scorecardresearch

Latest News

ഹിജാബ് വിലക്ക്: ഹർജികൾ അടിയന്തരമായി പരിഗണിക്കേണ്ടതില്ലെന്ന് സുപ്രീംകോടതി

ഹർജികളിൽ വാദം കേൾക്കാൻ പ്രത്യേക തീയതി നൽകാനും സുപ്രീം കോടതി വിസമ്മതിച്ചു

headscarf, supreme court

ന്യൂഡൽഹി: വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് വിലക്ക് ശരിവച്ച കർണാടക ഹൈക്കോടതി വിധിക്കെതിരെയുള്ള ഹർജികൾ അടിയന്തരമായി പരിഗണിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. വിഷയം പ്രഷുബ്‌ധമാക്കരുതെന്നും ചീഫ് ജസ്റ്റിസ് എം.വി രമണ ഹർജിക്കാരുടെ അഭിഭാഷകരോട് പറഞ്ഞു.

ഹർജികളിൽ വാദം കേൾക്കാൻ പ്രത്യേക തീയതി നൽകാനും സുപ്രീം കോടതി വിസമ്മതിച്ചു.

അടുത്ത ആഴ്ച പരീക്ഷകൾ ആരംഭിക്കുമെന്നും അത് പെൺകുട്ടികളുടെ പരീക്ഷകളെ ബാധിക്കുമെന്നതിനാൽ ഹർജികൾ അടിയന്തരമായി കേൾക്കണം എന്നായിരുന്നു അഭിഭാഷകന്റെ ആവശ്യം. എന്നാൽ ഹിജാബ് വിലക്കിന് പരീക്ഷയുമായി ബന്ധമില്ലെന്ന് ചീഫ് ജസ്റ്റിസ് പറഞ്ഞു.

നേരത്തെയും വിഷയത്തിൽ അടിയന്തര വാദം കേൾക്കണമെന്ന ഹർജി സുപ്രീംകോടതി തള്ളിയിരുന്നു.

ക്ലാസ് മുറികളിൽ ഹിജാബ് ധരിക്കാനുള്ള അവകാശം ആവശ്യപ്പെട്ട് ഉഡുപ്പിയിലെ പ്രീ-യൂണിവേഴ്‌സിറ്റി കോളേജുകളിൽ പഠിക്കുന്ന മുസ്ലീം പെൺകുട്ടികൾ സമർപ്പിച്ച ഹർജികളാണ് മാർച്ച് 15ന് കർണാടക ഹൈക്കോടതിയുടെ ഫുൾ ബെഞ്ച് തള്ളിയത്. ഹിജാബ് ധരിക്കുന്നത് “ഇസ്ലാമിക വിശ്വാസത്തിൽ അനിവാര്യമായ ഒരു മതാചാരമല്ല” എന്നും ഭരണഘടനയുടെ ആർട്ടിക്കിൾ 25 പ്രകാരം മതസ്വാതന്ത്ര്യം ന്യായമായ നിയന്ത്രണങ്ങൾക്ക് വിധേയമാണെന്നുമയിരുന്നു ഹൈക്കോടതി വിധി.

യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള സർക്കാർ കോളേജുകളിൽ ഹിജാബ് ധരിക്കുന്നത് നിയന്ത്രിക്കാമെന്ന് നിർദ്ദേശിച്ച് ഫെബ്രുവരി അഞ്ചിന് സംസ്ഥാന സർക്കാർ പുറപ്പെടുവിച്ച ഉത്തരവും ഹൈക്കോടതി ശരിവച്ചു. യൂണിഫോം മാനദണ്ഡങ്ങൾക്കനുസൃതമായി അത്തരം നിയന്ത്രണങ്ങൾ “ഭരണഘടനാപരമായി അനുവദനീയമാണ്” എന്നും കോടതി വിധിച്ചു.

പെൺകുട്ടികളെ ഹിജാബ് ധരിച്ച് ക്ലാസിൽ കയറുന്നതിൽ നിന്ന് വിലക്കിയതിന് ഉഡുപ്പിയിലെ സർക്കാർ കോളേജ് അധികൃതർക്കെതിരെ അച്ചടക്ക നടപടിയെടുക്കാൻ വകുപ്പുകൾ ഇല്ലെന്നും കോടതി നിരീക്ഷിച്ചു, കൂടാതെ വിഷയത്തിൽ പ്രശ്‌നങ്ങൾ ഉണ്ടാക്കാൻ സംഘടിത ശ്രമങ്ങൾ നടക്കുന്നുവെന്ന ആരോപണത്തിൽ അന്വേഷണം നടത്താനും കോടതി ഉത്തരവിട്ടിരുന്നു.

Also Read: ലിവിവ്, യുക്രൈനിലെ ചെറിയ സ്വർഗം; പലായനം ചെയ്യുന്നവരുടെ പ്രധാന കേന്ദ്രം

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court karnataka hc hijab ban urgent plea