ന്യൂഡല്‍ഹി: ബാബരി മസ്ജിദ് ഭൂമി തര്‍ക്കം പരിഹരിക്കാന്‍ മധ്യസ്ഥരെ നിയോഗിക്കുന്നത് സംബന്ധിച്ച സുപ്രിം കോടതി ഉത്തരവ് ഇന്ന്. കേസില്‍ കോടതി മേല്‍നോട്ടത്തിലുള്ള മധ്യസ്ഥതക്കാണ് ശ്രമം. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ അഞ്ചംഗ ഭരണഘടന ബഞ്ചാണ് കേസ് പരിഗണിക്കുന്നത്. എന്നാല്‍ മധ്യസ്ഥതയ്ക്കുള്ള ശ്രമം നേരത്തെ നടത്തി പരാജയപ്പെട്ടതാണെന്ന് രാം ലല്ലയ്ക്കുവേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ സി.എസ് വൈദ്യനാഥന്‍ പറഞ്ഞിരുന്നു.

സുന്നീ വഖഫ് ബോര്‍ഡിനു വേണ്ടി ഹാജരായ രാജീവ് ധവാന്‍ മധ്യസ്ഥതയ്ക്കുള്ള കോടതിയുടെ നീക്കത്തെ സ്വാഗതം ചെയ്യുകയാണുണ്ടായത്. വിശാല താല്‍പര്യങ്ങള്‍ക്കു വഴങ്ങി മധ്യസ്ഥ ചര്‍ച്ചകള്‍ക്കു തയാറാണെന്ന് ധവാന്‍ കോടതിയെ അറിയിച്ചു.

അയോധ്യയില്‍ ബാബരി മസ്ജിദ് നിലനിന്നിരുന്ന 2 ഏക്കര്‍77 സെന്റ് ഭൂമിയുടെ മേലുള്ള തര്‍ക്കത്തിലാണ് സുപ്രിം കോടതിയുടെ മധ്യസ്ഥ ശ്രമം. സ്വകാര്യ ഭൂതര്‍ക്കമായല്ല ഇതിനെ കാണുന്നത് എന്നും വിശ്വാസ സ്വാതന്ത്ര്യവുമായി ബന്ധപ്പെട്ട വിഷയം കൂടി ആയാണ് എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

മധ്യസ്ഥ ശ്രമത്തിലൂടെയുള്ള പ്രശ്‌ന പരിഹാരത്തിന് ഒരു ശതമാനം സാധ്യത മാത്രമേയുള്ളൂ എങ്കിലും അത് ഉപയോഗപ്പെടുത്തണമെന്നു കേസ് പരിഗണിച്ച അഞ്ചംഗ ബെഞ്ച് നിര്‍ദേശിച്ചിരുന്നു. മധ്യസ്ഥ ശ്രമങ്ങള്‍ രഹസ്യ സ്വഭാവത്തിലുള്ളതായിരിക്കണമെന്നും ഇതുമായി ബന്ധപ്പെട്ട് ഒരു കാര്യങ്ങളും മാധ്യമങ്ങളോട് ചര്‍ച്ച ചെയ്യരുതെന്നും കോടതി നിര്‍ദേശിച്ചു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ