിമാന്‍ പറഞ്ഞു.
പൗരന്റെ ‘ലൈംഗികചായ്‌വ്’ ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ പതിനാലിലും പതിനഞ്ചിലും പറയുന്ന ‘ലൈംഗികത’ ആയി കണക്കിലെടുക്കാന്‍ പറ്റില്ല എന്നായിരുന്നു മനോജ് ജോര്‍ജ് ഉയര്‍ത്തിയ വാദം. പൗരന്റെ ലിംഗപരമായ സമത്വത്തെ ഊട്ടിയുറപ്പിക്കുന്നതാണ് ഈ വകുപ്പുകള്‍. ലെസ്ബിയന്‍, ഗേ, ബൈസെക്ഷ്വല്‍ എന്നതിന് പുറമേ വേറെയും ലൈംഗിക താത്പര്യങ്ങള്‍ ഉണ്ടാകാം എന്നും ലൈംഗികതയേയും ലൈംഗികതാത്പര്യത്തേയും കൂട്ടിവായിക്കരുത് എന്നായിരുന്നു മനോജ് ജോര്‍ജിന്റെ വാദം.
“സ്വവര്‍ഗപ്രേമികള്‍ എയ്ഡ്സ് പോലെ വ്യാപിക്കും” എന്നായിരുന്നു സ്വവര്‍ഗപ്രേമത്തെ എതിര്‍ക്കുന്ന ട്രസ്റ്റ് ഗോഡ് മിനിസ്ട്രീസിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ എ.കെ.രാധാകൃഷ്ണന്‍ വാദിച്ചത്. ” ഇതര സംസ്ഥാന തൊഴിലാളികളും എച്ച്ഐവി പോലെയാണ് വ്യാപിക്കുന്നത്. നിങ്ങളുടെ യുക്തി അനുസരിച്ച് എല്ലാ ലൈംഗിക ബന്ധവും നിരോധിക്കണം, ഹെട്രോസെക്ഷ്വലുകള്‍ക്കും അത് ബാധകമാണ്. ” ജസ്റ്റിസ് ചന്ദ്രചൂഡിന്റെ മറുപടി.
സ്വവര്‍ഗപ്രേമികള്‍ക്ക് ഇന്ത്യയില്‍ കടുത്ത വിവേചനം അഭിമുഖീകരിക്കേണ്ടി വരുന്നതായി കോടതി നിരീക്ഷിക്കുകയുണ്ടായി. സ്വവര്‍ഗപ്രേമം സംബന്ധിച്ച തീരുമാനം കോടതിയുടെ വിവേചനത്തിന് വിടുന്നതായിരുന്നു കേന്ദ്ര സര്‍ക്കാരിന്റെ നിലപാട്.
നര്‍ത്തകിയായ നവ്തേജ് ജൗഹ, മാധ്യമപ്രവര്‍ത്തകന്‍ സുനില്‍ മെഹ്റ, ഹോട്ടല്‍ വ്യവസായിയായ കേശവ് സൂരി, അമന്‍ നാഥ് എന്നിവര്‍ക്ക് പുറമേ ഇരുപത് ഐഐടി വിദ്യാര്‍ത്ഥികൾ സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീം കോടതി വാദം കേള്‍ക്കുന്നത്. പരസ്പര സമ്മതപ്രകാരം പ്രായപൂര്‍ത്തിയായ രണ്ടുപേര്‍ ലൈംഗിക ബന്ധത്തിലേര്‍പ്പെടുന്നത് കുറ്റകരമാക്കുന്ന ഇന്ത്യന്‍ പീനല്‍ കോഡിലെ ആര്‍ട്ടിക്കള്‍ 377 ഭരണഘടനാവിരുദ്ധമാണ് എന്നാണ് ഹര്‍ജിയില്‍ പറയുന്നത്.
സ്വവര്‍ഗ പ്രണയത്തെ ‘പ്രകൃതിവിരുദ്ധം’ എന്ന് വിശേഷിപ്പിക്കുന്ന സെക്ഷന്‍ 377 പ്രകാരം പ്രകൃതി വിരുദ്ധമായി ആണിനോടോ പെണ്ണിനോടോ മൃഗങ്ങളോടോ ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുന്നവരെ ജീവപര്യന്തമോ 10 വര്‍ഷത്തേക്കോ തടവിന് വിധിക്കുവാനും പിഴ ഈടാക്കാനുമാകും.