ന്യൂഡല്‍ഹി: മഹാത്മാ ഗാന്ധി വധം പുനരന്വേഷണം വേണമെന്ന ഹര്‍ജി സുപ്രീം കോടതി തളളി. ചരിത്രത്തിലെ ഏറ്റവും വലിയ സത്യമാകും പുറത്ത് വരിക എന്ന് അവകാശപ്പെട്ട് മുംബൈ സ്വദേശിയായ ഗവേഷകന്‍ ഡോ.പങ്കജ് ഫട്നിസ് ആണ് ഹര്‍ജി സമര്‍പ്പിച്ചിരുന്നത്. ഗാന്ധി വധത്തിന് പിന്നില്‍ ‘അജ്ഞാതനായ’ മറ്റൊരു പ്രതി കൂടി ഉണ്ടെന്ന് കാട്ടിയാണ് അഭിനവ് ഭാരതിന്റെ ഉടമ കൂടിയായ ഫട്നിസ് പുനരന്വേഷണം ആവശ്യപ്പെട്ടത്. 1948 ജനുവരി 30നാണ് നാഥുറാം ഗോഡ്സെ ഗാന്ധിയെ വെടിവച്ച് കൊന്നത്.

ഗോഡ്സെയുടെ തോക്കില്‍ നിന്ന് തുപ്പിയ മൂന്ന് വെടിയുണ്ടകളാണ് ഗാന്ധിയുടെ ജീവന് ഹാനിയായതെന്ന് കണ്ടെത്തിയെങ്കിലും നാലാമതൊരു വെടിയുണ്ടയാണ് മരണത്തിലേക്ക് നയിച്ചതെന്ന് ഹര്‍ജിക്കാരന്‍ വാദിച്ചു. കഴിഞ്ഞ വര്‍ഷം ഒക്ടോബറിലായിരുന്നു ഹര്‍ജി സമര്‍പ്പിച്ചിരുന്നത്.

ഗാന്ധിജിയുടെ വധത്തിൽ ദുരൂഹതയില്ലെന്നും അതിനാൽ തന്നെ പുനരന്വേഷണം വേണ്ടെന്നും കോടതി നിയോഗിച്ച അമിക്കസ് ക്യൂറി നേരത്തെ റിപ്പോർട്ട് നൽകിയിരുന്നു. ഗാന്ധിജിയെ കൊലപ്പെടുത്തിയത് നാഥുറാം ഗോഡ്സെ തന്നെയാണെന്നും അമിക്കസ് ക്യൂറി റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നു,​ മറ്റൊരാള്‍ക്ക് പങ്കുണ്ടെന്ന ആരോപണം അടിസ്ഥാനമില്ലാത്തതാണ്.

ഗോഡ്സെയല്ലാതെ മറ്റൊരാൾ ഉതിർത്ത വെടിയുണ്ട ഏറ്റാണ് ഗാന്ധി കൊല്ലപ്പെട്ടതെന്ന വാദത്തിന് തെളിവില്ലെന്നും റിപ്പോർട്ടിൽ സുപ്രീം കോടതിയിലെ മുതിർന്ന അഭിഭാഷകൻ അമരീന്ദർ സരിന്റെ നേതൃത്വത്തിലുള്ള മൂന്നംഗ അമിക്കസ് ക്യൂറി ചൂണ്ടിക്കാട്ടിയിരുന്നു. വിചാരണ കോടതിയുടെ 4000 പേജ് വരുന്ന രേഖകളും 1969 ലെ ജീവൻലാൽ കപൂർ അന്വേഷണ കമ്മീഷൻ റിപ്പോർട്ടും പരിശോധിച്ചാണ് അമിക്കസ് ക്യൂറി സുപ്രീം കോടതി റിപ്പോർട്ട് സമർപ്പിച്ചത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ