ന്യൂഡൽഹി: കേന്ദ്രീയ വിദ്യാലയങ്ങളിൽ നടത്തുന്ന ഈശ്വര പ്രാർത്ഥനകൾ ഹിന്ദു മതവുമായി ബന്ധപ്പെട്ടതാണെന്നും അത് നിർത്തലാക്കണമെന്നും ആവശ്യപ്പെടുന്ന ഹർജി സുപ്രീം കോടതിയുടെ വിശാല ബെഞ്ചിന് വിടാൻ നിർദ്ദേശം. ഹിന്ദിയിലും സംസ്കൃതത്തിലുമുള്ള പ്രാർത്ഥനകൾ ഹിന്ദുമതവുമായി ബന്ധപ്പെട്ടതാണ്. സർക്കാർ നടത്തുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾ ഏതെങ്കിലും ഒരു മതത്തിന് പ്രചാരം കൊടുക്കുന്നത് ശരിയല്ലെന്ന് ചൂണ്ടിക്കാട്ടി മധ്യപ്രദേശിലെ അഡ്വ.വിനായക് ഷായാണ് ഹർജി നൽകിയത്.

കേസ് പരിഗണിച്ച ജസ്റ്റിസുമാരായ ആർ.എഫ്.നരിമാൻ, വിനീത് സരൺ എന്നിവരുടെ ബെഞ്ച് കേസ് വിശാല ബെഞ്ചിന് വിടാൻ ചീഫ് ജസ്റ്റിസിനോട് നിർദ്ദേശിക്കുകയായിരുന്നു. മൗലിക പ്രാധാന്യത്തെ ചോദ്യം ചെയ്യുന്നതാണ് ഹർജിയെന്ന് രണ്ടംഗ ബെഞ്ച് വ്യക്തമാക്കി. ഭരണഘടനയുടെ ആർട്ടിക്കിൾ 28 (1) സർക്കാർ സ്കൂളുകളിലെ മത പ്രചാരണത്തെ എതിർക്കുന്നതാണെന്നും ഹർജിയിൽ വ്യക്തമാക്കുന്നുണ്ട്.

അതേസമയം, കേന്ദ്രത്തിന് വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത ഹർജി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടു. അസതോമ സത്ഗമയ എന്ന് തുടങ്ങുന്ന പ്രാർത്ഥന ഇരുട്ടിൽ നിന്ന് വെളിച്ചത്തിലേക്ക് എന്ന് അർത്ഥം വരുന്നതാണ്. അത് പ്രപഞ്ച സത്യമാണെന്നും അതിന് മതവുമായി ബന്ധമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഹർജി അഞ്ചംഗ ഭരണഘടന ബെഞ്ച് പരിഗണിക്കുന്നതാകും ഉചിതമെന്ന് നിർദ്ദേശിച്ച കോടതി എന്നാൽ ഇതിൽ അന്തിമ തീരുമാനമെടുക്കേണ്ടത് ചീഫ് ജസ്റ്റിസാണെന്നും വ്യക്തമാക്കുകയായിരുന്നു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook