ന്യൂഡല്‍ഹി: സെന്‍ട്രല്‍ ബ്യൂറൊ ഓഫ് ഇന്‍വെസ്റ്റിഗേഷന്‍ (സിബിഐ), എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) തുടങ്ങിയ അന്വേഷണ ഏജന്‍സികളെ കേന്ദ്ര സര്‍ക്കാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന് ചൂണ്ടിക്കാണിച്ച് 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പരിഗണിക്കാനാകില്ലെന്ന് സുപ്രീം കോടതി.
വസ്തുതാപരമായ കാര്യങ്ങളില്ലാതെ പൊതു നിർദേശങ്ങൾ പുറപ്പെടുവിക്കാനാകില്ലെന്ന് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് ജെ ബി പർദിവാലയും അടങ്ങുന്ന ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. കോടതി നിലപാട് വ്യക്തമാക്കിയതോടെ 14 പ്രതിപക്ഷ പാര്‍ട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജി പിന്‍വലിച്ചു.
ആര്‍ക്കെങ്കിലും വ്യക്തിപരമായ പരാതി ഉണ്ടെങ്കില്‍ പരിഹരിക്കാനും കേസ് പരിഗണിക്കാനും തയ്യാറാണ്. എന്നാല്‍ രാഷ്ട്രീയ നേതാക്കള്‍ വേണ്ടി പൊതുവായ മാനദണ്ഡം ഉണ്ടാക്കാണം എന്ന് പറയുന്നത് അംഗീകരിക്കാന്‍ കഴിയില്ലെന്ന് കോടതി പറഞ്ഞു.
രാഷ്ട്രീയ നേതാക്കള്‍ക്ക് പ്രത്യേക പരിരക്ഷയൊന്നും രാജ്യത്ത് ഇല്ലെന്നും കോടതി വ്യക്തമാക്കി. സാധാരണ പൗരനുള്ള അധികാരങ്ങള്‍ മാത്രമെ രാഷ്ട്രീയ നേതാക്കള്‍ക്കും അവകാശപ്പെടാനാകുവെന്നും ചീഫ് ജസ്റ്റിസ് ചൂണ്ടിക്കാണിച്ചു.