ന്യൂഡൽഹി: കശാപ്പിനായി കന്നുകാലി വില്‍പന നിയന്ത്രിച്ച കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന് സുപ്രീംകോടതിയുടെ സ്റ്റേയില്ല. കേന്ദ്രസര്‍ക്കാര്‍ വിജ്ഞാപനത്തിന്‍റെ നിയമസാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാൻ കഴിയില്ലെന്ന് അവധിക്കാല ബെഞ്ച് വ്യക്തമാക്കി. ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് ദീപക് ഗുപ്ത എന്നിവരടങ്ങിയ അവധിക്കാല ബെഞ്ചാണ് ഹർജി പരിഗണിച്ചത്.

ഇക്കാര്യത്തിൽ കേന്ദ്ര സര്‍ക്കാരിന്‍റെ കൂടെ അഭിപ്രായം കേട്ടശേഷമേ തീരുമാനമെടുക്കൂവെന്ന് സുപ്രീംകോടതി അറിയിച്ചു. വിഷയത്തിൽ രണ്ടാഴ്ചയ്ക്കകം വിശദീകരണം നല്‍കണമെന്ന് കേന്ദ്രസര്‍ക്കാരിനോട് കോടതി ആവശ്യപ്പെട്ടു. അടുത്തമാസം 11 ന് കേസ് വീണ്ടും പരിഗണിക്കും.

കഴിഞ്ഞ മേയ് 23 ന് കേന്ദ്രസര്‍ക്കാര്‍ ഇറക്കിയ വിജ്ഞാപനത്തില്‍ പിഴവുകളുണ്ടെന്നും ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതിയിൽ ഹര്‍ജി സമർപ്പിച്ചത്. അതേസമയം, കശാപ്പോ, മാംസവ്യാപാരമോ നിരോധിച്ചിട്ടില്ലെന്നും അനധികൃത കന്നുകാലി വില്‍പന ഇല്ലാതാക്കാനാണ് വിജ്ഞാപനത്തിലൂടെ ലക്ഷ്യമിട്ടതെന്നും കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ