ന്യൂഡൽഹി: ജമ്മു കശ്മീരില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന നിയന്ത്രണങ്ങള്‍ പിന്‍വലിക്കുന്നതിന് സര്‍ക്കാരിന് കൂടുതല്‍ സമയം നല്‍കണമെന്ന് സുപ്രീം കോടതി. വിഷയത്തിൽ നിയന്ത്രണങ്ങൾ പിൻവലിക്കാൻ സർക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ട് ഉടൻ ഉത്തരവുകൾ ഒന്നും ഇറക്കില്ലെന്നും കോടതി വ്യക്തമാക്കി. വാർത്താ വിനിമയം ഉൾപ്പടെയുള്ള കാര്യങ്ങളിൽ നിയന്ത്രണം പിൻവലിക്കുന്നതിന് സർക്കാരിന് സമയം അനുവദിക്കണമെന്ന് കോടതി അറിയിച്ചു.

Also Read: രാഹുൽ ഗാന്ധി കശ്മീരിലേക്ക്; ഗവർണറുടെ ക്ഷണം സ്വീകരിച്ചു

ഭരണഘടനയിലെ 370 വകുപ്പ് റദ്ദ് ചെയ്യുന്നതിന്റെയും സംസ്ഥാനത്തെ രണ്ടായി വിഭജിക്കുകയും ചെയ്യുന്നതിന്റെയും ഭാഗമായി സർക്കാർ ജമ്മു കശ്മീരില്‍ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെയും മറ്റു കര്‍ശന നടപടികളെയും ചോദ്യം ചെയ്തുകൊണ്ട് തഹ്സീൻ പൂനവലയാണ് കോടതിയെ സമീപിച്ചത്. കര്‍ഫ്യൂ, ഫോണ്‍, ഇന്റര്‍നെറ്റ്, ടെലിവിഷന്‍ എന്നിവ അടക്കമുള്ള ആശയവിനിമയ സംവിധാനങ്ങള്‍ തടസപ്പെടുത്തല്‍ തുടങ്ങിയ സര്‍ക്കാര്‍ നടപടികള്‍ പിന്‍വലിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാൽ ഈ ആവശ്യങ്ങൾ തള്ളിയ കോടതി വിഷയം അതീവ ഗൗരവകരമാണെന്നും ചൂണ്ടിക്കാട്ടി.

ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് കേസ് പരിഗണിച്ചത്. സമാധാനാന്തരീക്ഷം നിലനിർത്താനായിരിക്കാം കർഫ്യൂ പ്രഖ്യാപിക്കപ്പെട്ടതെന്ന് അംഗീകരിച്ച കോടതി ജമ്മു കശ്മീരില്‍ കാര്യങ്ങള്‍ സാധാരണ നിലയിലേയ്ക്ക് വരുമെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു. ഒരു രാത്രികൊണ്ട് ഒന്നും ചെയ്യാനാവില്ല. എന്താണ് സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന് ആര്‍ക്കും അറിയില്ലെന്നും ഇപ്പോള്‍ സര്‍ക്കാരില്‍ വിശ്വാസമര്‍പ്പിക്കുകയാണ് വേണ്ടതെന്നും കോടതി പറഞ്ഞു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ ദിവസം ശ്രീനഗറിൽ വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു. നിയന്ത്രണങ്ങളോടെയാണ് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. ഓഗസ്റ്റ് ഒമ്പതിന് ജമ്മുവിൽ കര്‍ഫ്യു പിന്‍വലിച്ചിരുന്നു. എന്നാല്‍ പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് വീണ്ടും നിരോധനാജ്ഞ പ്രഖ്യാപിച്ചു. ആളുകള്‍ കൂട്ടം കൂടരുതെന്നും വീടുകളിലേക്ക് മടങ്ങണമെന്നും പൊലീസ് അറിയിച്ചു. കടകള്‍ തുറക്കരുതെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook