ന്യൂഡല്‍ഹി: പുതിയ തിരഞ്ഞെടുപ്പ് കമ്മിഷണറായി അരുണ്‍ ഗോയലിനെ നിയമിക്കാനുള്ള അതിവേഗനീക്കത്തിനെ ചോദ്യം ചെയത് സുപ്രീം കോടതി. കേന്ദ്ര സര്‍ക്കാര്‍ അരുണ്‍ ഗോയലിന്റെ നിയമന ഫയല്‍ ഭരണഘടനാ ബഞ്ചിന് മുന്‍പാകെ സമര്‍പ്പിച്ചതിന് പിന്നാലെയാണ് കോടതിയുടെ വിമര്‍ശനം.
തിരഞ്ഞെടുപ്പ് കമ്മീഷണർമാരുടെ നിയമനത്തിൽ പരിഷ്കാരങ്ങൾ ആവശ്യപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുന്ന ജസ്റ്റിസ് കെ എം ജോസഫിന്റെ നേതൃത്വത്തിലുള്ള ബഞ്ച്, ഫയല്‍ 24 മണിക്കൂറിനുള്ളില്‍ തീര്‍പ്പാക്കിയതായി നിരീക്ഷിച്ചു. ഇത്രയ്ക്ക് അടിയന്തര സാഹചര്യമുണ്ടായിരുന്നോയെന്നും കോടതി ചോദിച്ചു. ജസ്റ്റിസുമാരായ അജയ് രസ്തോഗി, അനിരുദ്ധ ബോസ്, ഹൃഷികേശ് റോയ്, സി ടി രവികുമാർ എന്നിവരാണ് ബഞ്ചിലടങ്ങിയ മറ്റുള്ളവര്‍.
മുൻ ഐഎഎസ് ഉദ്യോഗസ്ഥനെ തിരഞ്ഞെടുപ്പ് കമ്മീഷണറായി നിയമിച്ച “പ്രക്രിയ”യെക്കുറിച്ച് സുപ്രീം കോടതി കഴിഞ്ഞയാഴ്ച ആരാഞ്ഞിരുന്നു. തങ്ങള്‍ ചെയ്യുന്നത് ശരിയാണെങ്കില്‍ ഫയല്‍ ഹാജരാക്കാന്‍ കേന്ദ്രം ഭയപ്പെടേണ്ടതില്ലെന്നും കോടതി പറഞ്ഞു.
“ഇത് എന്ത് തരം വിലയിരുത്തലാണ്? ഞങ്ങൾ ചോദ്യം ചെയ്യുന്നത് അരുൺ ഗോയലിന്റെ യോഗ്യതകളെയല്ല, മറിച്ച് പ്രക്രിയയെയാണ്,” ബഞ്ച് ചൂണ്ടിക്കാണിച്ചു.
ഗോയലിന്റെ നിയമനവുമായി ബന്ധപ്പെട്ട ഫയൽ “മിന്നൽ വേഗത്തിൽ” ക്ലിയർ ചെയ്തതായി സുപ്രീം കോടതി നിരീക്ഷിച്ചപ്പോൾ അറ്റോർണി ജനറൽ ആർ വെങ്കിട്ടരമണി കോടതിയോട് വിഷയം പൂർണ്ണമായി പരിശോധിക്കാൻ അഭ്യർത്ഥിച്ചു.
പ്രധാനമന്ത്രിക്ക് ശുപാർശ ചെയ്യുന്നതിനായി നിയമമന്ത്രി എങ്ങനെയാണ് നാല് പേരുകൾ ഷോർട്ട്ലിസ്റ്റ് ചെയ്തത് എന്ന ചോദ്യത്തിന്, ഡിഒപിടി ഡാറ്റാബേസിന്റെ അടിസ്ഥാനത്തിലാണ് ഇത് ചെയ്തതെന്ന് അറ്റോർണി ജനറൽ മറുപടി നൽകി.