ന്യൂഡൽഹി: അണ്ണാഡിഎംകെ ജനറല്‍ സെക്രട്ടറി ശശികല ഉടൻ കീഴടങ്ങണമെന്ന് സുപ്രീംകോടതി. കീഴടങ്ങാൻ സമയം ചോദിച്ച് ശശികല നൽകിയ ഹർജി കോടതി തള്ളി. അതിനിടെ, ശശികല ഇന്നു തന്നെ കോടതിയിൽ കീഴടങ്ങാൻ തയാറാണെന്ന് അവരുടെ അഭിഭാഷകൻ സുപ്രീംകോടതിയെ അറിയിച്ചു. ഇന്നലെ അനധികൃത സ്വത്ത് സന്പാദനക്കേസിൽ ശശികലയ്ക്ക് വിചാരണക്കോടതി വിധിച്ച ശിക്ഷ സുപ്രീംകോടതി ശരിവച്ചിരുന്നു. എത്രയും പെട്ടന്ന് ബെംഗളൂരു കോടതിക്കു മുൻപാകെ കീഴടങ്ങാനും കോടതി നിർദേശിച്ചിരുന്നു.

ശശികല ഇന്നുതന്നെ കീഴടങ്ങുമെന്നാണ് അവരോട് അടുത്ത വൃത്തങ്ങൾ നൽകുന്ന സൂചന. വിധിക്കു പിന്നാലെ ശശികല ഇന്നലെതന്നെ പോയസ് ഗാർഡനിലെ വസതിയിലേക്ക് എത്തിയിരുന്നു. പോയസ് ഗാർഡനിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചിട്ടുണ്ട്. അണ്ണാ ഡിഎംകെ പ്രവർത്തകരും ഇവിടേക്ക് എത്തിക്കൊണ്ടിരിക്കുകയാണ്.

കോടതി വിധി തിരിച്ചടിയായതോടെ വിശ്വസ്തനായ ഒരാളെ മുഖ്യമന്ത്രി പദവിയിലെത്തിക്കാനാണ് ശശികലയുടെ നീക്കം. ഇതിന്റെ മുന്നോടിയായാണ് എടപ്പാടി കെ.പളനിസ്വാമിയെ എഐഎഡിഎംകെ നിയമസഭാ കക്ഷി നേതാവായി തിരഞ്ഞെടുത്തത്. മാത്രമല്ല, ജയലളിത എഐഎഡിഎംകെയിൽനിന്ന് പുറത്താക്കിയ ടി.പി.വി.ദിനകരനെയും ഡോ.വെങ്കിടേഷിനെയും ശശികല തിരിച്ചെടുത്തിരുന്നു. ശശികലയുടെ മന്നാർഗുഡി സംഘത്തിലെ പ്രധാനിയായ ദിനകരന് എഐഎഡിഎംകെഡപ്യൂട്ടി ജനറൽ സെക്രട്ടറി പദവിയും നൽകി.

അനധികൃത സ്വത്ത് സന്പാദന കേസിൽ നാലു വർഷം തടവും 10 കോടി രൂപ പിഴയുമായിരുന്നു വിചാരണ കോടതി ശശികലയ്ക്ക് വിധിച്ച ശിക്ഷ. ഇതാണ് ഇന്നലെ സുപ്രീംകോടതി ശരിവച്ചത്. ജഡ്‌ജിമാരായ പിനാകി ചന്ദ്ര ഘോഷും അമിതാവ റോയിയും ഉൾപ്പെട്ട ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. ജയലളിത ആദ്യം മുഖ്യമന്ത്രിയായിരുന്ന 1991–96 കാലയളവിൽ 66.65 കോടി രൂപ അനധികൃതമായി സമ്പാദിച്ചെന്നാണ് കേസ്. ജയലളിത, ശശികല, ജയലളിതയുടെ വളർത്തുമകൻ സുധാകരൻ, ബന്ധു ഇളവരശി എന്നിവരാണ് കേസിലെ പ്രതികൾ.

2014 സെപ്‌റ്റംബർ 27ന് നാലു പ്രതികൾക്കും നാലു വർഷം തടവ് വിചാരണക്കോടതി വിധിച്ചു. പിഴയായി ജയലളിത 100 കോടി രൂപയും മറ്റുള്ളവർ 10 കോടി വീതവും അടയ്‌ക്കണമെന്നും കോടതി വിധിച്ചു. എന്നാൽ 2015 ൽ പ്രതികളുടെ അപ്പീൽ അനുവദിച്ച കർണാടക ഹൈക്കോടതി സിംഗിൾ ബെഞ്ച് നാലു പേരെയും കുറ്റവിമുക്‌തരാക്കി. ഇതിനെതിരെ കർണാടക സർക്കാരും ഡിഎംകെ നേതാവ് കെ.അൻപഴകനും നൽകിയ അപ്പീലിലാണ് സുപ്രീം കോടതി ഇന്നലെ വിധി പറഞ്ഞത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ