ന്യൂഡൽഹി: സുപ്രീം കോടതി മുന്‍ ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്‌ക്കെതിരെ ലൈംഗികാരോപണ പരാതി നല്‍കിയ യുവതിയെ ജോലിയില്‍ തിരിച്ചെടുത്തു. ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്ന യുവതിയെ പിരിച്ചുവിട്ട ഉത്തരവ് റദ്ദാക്കി മുൻകാല പ്രാബല്യത്തോടെയാണ് തിരിച്ചെടുത്തത്. ജോലിയില്‍നിന്ന് പുറത്താക്കിയ കാലത്തെ മുഴുവന്‍ ശമ്പളവും ആനുകൂല്യവും നല്‍കിയാണ് പുനഃര്‍നിയമനം.

Read More: പൗരത്വ ഭേദഗതി നിയമത്തിനു സ്‌റ്റേയില്ല; കേന്ദ്രം നാലാഴ്ചയ്ക്കുള്ളില്‍ മറുപടി നല്‍കണം

2014 മേയിൽ സുപ്രീം കോടതിയിൽ ചേർന്ന യുവതി 2018 ഒക്ടോബറില്‍ ജൂനിയര്‍ കോടതി അസിസ്റ്റന്റായി ജോലി ചെയ്യുന്നതിനിടെയാണ് ചീഫ് ജസ്റ്റിസായിരുന്ന ഗോഗോയ് ലൈംഗികമായി ഉപദ്രവിച്ചെന്ന് ചൂണ്ടിക്കാട്ടി രംഗത്തെത്തിയത്. പരാതി നല്‍കിയതിനു പിന്നാലെ തനിക്ക് നിരവധി സ്ഥലംമാറ്റം ലഭിച്ചിരുന്നുവെന്നും പിന്നീട് ജോലിയിൽനിന്നു പിരിച്ചുവിടുകയായിരുന്നുവെന്നും യുവതി ആരോപിച്ചിരുന്നു.

ജസ്റ്റിസുമാരായ എസ് എ ബോബ്ഡെ (ഇപ്പോഴത്തെ സുപ്രീം കോടതി ചീഫ് ജസ്റ്റിസ്), ഇന്ദു മൽഹോത്ര, ഇന്ദിര ബാനർജി എന്നിവരടങ്ങുന്ന കമ്മിറ്റി യുവതിയുടെ പരാതിയിൽ അന്വേഷണം നടത്തുകയും ആരോപണങ്ങളിൽ കഴമ്പില്ലെന്ന് കണ്ടെത്തി രഞ്ജൻ ഗൊഗോയിക്ക് ക്ലീൻ ചിറ്റ് നൽകുകയുമായിരുന്നു.

“സുപ്രീം കോടതിയിലെ ഒരു മുൻ ഉദ്യോഗസ്ഥ 2019 ഏപ്രിൽ 19നു നൽകിയ പരാതിയിൽ ഉന്നയിച്ച ആരോപണങ്ങളിൽ വസ്തുതകളില്ലെന്ന് ആഭ്യന്തര കമ്മിറ്റി കണ്ടെത്തി,” എന്ന് മേയ് ആറിന് സുപ്രീം കോടതി സെക്രട്ടറി ജനറൽ ഓഫീസ് അറിയിപ്പ് നൽകി. എന്നാൽ ആഭ്യന്തര അന്വേഷണ സമിതിയുടെ റിപ്പോര്‍ട്ട് പരസ്യപ്പെടുത്താന്‍ സുപ്രീംകോടതി തയാറായിരുന്നില്ല. നേരത്തെ ഇന്ദിരാ ജയ്സിങും സുപ്രീംകോടതിയും തമ്മിലുണ്ടായ കേസിലെ ഉത്തരവ് അടിസ്ഥാനമാക്കിയായിരുന്നു അന്വേഷണ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തില്ലെന്ന നിലപാട് സ്വീകരിച്ചത്.

എന്നാല്‍, അന്വേഷണം നിയമാനുസൃതമായി നടക്കുന്നില്ലെന്ന് ചൂണ്ടിക്കാട്ടി യുവതി രംഗത്തെത്തിയിരുന്നു. യുവതി പരാതി നല്‍കിയതിന് പിന്നാലെ ഡൽഹി പൊലീസിൽ ജോലി ചെയ്തിരുന്ന ഇവരുടെ ഭർത്താവിനെയും ഭർത്താവിന്റെ സഹോദരനെയും 2018 ഡിസംബര്‍ 21 ന് ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇരുവര്‍ക്കും 2019ല്‍ ജൂണില്‍ പുനര്‍ നിയമനം നല്‍കിയതായി ദ ഇന്ത്യന്‍ എക്‌സ്‌പ്രസ് റിപ്പോര്‍ട്ട് ചെയ്തിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook