ന്യൂഡല്‍ഹി: ന്യൂഡല്‍ഹി: ബിബിസി ഡോക്യുമെന്ററി ലിങ്കുകള്‍ സാമൂഹ്യമാധ്യമങ്ങളില്‍നിന്നു നീക്കം ചെയ്യുന്നതിനു കേന്ദ്രസർക്കാർ നിര്‍ദേശം നൽകിയതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജി സുപ്രീം കോടതി ഫെബ്രുവരി ആറിനു പരിഗണിക്കും.
ഡോക്യുമെന്ററി നിരോധിച്ചത് ഏകപക്ഷീയവും ഭരണഘടനാ വിരുദ്ധവുമാണെന്ന് അഭിഭാഷകനായ എം എല്‍ ശര്‍മ സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നു. സംഘര്‍ഷം നിയന്ത്രിക്കുന്നതില്‍ പരാജയപ്പെട്ടതിന് ഉത്തരവാദികളായവര്‍ക്കെതിരെ അന്വേഷണം വേണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നതായി ബാര്‍ ആന്‍ഡ് ബഞ്ച് റിപോര്‍ട്ട് ചെയ്തു.
2002-ലെ ഗുജറാത്ത് കലാപത്തിന്റെ യഥാര്‍ത്ഥ വസ്തുതകള്‍ ഉള്‍ക്കൊള്ളുന്ന ബിബിസി ഡോക്യുമെന്ററി കാണുന്നതിന് ഇന്ത്യന്‍ പൗരന്‍മാരെ തടഞ്ഞത് ഭരണഘടനാ വ്യവസ്ഥ ചെയ്യുന്ന അധികാരങ്ങള്‍ ഹനിക്കുന്നത് ഭരണഘടനാ സംവിധാനങ്ങള്‍ക്ക് സംഭവിക്കുന്ന ഗുരുതരമായ പരുക്കാണ്, അത് റദ്ദാക്കിയില്ലെങ്കില്‍ പിന്നീട് തിരിച്ചുകൊണ്ടുവരാന്‍ കഴിയില്ല. 2021-ലെ ഐടി ചട്ടം 16 ആം വകുപ്പ് ഉപയോഗപ്പെടുത്തിയാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്.
ബിബിസി ഡോക്യുമെന്ററിയുമായി ബന്ധപ്പെട്ട തങ്ങളുടെ ട്വീറ്റുകള്‍ നീക്കിയതിനെതിരെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകന്‍ എന്‍ റാമും അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണും സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹര്‍ജിയും അടുത്ത തിങ്കളാഴ്ച പരിഗണിക്കുമെന്ന് സുപ്രീം കോടതി അറിയിച്ചു.
മോദിയെക്കുറിച്ച് പറയുന്ന ബിബിസി ഡോക്യുമെന്ററിയുടെ ലിങ്കുകള്‍ നീക്കം ചെയ്യാന്‍ ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് മന്ത്രാലയം യൂട്യൂബിനോടും ട്വിറ്ററിനും നിര്‍ദേശം നല്‍കിയിരുന്നു. 2021 ലെ ഇന്‍ഫര്‍മേഷന്‍ ടെക്നോളജി നിയമത്തിലെ അടിയന്തര വ്യവസ്ഥകള്‍ പ്രകാരമാണ് ഉത്തരവ് പുറപ്പെടുവിച്ചത്.