ന്യൂഡൽഹി: സുപ്രീംകോടതിയിലെ പ്രശ്നങ്ങൾ തീർന്നിട്ടില്ലെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. രണ്ടു ദിവസത്തിനകം പ്രശ്നങ്ങൾ തീരുമെന്നാണ് തന്റെ പ്രതീക്ഷയെന്നും എജി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. അതേസമയം, ജഡ്ജിമാർ തമ്മിൽ ഇന്നലെ വാക്കേറ്റമുണ്ടായതായി റിപ്പോർട്ടുകളുണ്ട്. എല്ലാ ദിവസവും രാവിലെ കോടതി മുറികളിലേക്ക് പോകുന്നതിനു മുൻപ് ചീഫ് ജസ്റ്റിസും മറ്റു ജഡ്ജിമാരും അനൗപചാരികമായി ഒത്തു കൂടുന്ന പതിവുണ്ട്. ഇതിലാണ് ചീഫ് ജസ്റ്റിസും വിമർശിച്ച ജഡ്ജിമാരും തമ്മിൽ വാക്കുതർക്കമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, സുപ്രീംകോടതിയിലെ 4 മുതിർന്ന ജഡ്ജിമാർ തനിക്കെതിര ഉന്നയിച്ച വിമർശനം ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അവഗണിക്കുന്നതായാണ് സൂചന. സിബിഐ കോടതിയിൽ ജഡ്ജിയായിരുന്ന ബി.എച്ച്. ലോയയുടെ ദുരൂഹ മരണത്തെക്കുറിച്ചുള്ള ഹർജി, നേരത്തേ നിശ്ചയിച്ച ജസ്റ്റിസ് അരുൺ മിശ്രയുടെ ബെഞ്ച് തന്നെ പരിഗണിക്കും. തനിക്കെതിരെ പരസ്യ വിമർശനം നടത്തിയ ജഡ്ജിമാരെ ആധാർ, ശബരിമല കേസുകൾക്കുള്ള ഭരണഘടനാ ബെഞ്ചിലും ചീഫ് ജസ്റ്റിസ് ഉൾപ്പെടുത്തിയില്ല. വിമർശിച്ചവരുമായി ചർച്ച നടത്താനോ എല്ലാ ജഡ്ജിമാരുടെയും യോഗം (ഫുൾ കോർട്ട്) വിളിക്കാനോ ചീഫ് ജസ്റ്റിസ് തയ്യാറായിട്ടില്ല.

പ്രധാനപ്പെട്ട കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനെ ഏൽപിക്കുന്ന ചീഫ് ജസ്റ്റിസിന്റെ രീതിക്കെതിരെയാണ് 4 ജഡ്ജിമാർ പരസ്യവിമർശനമുന്നയിച്ചത്. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തി. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണം ഉൾപ്പെടെ പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങളാണ് ജഡ്ജിമാരുടെ വിമർശനങ്ങൾക്കിടയാക്കിയത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook