ന്യൂഡല്‍ഹി: രാജ്യവ്യാപകമായി പടക്കം നിരോധിക്കണമെന്ന് ആവശ്യപ്പെട്ട ഹര്‍ജിയില്‍ സുപ്രിം കോടതി ഇന്ന് തീരുമാനമെടുക്കും. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് രാജ്യ തലസ്ഥാനത്ത് കഴിഞ്ഞ വര്‍ഷം പടക്കങ്ങള്‍ നിരോധിച്ച് സുപ്രിം കോടതി വിധി പുറപ്പെടുവിച്ചിരുന്നു. ഈ വിധിയുടെ പശ്ചാത്തലത്തിലായിരുന്നു കോടതിയില്‍ ഹര്‍ജി വന്നത്. അന്തരീക്ഷത്തിനും ജനങ്ങളുടെ ആരോഗ്യത്തിനും ഹാനികരമാണെന്ന് കാണിച്ചാണ് പടക്ക നിര്‍മ്മാണം, വില്‍പ്പന, കൈവശം വെക്കല്‍, എന്നിവ രാജ്യവ്യാപകമായി നിരോധിക്കണമെന്ന് ഹര്‍ജിക്കാരന്‍ ആവശ്യപ്പെട്ടത്.

Read More: Supreme Court likely to give verdict on nationwide ban on firecrackers today

വളര്‍ച്ചയ്ക്കും വികാസത്തിനും ശുദ്ധമായ അന്തരീക്ഷവും ശുദ്ധവായുവും അവശ്യമാണെന്ന് ഹര്‍ജക്കാരന്‍ ചൂണ്ടിക്കാട്ടുന്നു. “ലോകത്തെ തന്നെ ഏറ്റവും മലിനമാക്കപ്പെട്ട നഗരമായ ഡല്‍ഹി സ്വന്തം ജനങ്ങളുടെ ആരോഗ്യത്തെ ഹാനികരമായി ബാധിക്കുന്നുണ്ട്”, എന്ന് ഹര്‍ജിക്കാരന്‍ പറയുന്നു.

രാജ്യത്താകമാനം ദീപാവലി കാലത്ത് പടക്കങ്ങള്‍ നിരോധിക്കണമെന്ന ആവശ്യത്തെ കേന്ദ്രം എതിര്‍ത്തിരുന്നു. എന്നാല്‍ വലിയ രീതിയിലുളള പടക്കങ്ങള്‍ നിര്‍മ്മിക്കുന്നതിന് മാര്‍ഗനിര്‍ദേശങ്ങള്‍ വേണമെന്നാണ് കേന്ദ്രം അറിയിച്ചത്.

എന്നാല്‍ പടക്കം പൂര്‍ണമായും നിരോധിക്കുന്നത് ആയിരക്കണക്കിന് പേരുടെ ജീവിതോപാധി തകര്‍ക്കുമെന്ന് കാണിച്ച് പടക്ക നിര്‍മ്മാതാക്കളും രംഗത്തെത്തിയിട്ടുണ്ട്. മലിനീകരണത്തിന്റെ ഏക കാരണം പടക്കമല്ലെന്ന് ഇവര്‍ ചൂണ്ടിക്കാണിക്കുന്നു. അന്തരീക്ഷ മലിനീകരണത്തെ തുടര്‍ന്ന് കുട്ടികളില്‍ വര്‍ധിച്ച് വരുന്ന ശ്വാസ സംബന്ധമായ അസുഖങ്ങളില്‍ കോടതി നേരത്തേ ആശങ്ക രേഖപ്പെടുത്തിയിരുന്നു. മൂന്ന് കുട്ടികളുടെ ഹര്‍ജിയിലാണ് 2016ല്‍ രാജ്യതലസ്ഥാനത്ത് കോടതി പടക്കങ്ങള്‍ നിരോധിച്ചത്. ദീപാവലിക്ക് ശേഷം ഡല്‍ഹിയിലെ അന്തരീക്ഷം എക്കാലത്തേയും മോശമായ അവസ്ഥയിലായിരുന്നു. ലോകത്തെ ഏറ്റവും മലിനമാക്കപ്പെട്ട നഗരമെന്നും പേരും അതോടെ ഡല്‍ഹിക്ക് ലഭിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook