ബെംഗളൂരു: വിശ്വാസ വോട്ടെടുപ്പ് നടക്കുന്നതിന്റെ ഭാഗമായി കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യവും എതിരാളികളായ ബിജെപിയും തങ്ങളുടെ എംഎല്‍എമാരെ റിസോര്‍ട്ടുകളിലേക്ക് മാറ്റി. എംഎല്‍എമാരെ ചാക്കിലാക്കുന്നത് തടയാനാണ് ഈ നീക്കം.
കോണ്‍ഗ്രസും തങ്ങളുടെ എം.എല്‍.എമാരെ ഇന്നലെ തന്നെ റിസോര്‍ട്ടിലേയ്ക്ക് മാറ്റിയിട്ടുണ്ട്. ജെ.ഡി.എസ് എം.എല്‍.എമാര്‍ കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി ബംഗളൂരു നഗരത്തിന് പുറത്തുള്ള റിസോര്‍ട്ടുകളിലാണ് താമസിയ്ക്കുന്നത്. കോണ്‍ഗ്രസ്, ജെ.ഡി.എസ് എം.എല്‍.എമാരെ രാജിവെപ്പിച്ച് അധികാരം പിടിച്ചെടുക്കാന്‍ ശ്രമിച്ചാല്‍ ബി.ജെ.പി എം.എല്‍.എമാരെ രാജി വെപ്പിയ്ക്കുമെന്ന് മന്ത്രി ഡി.കെ. ശിവകുമാര്‍ നേരത്തെ പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബി.ജെ.പി എം.എല്‍.എമാരെ സുരക്ഷിത സ്ഥാനങ്ങളിലേയ്ക്ക് മാറ്റിയത്.
വിശ്വാസ വോട്ടെടുപ്പില്‍ കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യ സര്‍ക്കാര്‍ വിജയിക്കുമെന്ന് കോണ്‍ഗ്രസ് നേതാവ് സിദ്ദരാമയ്യ വ്യക്തമാക്കി. പാര്‍ട്ടിയിലെ ‘കരിങ്കാലികള്‍’ കാരണം ബിജെപിക്ക് വിശ്വാസ വോട്ടെടുപ്പിനെ പേടിയാണെന്നും അദ്ദേഹം പറഞ്ഞു.
‘ഞങ്ങള്‍ ആത്മവിശ്വാസത്തിലാണ്. അത്കൊണ്ടാണ് ഞങ്ങള്‍ വിശ്വാസ വോട്ടെടുപ്പിലേക്ക് നീങ്ങിയത്. പാര്‍ട്ടിയില്‍ ‘കരിങ്കാലികള്‍’ ഉളളത് കൊണ്ട് തന്നെ വിശ്വാസവോട്ടെടുപ്പിനെ ബിജെപിക്ക് ഭയമാണ്,’ സിദ്ദരാമയ്യ പറഞ്ഞു.
വിമത എംഎല്‍എമാരുടെ രാജിക്കത്തില്‍ ഉടന്‍ തീരുമാനമെടുക്കില്ല. കേസ് സുപ്രീം കോടതിയുടെ പരിഗണനയിലായതിനാല്‍ ജൂലൈ 16 ചൊവ്വാഴ്ച വരെ രാജിക്കത്തില്‍ തീരുമാനം എടുക്കരുത് എന്ന് സുപ്രീം കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കി. വിമതരെ അയോഗ്യരാക്കുന്നതുമായി ബന്ധപ്പെട്ടോ രാജി സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ടോ യാതൊരു തീരുമാനവും എടുക്കരുതെന്നാണ് കോടതി സ്പീക്കര്‍ക്ക് നിര്‍ദേശം നല്‍കിയിരിക്കുന്നത്. കര്‍ണാടകയിലെ രാഷ്ട്രീയ പ്രതിസന്ധിയില്‍ ചൊവ്വാഴ്ച വരെ തല്‍സ്ഥിതി തുടരണമെന്നാണ് സുപ്രീം കോടതി ഉത്തരവ്. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബഞ്ചാണ് ഹർജികൾ പരിഗണിച്ചത്.
സ്പീക്കറുടെയും വിമത എംഎൽഎമാരുടെയും ഹർജി പരിഗണിക്കുമ്പോഴായിരുന്നു സുപ്രീം കോടതിയുടെ തീരുമാനം. വിമത എംഎൽഎമാർ നേരിട്ടെത്തി ഹാജരായി രാജിക്കത്ത് നൽകിയിട്ടും തീരുമാനമെടുക്കാത്ത സ്പീക്കർ കെ.ആർ.രമേശ് കുമാറിനെ കോടതി വിമർശിച്ചു. കോടതി ഉത്തരവ് നടപ്പാക്കാതിരിക്കുകയാണോ സ്പീക്കർ ചെയ്യുന്നതെന്ന് കോടതി ചോദിച്ചു.
അതേസമയം, കര്‍ണാടക സഭയില്‍ വിശ്വാസ വോട്ടെടുപ്പ് നടത്താന്‍ മുഖ്യമന്ത്രി എച്ച്.ഡി.കുമാരസ്വാമി സ്പീക്കറോട് സമയം ചോദിച്ചു. അധികാരത്തില്‍ കടിച്ചുതൂങ്ങുന്ന ആളല്ല താനെന്ന് കുമാരസ്വാമി സഭയില്‍ പറഞ്ഞു.
16 എംഎൽഎമാരാണ് കർണാടകയിൽ രാജിവച്ചിരിക്കുന്നത്. സുപ്രീം കോടതി ഉത്തരവിനെ തുടർന്ന് മുംബൈയിലുണ്ടായിരുന്ന വിമത എംഎൽഎമാർ ബെംഗളൂരുവിലെത്തി സ്പീക്കറെ കണ്ടിരുന്നു. പത്ത് വിമതർ പുതിയ രാജിക്കത്ത് നൽകുകയും ചെയ്തു.
നിയമസഭയിലെത്തുന്ന എംഎൽഎമാർക്ക് കോൺഗ്രസും ജെഡിഎസും വിപ്പ് നൽകിയിട്ടുണ്ട്. ബിജെപി എംഎൽഎമാർ സഭയിലെത്തിയാൽ തന്നെ പ്രതിഷേധ സൂചകമായി സഭ ബഹിഷ്കരിക്കാൻ സാധ്യതയുണ്ട്. നിയമസഭയിൽ ഭൂരിപക്ഷമുണ്ടെന്ന് കോൺഗ്രസും ജെഡിഎസും ഇപ്പോഴും അവകാശപ്പെടുന്നു. എല്ലാം സഭയിൽ കാണാമെന്നാണ് കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഡി.കെ.ശിവകുമാർ പറഞ്ഞത്.
11 വിമത എംഎല്‍എമാരാണ് സ്പീക്കറെ കണ്ടത്. ഇതില്‍ എട്ട് കോണ്‍ഗ്രസ് എംഎല്‍എമാരും മൂന്ന് ജെഡിഎസ് എംഎല്‍എമാരുമാണുള്ളത്. ആകെ 16 പേരാണ് കോണ്‍ഗ്രസ്-ജെഡിഎസ് സഖ്യത്തില്‍ നിന്ന് കൂറുമാറി എംഎല്‍എ സ്ഥാനം രാജിവയ്ക്കാന്‍ സ്പീക്കറെ സമീപിച്ചത്. ഇതില്‍ എട്ട് പേരുടെ രാജി നടപടിക്രമങ്ങള്‍ അനുസരിച്ചല്ലെന്നും നേരിട്ട് വന്ന് രാജിയുടെ കാര്യങ്ങള്‍ വ്യക്തമാക്കണമെന്നും സ്പീക്കര്‍ ആവശ്യപ്പെട്ടിരുന്നു. ഇതിനെതിരെ വിമത എംഎല്‍എമാര്‍ സുപ്രീം കോടതിയെ സമീപിക്കുകയായിരുന്നു. സ്പീക്കര്‍ രാജി സ്വീകരിക്കുന്നില്ല എന്ന് എംഎല്‍എമാര്‍ ആരോപിച്ചു. എന്നാല്‍, ബെംഗളൂരുവിലെത്തി സ്പീക്കറെ കണ്ട് രാജിക്കാര്യം വ്യക്തമാക്കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അധ്യക്ഷനായ ബഞ്ച് നിര്‍ദേശിക്കുകയായിരുന്നു.