ന്യൂഡൽഹി: കർണാടകയിൽ കൂറുമാറിയ 17 എംഎൽഎമാരെ അയോഗ്യരാക്കിയ സ്‌പീക്കറുടെ നടപടി ശരിവച്ച് സുപ്രീംകോടതി. ജനാധിപത്യത്തിൽ ധാർമ്മികത പ്രധാനമെന്ന് സുപ്രീംകോടതി പറഞ്ഞു. അതേസമയം അയോഗ്യരാക്കിയ എംഎൽഎമാർക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കാം. ജസ്റ്റിസ് എന്‍.വി.രമണ അദ്ധ്യക്ഷനായ ബഞ്ചാണ് വിധി പ്രസ്താവിച്ചത്. വിമത കോൺഗ്രസ്-ജെഡിഎസ് എംഎൽഎമാരാണ് അയോഗ്യരാക്കപ്പെട്ടത്.

സ്‌പീക്കറുടെ അധികാരപരിധിയിൽ ഇടപെടില്ലെന്ന് ഒരിക്കൽ കൂടി വ്യക്തമാക്കുകയാണ് കോടതി. അതേസമയം അയോഗ്യർക്ക് 2023 വരെ തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാധിക്കില്ലെന്ന സ്പീക്കറുടെ ഉത്തരവ് കോടതി റദ്ദാക്കി.

അയോഗ്യരാണെങ്കിലും ഉടൻ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ എംഎൽഎമാർക്ക് മത്സരിക്കാൻ സാധിക്കും. ഡിസംബർ ആറിനാണ് കർണാടകയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. 15 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുന്നത്. അയോഗ്യതയുടെ കളങ്കം രാജികൊണ്ട് മാറില്ലെന്ന് കോടതി നിരീക്ഷിച്ചു. രാജിവയ്ക്കുന്നതിന് മുമ്പോണോ കൂറുമാറ്റമെന്നതും പരിശോധിക്കണം. സർക്കാരിനും പ്രതിപക്ഷത്തിനും ധാർമ്മികത പ്രധാനമാണെന്നും കോടതി.

അയോഗ്യരാക്കപ്പെട്ട എംഎൽഎമാർ: എസ്ടി സോമശേഖര്‍ (യശ്വന്ത്പുര), ബിസി പാട്ടീല്‍ (ഹിരേകെരുര്‍), ശിവറാം ഹെബ്ബാര്‍ (യെല്ലാപുര്‍), പ്രതാപ് ഗൗഡ പാട്ടീല്‍ (മാസ്‌കി), കെ ഗോപാലയ്യ (മഹാലക്ഷ്മി ലേഔട്ട്), എഎച്ച് വിശ്വനാഥ് (ഹുന്‍സുര്‍), നാരായണ ഗൗഡ (ക്രിഷ്ണരാജപേട്ട്), മുനിരത്‌ന നായിഡു (ആര്‍ആര്‍ നഗര്‍), റോഷന്‍ ബെയ്ഗ് (ശിവാജി നഗര്‍), ബ്യാരതി ബസവരാജ് (കെആര്‍ പുരം), എംടിബി നാഗരാജ് (ഹോസ്‌കോട്ട്), കെ സുധാകര്‍ (ചിക്കബല്ലാപുര), ശ്രിമന്ത് പാട്ടീല്‍ (കഗ്‌വാദ്), ആനന്ദ് സിങ് (വിജയനഗര), രമേഷ് ജാര്‍കിഹോളി (ഗോകക്), മഹേഷ് കുമതല്‍ (അത്താനി), ആര്‍ ശങ്കര്‍ (റാനെബെന്നൂര്‍).

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook