ന്യൂഡൽഹി: സഞ്ജയ് ലീല ബൻസാലിയുടെ പദ്മാവത് സിനിമയ്ക്ക് 4 സംസ്ഥാനങ്ങളിൽ ഏർപ്പെടുത്തിയ വിലക്ക് സുപ്രീംകോടതി നീക്കി. ക്രമസമാധാനം തകർക്കുമെന്ന സംസ്ഥാനങ്ങളുടെ വാദം കോടതി തളളി. ഹരിയാന, രാജസ്ഥാൻ, ഗുജറാത്ത്, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളുടെ നടപടിക്കെതിരെ സിനിമയുടെ നിര്‍മ്മാതാക്കളാണ് കോടതിയെ സമീപിച്ചത്. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്.
സിനിമയുടെ പേരും വിവാദ രംഗങ്ങളും സെന്‍സര്‍ബോര്‍ഡ് നിര്‍ദേശ പ്രകാരം മാറ്റിയിട്ടും റിലീസ് തടയുന്നു എന്ന് ചൂണ്ടിക്കാട്ടിയാണ് നിര്‍മ്മാതാക്കൾ സുപ്രീംകോടതിയിൽ ഹർജി സമർപ്പിച്ചത്. ഈ മാസം 25നാണ് പദ്മാവത് റിലീസ് നിശ്ചയിച്ചിരിക്കുന്നത്.
വിവാദകോലാഹലങ്ങള്ക്കു ശേഷം സെന്‍സര്‍ബോര്‍ഡ് അനുമതി നല്‍കിയതോടെയാണ് റിലീസ് തീയതി പ്രഖ്യാപിച്ചത്. യുഎ (U/A) സര്‍ട്ടിഫിക്കറ്റാണ് സെന്‍സര്‍ബോര്‍ഡ് നല്‍കിയിരിക്കുന്നത്. സെന്‍സര്‍ബോര്‍ഡ് ആവശ്യപ്പെട്ട മാറ്റങ്ങള്‍ വരുത്താന്‍ സംവിധായകന് തയ്യാറായതോടെയാണ് സിനിമയ്ക്കു സര്‍ട്ടിഫിക്കറ്റ് ലഭിച്ചത്. സിനിമയുടെ പേര് പദ്മാവത് എന്നാക്കണമെന്നായിരുന്നു ഇതില്‍ പ്രധാന നിബന്ധന.
ഏകദേശം 26 മാറ്റങ്ങളാണ് പ്രത്യേക സമിതി നിര്‍ദേശിച്ചത്. ചിത്രം തുടങ്ങുന്നതിനു മുന്‍പുള്ള അറിയിപ്പില്‍ ചരിത്രം അതേപടി പകര്ത്തിയിരിക്കുന്നുവെന്ന് കാണിക്കാതിരിക്കുക, സതി ആചാരത്തെ മഹത്വവത്കരിക്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക, ചിത്രത്തിന്റെ പേര് പദ്മാവതി എന്നതില്‍ നിന്ന് പദ്മാവത് എന്നാക്കി മാറ്റുക, ഗൂമര്‍ എന്ന് തുടങ്ങുന്ന ഗാനത്തിലെ വര്‍ണനകള്‍ കഥാപാത്രത്തിനു ചേര്‍ന്നതാക്കി മാറ്റുക, ചരിത്രത്തെ അടിയാളപ്പെടുത്തുന്ന സ്ഥലങ്ങള്‍ സംബന്ധിച്ച് തെറ്റായ വിവരങ്ങള്‍ നല്കുന്ന രംഗങ്ങള്‍ ഒഴിവാക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് മുന്നോട്ട് വച്ചതെന്ന് സെന്‍സര്‍ ബോര്‍ഡ് തലവന്‍ പ്രസൂണ്‍ ജോഷി നേരത്തെ പറഞ്ഞിരുന്നു.