ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ മുതിര്‍ന്ന മലയാളി അഭിഭാഷക ലില്ലി തോമസ് (91) അന്തരിച്ചു. ഡല്‍ഹിയിലായിരുന്നു അന്ത്യം. സുപ്രീംകോടതിയിലെ ആദ്യ മലയാളി അഭിഭാഷകയാണ്.

1968ൽ സുപ്രീം കോടതിയിൽ പ്രാക്‌ടീസ് തുടങ്ങിയ ലില്ലി തോമസ് ചങ്ങനാശേരി കുത്തുകല്ലുങ്കൽ പരേതരായ അഡ്വ.കെ.ടി.തോമസിന്റെയും അന്നമ്മയുടെയും മകളാണ്. കോട്ടയം ജില്ലയിൽ ജനിച്ച ലില്ലി തോമസ് വളർന്നത് തിരുവനന്തപുരത്തായിരുന്നു.

മദ്രാസ് സര്‍വകലാശാലയില്‍നിന്ന് എംഎൽ ബിരുദം നേടിയ  ലില്ലി തോമസ് 1955ൽ മദ്രാസ് ഹൈക്കോടതിയിൽ ചേർന്നു. 1959 എല്‍എല്‍എം നേടി. എല്‍എല്‍എം നേടുന്ന ഇന്ത്യയിലെ ആദ്യവനിതയാണ്. 1960ൽ സുപ്രീം കോടതിയിൽ സേവനം അനുഷ്ഠിച്ചു തുടങ്ങി. വിദേശകാര്യങ്ങളില്‍ കേന്ദ്ര സര്‍ക്കാരിന്റെ ഉപദേശകന്‍കൂടിയായിരുന്ന പോളണ്ടുകാരന്‍ പ്രഫ.ചാള്‍സ് ഹെന്‍‌റി അലക്‌സാണ്ടര്‍ വിഛിന്റെ ശിഷ്യയുമാണ്.

നിരവധി പ്രധാനപ്പെട്ട പൊതുതാല്‍പ്പര്യ ഹര്‍ജികള്‍ സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിട്ടുണ്ട്. അഡ്വക്കറ്റ് ഓണ്‍ റെക്കോര്‍ഡ് സമ്പ്രദായം ചോദ്യം ചെയ്തുകൊണ്ടുള്ള ആദ്യ ഹര്‍ജി സമര്‍പ്പിച്ചത് ലില്ലി തോമസായിരുന്നു. ക്രിമിനല്‍ കേസുകളില്‍ ശിക്ഷിക്കപ്പെട്ട ജനപ്രതിനിധികളെ തിരഞ്ഞെടുപ്പില്‍ വിലക്കണമെന്ന് സുപ്രീം കോടതി വിധിച്ചത് ലില്ലി തോമസ് നല്‍കിയ ഹര്‍ജിയിലാണ്. ജയലളിത, ലാലു പ്രസാദ് യാദവ് എന്നിവരെ ചൂണ്ടിക്കാട്ടിയാണ് ലില്ലി ഹര്‍ജി നല്‍കിയത്.

വനിതകളുടെ അവകാശങ്ങള്‍ക്ക് വേണ്ടിയും ലില്ലി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ത്യൻ പീനൽ കോഡിലെ 494ാം വകുപ്പിന്റെ(ബഹു ഭാര്യാത്വം) സാധുതയെയും ലില്ലി തോമസ് ചോദ്യം ചെയ്തിട്ടുണ്ട്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook