ന്യൂഡൽഹി: രാജീവ് ഗാന്ധി വധക്കേസ് പ്രതി പേരറിവാളനെ മോചിപ്പിക്കാൻ സുപ്രീം കോടതി ബുധനാഴ്ച ഉത്തരവിട്ടു. 31 വർഷത്തെ ജയിൽ ജീവിതത്തിന് ശേഷമാണ് മോചനം. ഭരണഘടനയുടെ 142-ാം അനുഛേദം ഉപയോഗിച്ചാണ് സുപ്രീംകോടതിയുടെ വിധി. ജസ്റ്റിസുമാരായ എൽ നാഗേശ്വര റാവു, ബി ആർ ഗവായ് എന്നിവരടങ്ങിയ ബെഞ്ചിന്റേതാണ് ഉത്തരവ്.
2018 സെപ്റ്റംബറിൽ തമിഴ്‌നാട് മന്ത്രിസഭ പേരറിവാളനെ മോചിപ്പിക്കാൻ ഗവർണറോട് ശുപാർശ ചെയ്തിരുന്നു. എന്നാൽ അതിൽ തീരുമാനമെടുക്കാതെ നീട്ടികൊണ്ടുപോവുകയും ഒടുവിൽ രാഷ്ട്രപതിക്ക് കൈമാറുകയുമായി. ഇതിനെതിരെയാണ് പേരറിവാളൻ സുപ്രീംകോടതിയെ സമീപിച്ചത്. ഇതിലാണ് അനുകൂലവിധിയുണ്ടായത്.
1991 ജൂൺ 11 നാണ് പേരറിവാളൻ അറസ്റ്റിലാകുന്നത്. അന്ന് 19 വയസ്സായിരുന്നു. ഗൂഢാലോചനയുടെ സൂത്രധാരനായ എൽ.ടി.ടി.ഇക്കാരനായ ശിവരാസനുവേണ്ടി രണ്ട് ഒമ്പത് വോൾട്ട് ‘ഗോൾഡൻ പവർ’ ബാറ്ററി സെല്ലുകൾ വാങ്ങി നൽകിയെന്നാരോപിച്ചാണ് ഇയാൾക്കെതിരെ കേസെടുത്തത്.
കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് 1999 മെയ് മാസത്തിൽ പേരറിവാളനെ വധശിക്ഷയ്ക്ക് വിധിച്ചു. എന്നാൽ 2014ൽ, അദ്ദേഹത്തിന്റെയും മറ്റ് രണ്ട് പേരുടെയും ദയാഹർജികൾ ദീർഘകാലമായി കെട്ടിക്കിടക്കുന്നത് ചൂണ്ടിക്കാട്ടി ശിക്ഷ ജീവപര്യന്തമായി ഇളവ് ചെയ്തു. തൊട്ടുപിന്നാലെയാണ് തമിഴ്‌നാട്ടിലെ എഐഎഡിഎംകെ സർക്കാർ കേസിലെ ഏഴ് പ്രതികളെയും വിട്ടയക്കാൻ ഉത്തരവിട്ടത്.