ന്യൂഡൽഹി: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീപ്രവേശനം അനുവദിച്ച സുപ്രീം കോടതി വിധിക്കെതിരായ റിവ്യൂ ഹർജി ഉടൻ പരിഗണിക്കില്ല. ക്രമപരമായി മാത്രമേ ഹർജികൾ പരിഗണിക്കാൻ കഴിയൂവെന്ന് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അറിയിച്ചു.

ദേശീയ അയ്യപ്പ ഭക്ത സംഘമാണ് റിവ്യൂ ഹർജി നൽകിയത്. ഹർജി അടിയന്തരമായി പരിഗണിക്കണമെന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. എന്നാൽ ഇത് നിഷേധിച്ച കോടതി മറ്റ് പുനഃപരിശോധന ഹർജികൾക്കൊപ്പം ഇത് ലിസ്റ്റ് ചെയ്ത് മുറപ്രകാരം പരിഗണിക്കാമെന്നാണ് മറുപടി നൽകിയത്. പൂജ അവധിക്ക് 12-ാം തീയതി കോടതി അടക്കുന്നതിനാൽ ഹർജി ഉടൻ പരിഗണിക്കണമെന്നും അഭിഭാഷകൻ ആവശ്യപ്പെട്ടു. ഇതിന് പൂജ അവധി കഴിഞ്ഞ് കോടതി തുറക്കുമല്ലോ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ മറുപടി. പൂജ അവധിക്ക് വെളളിയാഴ്ച അടക്കുന്ന കോടതി 22 ന് ശേഷമാണ് തുറക്കുക.

സാധാരണ ഗതിയിൽ വിധി പുറത്തുവന്ന് ഒരു മാസം വരെ പുനഃപരിശോധന ഹർജികൾ കോടതിയിൽ സമർപ്പിക്കാം. ഈ ഒരു മാസത്തിന് ശേഷം മാത്രമേ ഹർജികൾ കോടതി പരിഗണിക്കാറുളളൂ. എന്നാൽ അടിയന്തര സാഹചര്യം ഉണ്ടെന്ന് ചീഫ് ജസ്റ്റിസിന് ബോധ്യപ്പെട്ടാൽ ഹർജികൾ നേരത്തെ പരിഗണിക്കാനുളള അധികാരമുണ്ട്. ശബരിമല വിധിയിലും അടിയന്തര സാഹചര്യം അഭിഭാഷകൻ ചൂണ്ടിക്കാട്ടിയെങ്കിലും ചീഫ് ജസ്റ്റിസ് ഇത് തളളിക്കളയുകയായിരുന്നു.

അതേസമയം, ശബരിമല വിധിയുമായി ബന്ധപ്പെട്ട് കൂടുതൽ പുനഃപരിശോധന ഹർജികൾ സുപ്രീം കോടതിക്കു മുൻപാകെ വരും ദിവസങ്ങളിൽ എത്തുമെന്നാണ് വിവരം. എന്‍എസ്എസ്, പീപ്പിള്‍ ഫോര്‍ ധര്‍മ്മ, പന്തളം രാജകുടുംബം എന്നിവർ പുനഃപരിശോധന ഹർജി നൽകിയേക്കും.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook