ന്യൂഡല്‍ഹി: പെഗാസസ് ചാര സോഫ്റ്റ്‌വെയര്‍ നിരീക്ഷണ ആരോപണവുമായി ബന്ധപ്പെട്ട അന്വേഷണത്തില്‍ അഞ്ച് ഫോണുകളില്‍ ചില മാല്‍വെയറുകള്‍ കണ്ടെത്തിയതായി സുപ്രീം കോടതി. എന്നാല്‍ ഇതു പെഗാസസ് മാല്‍വെയര്‍ ആണെന്ന് അര്‍ത്ഥമാക്കുന്നില്ലെന്നു ചീഫ് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് പറഞ്ഞു.
ഇസ്രായേല്‍ കമ്പനിയായ എന്‍ എസ് എ ഗ്രൂപ്പിന്റെ ചാര സോഫ്റ്റ്‌വെയറായ പെഗാസസ് ഉപയോഗിച്ച് ഇന്ത്യയിലെ രാഷ്ട്രീയ നേതാക്കള്‍ ഉള്‍പ്പെടെയുള്ള പ്രമുഖരുടെ ഫോണുകള്‍ ചോര്‍ത്തിയെന്നായിരുന്നു ആരോപണം. ഇതേത്തുടര്‍ന്ന് സുപ്രീം കോടതി നിയോഗിച്ച സാങ്കേതിക സമിതി പരിശോധിച്ച 29 ഫോണുകളില്‍ അഞ്ചെണ്ണത്തിലാണു ചില മാല്‍വെയറുകള്‍ കണ്ടെത്തിയത്.
”അഞ്ച് ഫോണുകളില്‍ അവര്‍ ചില മാല്‍വെയറുകള്‍ കണ്ടെത്തി. പക്ഷേ ഇതു പെഗാസസിന്റെ മാല്‍വെയര്‍ ആണെന്ന് അര്‍ത്ഥമാക്കുന്നില്ല,” സാങ്കേതിക സമിതി സമര്‍പ്പിച്ച റിപ്പോര്‍ട്ട് പരിശോധിച്ച ശേഷം മൂന്നംഗ ബെഞ്ചിന്റെ അധ്യക്ഷനായ ചീഫ് ജസ്റ്റിസ് എന്‍ വി രമണ പറഞ്ഞു. ജസ്റ്റിസുമാരായ സൂര്യകാന്ത്, ഹിമ കോഹ്ലി എന്നിവരാണു ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.
സമിതിയുമായി സര്‍ക്കാര്‍ സഹകരിച്ചില്ലെന്നും സുപ്രീം കോടതി മുമ്പാകെ സ്വീകരിച്ച അതേ നിലപാടാണു സമിതിയുടെ പ്രവര്‍ത്തനത്തിലും സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. സാങ്കേതിക സമിതിയുടെയും മേല്‍നോട്ട ജഡ്ജി റിട്ട. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെയും റിപ്പോര്‍ട്ട് പരിശോധിച്ച സുപ്രീം കോടതി ഇതു വെബ്പേജില്‍ അപ്ലോഡ് ചെയ്യുമെന്നു വ്യക്തമാക്കി.
ചിലര്‍ സെന്‍സിറ്റീവ് ഡോറ്റയുണ്ടാകാമെന്നതിനാല്‍ റിപ്പോര്‍ട്ട് പരസ്യപ്പെടുത്തരുതെന്ന് തങ്ങളുടെ ഫോണ്‍ സാങ്കേതിക സമിതിക്ക് നല്‍കിയവരില്‍ ചിലര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം, സാങ്കേതിക സമിതി റിപ്പോര്‍ട്ടിലെ ഏതെല്ലാം ഭാഗങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് തീരുമാനിക്കുമെന്ന് ബെഞ്ച് പറഞ്ഞു.
പെഗാസസിന്റെ നിയമവിരുദ്ധ ഉപയോഗത്തിനെതിരെ സ്വതന്ത്ര അന്വേഷണം ആവശ്യപ്പെട്ട് 12 ഹര്‍ജികളാണു സുപ്രീം കോടതിക്കു മുന്‍പിലെത്തിയത്. വാദം കേള്‍ക്കലിനിടെ ചോര്‍ത്തല്‍ ആരോപണങ്ങള്‍ നിഷേധിച്ച് കേന്ദ്രം ഹ്രസ്വ സത്യവാങ്മൂലം സമര്‍പ്പിച്ചിരുന്നു. വിഷയത്തില്‍ ദേശീയ സുരക്ഷയെ സംബന്ധിച്ച ചോദ്യങ്ങള്‍ ഉള്‍പ്പെടുന്നതിനാല്‍ വിശദാംശങ്ങള്‍ പൊതു സത്യവാങ്മൂലത്തില്‍ ഉള്‍പ്പെടുത്താനും പൊതു ചര്‍ച്ചാവിഷയമാക്കാനും ആഗ്രഹിക്കുന്നില്ലെന്നുമായിരുന്നു കേന്ദ്ര നിലപാട്. പ്രശ്നം പരിശോധിക്കുന്ന വിദഗ്ധ സമിതിയോട് വിശദാംശങ്ങള്‍ വെളിപ്പെടുത്തുമെന്നു പറഞ്ഞ കേന്ദ്രം സമിതി രൂപീകരിക്കാന്‍ അനുവദിക്കണമെന്ന് കോടതിയോട് ആവശ്യപ്പെടുകയും ചെയ്തു.
ദേശീയ സുരക്ഷയുമായി ബന്ധപ്പെട്ട കാര്യങ്ങളില്‍ ജുഡീഷ്യല്‍ അവലോകനത്തിന്റെ പരിധി പരിമിതമാണെന്നു പറഞ്ഞ കോടതി, എന്നാല്‍ എപ്പോഴും സര്‍ക്കാരിനു സൗജന്യ പാസ് ലഭിക്കുമെന്നല്ല ഇതിനര്‍ത്ഥമെന്നും വ്യക്തമാക്കിയിരുന്നു. ഭരണകൂടത്തിന്റെ ദേശീയ സുരക്ഷയെക്കുറിച്ചുള്ള കേവലമായ ആഹ്വാനത്താല്‍ കോടതിയെ നിശബ്ദ കാഴ്ചക്കാരനാക്കില്ലെന്നും കോടതി പറഞ്ഞു.
റിട്ട. ജസ്റ്റിസ് ആര്‍ വി രവീന്ദ്രന്റെ മേല്‍നോട്ടത്തിലുള്ള മൂന്നംഗ സമിതിയെയും കഴിഞ്ഞവര്‍ഷം ഒക്‌ടോബര്‍ 27നാണു സുപ്രീം കോടതി നിയോഗിച്ചിരുന്നു. മുന്‍ ഐ പി എസ് ഉദ്യോഗസ്ഥന്‍ അലോക് ജോഷിയും സൈബര്‍ സുരക്ഷാ വിദഗ്ധന്‍ ഡോ സന്ദീപ് ഒബ്റോയിയുമായിരുന്നു സമിതിയിലെ മറ്റ് അംഗങ്ങള്‍.
ഈ സമിതിയെ സഹായിക്കാന്‍ ഗാന്ധിനഗര്‍ നാഷണല്‍ ഫോറന്‍സിക് സയന്‍സ് യൂണിവേഴ്സിറ്റി ഡീന്‍ ഡോ.നവീന്‍ കുമാര്‍ ചൗധരി, കേരളത്തിലെ അമൃത വിശ്വവിദ്യാപീഠം പ്രൊഫസര്‍ ഡോ.പ്രഭാഹരന്‍ പി, ബോംബെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി ഇന്‍സ്റ്റിറ്റ്യൂട്ട് ചെയര്‍ അസോസിയേറ്റ് പ്രൊഫസര്‍ ഡോ. അശ്വിന്‍ അനില്‍ ഗുമാസ്റ്റെ എന്നിവര്‍ ഉള്‍പ്പെടുന്ന സാങ്കേതിക സമിതിയെയും സുപ്രീം കോടതി നിയോഗിച്ചിരുന്നു.