ന്യൂഡൽഹി: സുപ്രധാനമായ തസ്തികകളിൽ ചട്ടവിരുദ്ധമായി നിയമനങ്ങൾ നടത്താനാണ് നീക്കമെങ്കിൽ ദൈവത്തിന്റെ സ്വന്തം നാടിനെ ആർക്കും രക്ഷിക്കാൻ കഴിയില്ലെന്ന് സുപ്രീംകോടതി. ഡിജിപി: ടി.പി.സെൻകുമാറിന്റെ ഹർജിയിലാണ് സുപ്രീം കോടതിയുടെ ഈ പരാമർശം. സെൻകുമാറിനോട് സംസ്ഥാന സർക്കാർ കാണിച്ചത് കടുത്ത അനീതിയാണ്. ‘അൺഫെയർ ട്രീറ്റ്മെന്റ്’ എന്ന വാക്കാണ് കോടതി ഇതിനായി ഉപയോഗിച്ചത്. സെന്‍കുമാറിനെ പോലീസ് മേധാവി സ്ഥാനത്ത് നിന്ന് മാറ്റിയത് രാഷ്ട്രീയ പ്രേരിതമാണെന്ന വാദം അംഗീകരിക്കുന്നുവെന്നും കോടതി വ്യക്തമാക്കി.

സെൻകുമാറിനെ മാറ്റിയ സർക്കാർ നടപടി അന്യായവും ഏകപക്ഷീയവുമാണ്. ജിഷ, പുറ്റിങ്ങൽ കേസുകളിൽ സെൻകുമാറിനെ മാത്രം കുറ്റപ്പെടുത്താനാകില്ല. പുറ്റിങ്ങൽ ദുരന്തത്തിൽ മുഖ്യമന്ത്രിക്കും ചീഫ് സെക്രട്ടറിക്കും തുല്യ ഉത്തരവാദിത്തമുണ്ട്. സെൻകുമാറിനെ സർക്കാർ കുടുക്കാൻ ശ്രമിച്ചുവെന്നും കോടതി അറിയിച്ചു. സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തു നിന്ന് നീക്കിയതിനെ ചോദ്യം ചെയ്ത് ഡിജിപി: ടി.പി.സെന്‍കുമാര്‍ സമര്‍പ്പിച്ച ഹര്‍ജിയിലാണ് മദന്‍ ബി. ലോക്കൂര്‍, ദീപക് ഗുപ്ത എന്നിവരടങ്ങിയ ബെഞ്ച് വിധി പറഞ്ഞത്.

സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയ സംസ്ഥാന സർക്കാരിന്റെ ഉത്തരവ് സുപ്രീംകോടതി റദ്ദാക്കുകയും ചെയ്തു. എത്രയും പെട്ടെന്ന് സെൻകുമാറിനെ ഡിജിപി സ്ഥാനത്തു നിയമിക്കണമെന്നും കോടതി നിർദേശം നൽകി. പിണറായി സർക്കാർ അധികാരത്തിലേറിയതിനു പിന്നാലെയാണ് സെൻകുമാറിനെ ഡിജിപി സ്ഥാനത്തുനിന്നും നീക്കിയത്. പകരം ലോക്‌നാഥ് ബെഹ്റയെ ഡിജിപിയായി നിയമിച്ചു. ഇതിനെതിരെയാണ് സെൻകുമാർ സുപ്രീംകോടതിയെ സമീപിച്ചത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ