/indian-express-malayalam/media/media_files/uploads/2017/05/cs-karnan.jpg)
ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്.കർണന് കോടതിയലക്ഷ്യത്തിന് ആറുമാസം തടവ്. സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെ അറസ്റ്റ് ചെയ്യണമെന്ന് കർണൻ ഇന്നലെ ഉത്തരവിട്ടിരുന്നു. ഇതിനു പിന്നാലെയാണ് നടപടി. കർണനെ ഉടൻ ജയിലിലടയ്ക്കണമെന്ന് കോടതി ഉത്തരവിട്ടു. ഒരു ജഡ്ജിയെ കോടതിയലക്ഷ്യത്തിന് ശിക്ഷിക്കുന്നത് ഇതാദ്യമാണ്. ''ജസ്റ്റിസ് കർണന്റ പ്രസ്താവനകൾ മാധ്യമങ്ങൾ നൽകരുത്. തൊലിയുടെ നിറത്തിന് അനുസരിച്ചല്ല കോടതിയലക്ഷ്യം തീരുമാനിക്കുന്നത്. കോടതിയലക്ഷ്യം കോടതിയലക്ഷ്യം തന്നെയാണ്. ജസ്റ്റിസ് കർണന് മാനസികാസ്വാസ്ഥ്യം ഇല്ലെന്നും'' സുപ്രീംകോടതി വ്യക്തമാക്കി.
ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ ഉൾപ്പെടെ സുപ്രീംകോടതിയിലെ എട്ടു ജഡ്ജിമാർക്ക് അഞ്ചു വർഷത്തെ കഠിന തടവു കർണൻ ഇന്നലെ വിധിച്ചിരുന്നു. പട്ടിക വിഭാഗക്കാർക്കെതിരെയുള്ള അതിക്രമം തടയാനുള്ള നിയമപ്രകാരം ശിക്ഷാർഹമായ കുറ്റങ്ങളാണ് ചീഫ് ജസ്റ്റിസ് കേഹാറിനും ജസ്റ്റിസുമാരായ ദീപക് മിശ്ര, ജെ.ചെലമേശ്വർ, രഞ്ജൻ ഗോഗോയ്, മദൻ ബി. ലോകുർ, പിനാകി ചന്ദ്രഘോഷ്, കുര്യൻ ജോസഫ് എന്നിവർക്കെതിരെ കർണൻ ചുമത്തിയത്.
അഞ്ചു വർഷത്തെ കഠിന തടവു കൂടാതെ ഒരു ലക്ഷം രൂപ പിഴയും വിധിച്ചിരുന്നു. പിഴ അടച്ചില്ലെങ്കിൽ ആറു മാസം അധിക തടവും വിധിച്ചു. ന്യൂ ടൗണിലെ റോസ്‍ഡേൽ ടവേഴ്സിലുള്ള കർണന്റെ വസതിയിൽ ഒരുക്കിയ താൽക്കാലിക കോടതിയിൽനിന്നാണു ജസ്റ്റിസ് കർണൻ ഉത്തരവ് പുറപ്പെടുവിച്ചത്.
ജസ്റ്റിസ് കർണന്റെ മാനസികനില പരിശോധിക്കണമെന്ന് സുപ്രീംകോടതി നേരത്തെ നിർദേശിച്ചിരുന്നു. എന്നാൽ മാനസിക നില പരിശോധിക്കാനായി സുപ്രീം കോടതി നിയോഗിച്ച സംഘത്തെ പരിശോധന നടത്താൻ അനുവദിക്കാതെ കർണൻ തിരിച്ചയച്ചിരുന്നു.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.