ന്യൂഡൽഹി: ഉത്തരാഖണ്ഡ് ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചേയ്ക്കുമെന്ന് സൂചന. സുപ്രീം കോടതിയിലെ സീനിയർ ജഡ്ജിമാരിലൊരാളായ കുര്യൻ ജോസഫാണ് ഇക്കാര്യം സൂചിപ്പിച്ചത്. ഇന്ത്യൻ എക്സ്പ്രസുമായുളള സംഭാഷണത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.

വസ്തുതകളുടെ അടിസ്ഥാനത്തിലും കീഴ്‌വഴക്കങ്ങൾ ചുണ്ടിക്കാണിച്ചും കെ.എം.ജോസഫിന്റെ പേര് വീണ്ടും അയക്കുമെന്ന് കുര്യൻ ജോസഫ് പറഞ്ഞു. ഈ വിഷയത്തിൽ ബുധനാഴ്ച വീണ്ടും സുപ്രീം കോടതി കൊളീജിയം യോഗം ചേരും. കൊളീജിയത്തിലെ മുതിർന്ന ജഡ്ജിമാരിലൊരാളാണ് കുര്യൻ ജോസഫ്.

കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ കഴിഞ്ഞ വ്യാഴാഴ്ചയാണ് കേന്ദ്രസർക്കാർ മടക്കി അയച്ചത്. അതേസമയം സീനിയർ അഭിഭാഷകയായ ഇന്ദു മൽഹോത്രയെ സുപ്രീം കോടതി ജഡ്ജിയായി നിയമിക്കാനുളള​ ശുപാർശ അംഗീകരിക്കുകയും ചെയ്തു. ജനുവരി പത്തിനാണ് ഇരുവരുടെയും പേരുകൾ സുപ്രീം കോടതി ജഡ്ജിമാരായി ശുപാർശ ചെയ്ത് കൊളീജിയം സർക്കാരിന് നൽകിയത്.

പ്രധാനമായും മൂന്ന് കാരണങ്ങൾ​ ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃസ്ഥലമായ കേരള ഹൈക്കോടതിയിൽ നിന്നും ആവശ്യത്തിനുളള​ പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സർക്കാർ പറയുന്നു. ഈ സർക്കാർ ഇതിന് മുമ്പും കെ.എം.ജോസഫിന്റെ കാര്യത്തിൽ തീരുമാനമെടുക്കാതിരുന്നിട്ടുണ്ടെന്ന് കുര്യൻ ജോസഫ് പറഞ്ഞു.

ഇതിന് മുമ്പും ഈ​ സർക്കാർ കെ.എം.ജോസഫിന്റെ ഫയലിൽ തീരുമാനമെടുക്കാതിരുന്നിട്ടുണ്ട്. രണ്ട് വർഷം മുമ്പ്, ആരോഗ്യകാരണങ്ങളാൽ സ്ഥലം മാറ്റം ചോദിച്ചു. അദ്ദേഹത്തെ ആന്ധ്രപ്രദേശ്, തെലുങ്കാന ഹൈക്കോടതികളിലേയ്ക്ക് സ്ഥലം മാറ്റാനായി നൽകിയെങ്കിലും ഇന്നുവരെ കേന്ദ്ര സർക്കാർ അതിൽ തീരുമാനമെടുത്തിട്ടില്ലെന്ന് കുര്യൻ ജോസഫ് വ്യക്തമാക്കുന്നു. ഇങ്ങനെയൊരു സംഭവം സുപ്രീം കോടതിയുടെ ചരിത്രത്തിൽ​ ഇതുവരെ ഉണ്ടായിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

ഉത്തരാഖണ്ഡ് സംസ്ഥാന സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ കേന്ദ്രസർക്കാർ നടപടിയെ ഏപ്രിൽ 2016ൽ അസാധുവാക്കിയ നടപടിക്ക് പിന്നാലെയാണ് കെ.എം.ജോസഫ് സ്ഥലംമാറ്റത്തിനുളള അപേക്ഷ​ നൽകിയത്. എസ്.എസ്.കൗൾ, എം.എം.ശാന്തനഗൗഡർ, എസ്.എ.നസീർ, നവീൻ സിൻഹ, ദീപക് ഗുപ്ത എന്നീ ജഡ്ജിമാരുടെ പേരിനൊപ്പം 2017ൽ കെ.എം.ജോസഫിന്റെ പേരും സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാനുളളവരുടെ പട്ടികയിൽ ഉണ്ടായിരുന്നതായി സുപ്രീം കോടതി വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

കൊളിജീയം ശുപാർശകളുടെ മേൽ തീരുമാനമെടുക്കാതെയുളള കേന്ദ്രസർക്കാരിന്റെ കാലതാമസത്തെ കുറിച്ച് ജസ്റ്റിസ് കുര്യൻ ജോസഫ് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് കത്തെഴുതിയിരുന്നു. സുപ്രീം കോടതിയുടെ നിലനിൽപ്പ് തന്നെ ഭീഷണിയിലാകുന്നതിനെ കുറിച്ച് അദ്ദേഹം ആ കത്തിൽ ചൂണ്ടിക്കാട്ടിയിരുന്നു.

ജെ.ചെലമേശ്വർ, രഞ്ജൻ ഗഗോയ്, മഥൻ ലോകൂർ എന്നിവരോടൊപ്പം ജനുവരി 12 ന് ചീഫ് ജസ്റ്റിസിന്റെ പ്രവർത്തനങ്ങളെ കുറിച്ച് വിമർശനം ഉന്നയിച്ച് പത്രസമ്മേളനം നടത്തിയവരുടെ കൂട്ടത്തിൽ കുര്യൻ ജോസഫുമുണ്ടായിരുന്നു. കേസുകൾ നൽകുന്നതടക്കമുളള കാര്യങ്ങളാണ് ഈ മുതിർന്ന ജഡ്ജിമാർ വിമർശനമായി ഉന്നയിച്ചത്. ഈ നാല് ജഡ്ജിമാരും ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കൊപ്പം കൊളീജിയം അംഗങ്ങളാണ്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ