ന്യൂഡൽഹി: കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ (പിഎംഎൽഎ) വകുപ്പുകളുടെ ഭരണഘടനാപരമായ സാധുത ശരിവച്ച് സുപ്രീംകോടതി. അറസ്റ്റ്, സ്വത്ത് കണ്ടെടുക്കാൻ, പരിശോധന, തുടങ്ങിയ നടപടികൾക്ക് ഇ ഡി അധികാരം നൽകുന്ന വകുപ്പുകൾ ഭരണഘടനാപരമാണെന്ന് കോടതി വിധിച്ചു.
ജസ്റ്റിസുമാരായ എ എം ഖാൻവിൽക്കർ, ദിനേശ് മഹേശ്വരി, സി ടി രവികുമാർ എന്നിവരടങ്ങിയ ബെഞ്ചാണ് കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വകുപ്പുകൾ ചോദ്യം ചെയ്‌തുള്ള 241 ഹർജികൾ പരിഗണിച്ചത്. ജാമ്യത്തിന് ഏര്‍പ്പെടുത്തിയ കര്‍ശനവ്യവസ്ഥയും, കുറ്റക്കാരനല്ലെന്ന് തെളിയിക്കാനുള്ള ബാധ്യത കുറ്റാരോപിതനാണെന്ന വകുപ്പും കോടതി ശരിവച്ചു.
ആക്ടിലെ സെക്ഷൻ 45-ൽ പറഞ്ഞിരിക്കുന്ന ജാമ്യത്തിനുള്ള ഇരട്ട വ്യവസ്ഥകളും സാധുതയുള്ളതാണ് കോടതി കോടതി ശരിവച്ചു. ഒരു പ്രതിയുടെ ജാമ്യാപേക്ഷയെ പബ്ലിക് പ്രോസിക്യൂട്ടർ എതിർക്കുമ്പോൾ, പ്രതി ഇത്തരം കുറ്റകൃത്യത്തിൽ കുറ്റക്കാരനല്ലെന്നും ജാമ്യത്തിൽ പുറത്തിറങ്ങിയാൽ കുറ്റം ചെയ്യാൻ സാധ്യതയില്ലെന്നും വിശ്വസിക്കാൻ ന്യായമായ കാരണങ്ങളുണ്ടെന്ന് ബോധ്യപ്പെട്ടാൽ മാത്രമേ കോടതിക്ക് ഇളവ് നൽകാൻ കഴിയൂ എന്നാണ് വ്യവസ്ഥ.
ഭരണഘടനയുടെ അനുഛേദം 20 (3) ചൂണ്ടിക്കാട്ടി പിഎംഎൽഎ നിയമത്തിലെ സെക്ഷൻ 50 പ്രകാരം ഇഡി ഉദ്യോഗസ്ഥർ രേഖപ്പെടുത്തിയ മൊഴികളുടെ നിയമസാധുതയെയും ഹർജികൾ ചോദ്യം ചെയ്തിരുന്നു. എന്നാൽ ഇഡി ഉദ്യോഗസ്ഥർ പോലീസ് ഉദ്യോഗസ്ഥരല്ലെന്നും അതിനാൽ അനുഛേദം 20(3) പ്രകാരമുള്ള നിയമം ബാധകമല്ലെന്ന് വ്യക്തമാക്കി ബെഞ്ച് അത് നിരസിച്ചു.
പിഎംഎൽഎയുടെ സെക്ഷൻ 3 പ്രകാരം കള്ളപ്പണം വെളുപ്പിക്കൽ കുറ്റം എന്താണ് എന്നതിനെതിരായ വാദങ്ങളും സുപ്രീം കോടതി നിരസിച്ചു.
പ്രതികൾക്ക് എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇസിഐആർ) നൽകേണ്ടതില്ലെന്നും അത് നിർബന്ധമല്ലെന്നും കോടതി പറഞ്ഞു. അറസ്റ്റിന്റെ സമയത്ത് കാരണം വ്യക്തമാക്കിയാൽ മതിയെന്നും ഇസിഐആറിനെ എഫ്‌ഐആറുമായി താരതമ്യം ചെയ്യാൻ കഴിയില്ലെന്നും സുപ്രീം കോടതി വ്യക്തമാക്കി.