ന്യൂഡൽഹി: ലഖിംപൂർ ഖേരി കേസിലെ അന്വേഷണം നിരീക്ഷിക്കാൻ പഞ്ചാബ്, ഹരിയാന ഹൈക്കോടതിയിൽനിന്ന് വിരമിച്ച ജഡ്ജി ജസ്റ്റിസ് രാകേഷ് കുമാർ ജെയിനിനെ സുപ്രീംകോടതി നിയമിച്ചു. മൂന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥരെ കൂടി ഉൾപ്പെടുത്തി പ്രത്യേക അന്വേഷണ സംഘത്തെയും കോടതി പുനഃസംഘടിപ്പിച്ചു.
വിവാദ കാര്‍ഷിക നിയമങ്ങള്‍ക്കെതിരായി ലഖിംപുര്‍ ഖേരിയിൽ സമരം ചെയ്ത കര്‍ഷകര്‍ക്കിടയിലേക്കു കേന്ദ്ര ആഭ്യന്തര സഹമന്ത്രി അജയ് മിശ്രയുടെ പേരിലുള്ളത് ഉള്‍പ്പെടെ മൂന്ന് എസ് യു വികള്‍ ഇടിച്ചുകയറുകയായിരുന്നു. ഒക്ടോബര്‍ മൂന്നിനുണ്ടായ സംഭവത്തില്‍ നാലു കര്‍ഷകരും മാധ്യമപ്രവര്‍ത്തകനും കൊല്ലപ്പെട്ടു. തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ഒരു ഡ്രൈവറും രണ്ട് ബിജെപി പ്രവര്‍ത്തകരും കൊല്ലപ്പെട്ടിരുന്നു. മന്ത്രിയുടെ മകന് മോനു എന്ന ആശിഷ് മിശ്ര ഉള്‍പ്പെടെ 13 പേരെ എസ്ഐടി സംഘം ഇതുവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്.
പഞ്ചാബ്, ഹരിയാന ബാർ കൗൺസിലിൽനിന്നു 1982 മേയിൽ എൻറോൾ ചെയ്ത രാകേഷ് കുമാർ ജെയിൻ ഹിസാറിലെ ജില്ലാ കോടതിയിലാണ് ആദ്യം പ്രാക്ടീസ് ചെയ്തത്. 2007 ഡിസംബർ അഞ്ചിന് പഞ്ചാബ്, ഹരിയാന ഹൈക്കോടതി ജഡ്ജിയായ അദ്ദേഹം 2020 സെപറ്റംബർ 30നാണ് വിരമിച്ചത്.
കേസ് അന്വേഷണത്തിൽ കോടതി നേരത്തെ അസംതൃപ്തി അറിയിച്ചിരുന്നു. ”തെളിവുകള്‍ സ്വതന്ത്രമായി രേഖപ്പെടുത്തുന്നുവെന്നും കൂട്ടിക്കലര്‍ത്തുന്നില്ലെന്നും ഉറപ്പാക്കാന്‍, അന്വേഷണം ദിവസവും നിരീക്ഷിക്കാന്‍ മറ്റൊരു ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജഡ്ജിയെ നിയമിക്കാന്‍ ശ്രമിക്കുന്നു. ..ഞങ്ങള്‍ക്കു വേണ്ടത്ര വിശ്വാസമില്ല… നിങ്ങളുടെ സംസ്ഥാനം നിയോഗിച്ച ജുഡീഷ്യല്‍ കമ്മിഷന് തുടരാന്‍ ഞങ്ങള്‍ ആഗ്രഹിക്കുന്നില്ല…” എന്നാണ് ചീഫ് ജസ്റ്റിസ് പറഞ്ഞത്.
ബെഞ്ചിന്റെ നിര്‍ദേശം, യുപി സര്‍ക്കാരിനു വേണ്ടി ഹാജരായ അഭിഭാഷകന് ഹരീഷ് സാല്‍വെ അംഗീകരിച്ചിരുന്നു. ഏതു സംസ്ഥാനത്തുനിന്നുമുള്ള ജഡ്ജിയെ നിയമിക്കാമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
Also Read: ഡൽഹിയിലെ വായു മലിനീകരണം; സ്കൂളുകളും കോളേജുകളും അടച്ചു, നവംബർ 21 വരെ നിർമാണങ്ങൾക്ക് വിലക്ക്