ന്യൂഡൽഹി: ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് ജോസഫിന്റെ പേര് വീണ്ടും ശുപാർശ ചെയ്യും. കൊളീജിയം യോഗത്തിൽ ഇതുസംബന്ധിച്ച് തീരുമാനമായി. മറ്റു ജഡ്ജിമാരുടെ പേരിനൊപ്പം കെ.എം.ജോസഫിന്റെ പേരും ശുപാർശ ചെയ്യും. ബുധനാഴ്ച വീണ്ടും കൊളീജിയം ചേരും. അതിനുശേഷമായിരിക്കും കെ.എം.ജോസഫിന്റെ പേര് കൊളീജിയം ശുപാർശ ചെയ്യുക.
കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള കൊളിജീയത്തിന്റെ ശുപാർശ നേരത്തെ കേന്ദ്രസർക്കാർ മടക്കി അയച്ചിരുന്നു. കെ.എം.ജോസഫിനെ സുപ്രീം കോടതി ജഡ്ജിയാക്കാനുളള ശുപാർശ സുപ്രീം കോടതി കൊളീജിയം വീണ്ടും കേന്ദ്ര സർക്കാരിന് അയച്ചാൽ കേന്ദ്രസര്‍ക്കാരിന് അത് അംഗീകരിച്ചേ മതിയാവൂ. നിലവിൽ സുപ്രീം കോടതിയിൽ ആകെയുളള 31 ജഡ്ജിമാർക്ക് പകരം 25 പേരാണ് നിലവിലുളളത്.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്ക് പുറമെ മുതിര്‍ന്ന ജഡ്ജിമാരായ ജെ.ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയ്, മദന്‍ ബി.ലോക്കൂര്‍, കുര്യന് ജോസഫ് എന്നിവരടങ്ങിയ കൊളീജിയമാണ് മുതിര്‍ന്ന അഭിഭാഷക ഇന്ദു മല്‍ഹോത്ര, ജസ്റ്റിസ് കെ.എം.ജോസഫ് എന്നിവരെ സുപ്രീം കോടതി ജഡ്ജിമാരായി നിയമിക്കാന്‍ ശുപാര്‍ശ ചെയ്തത്. ഇന്ദു മല്‍ഹോത്രയുടെ നിയമനത്തിന് മാത്രമാണ് കേന്ദ്രസര്‍ക്കാര്‍ അംഗീകാരം നല്‍കിയത്. ജനുവരി പത്തിനാണ് ഇരുവരുടെയും പേരുകൾ സുപ്രീം കോടതി ജഡ്ജിമാരായി ശുപാർശ ചെയ്ത് കൊളീജിയം സർക്കാരിന് നൽകിയത്.
പ്രധാനമായും മൂന്ന് കാരണങ്ങൾ ചൂണ്ടിക്കാട്ടിയാണ് കെ.എം.ജോസഫിന്റെ പേര് കേന്ദ്രം തിരികെ അയച്ചത്. സീനിയോറിറ്റി പട്ടികയിൽ 42-ാം സ്ഥാനമാണ് കെ.എം.ജോസഫിനുളളതെന്നായിരുന്നു ഒരു കാരണം. മലയാളിയായ കെ.എം.ജോസഫിന്റെ മാതൃസ്ഥലമായ കേരള ഹൈക്കോടതിയിൽ നിന്നും ആവശ്യത്തിനുളള പ്രാതിനിധ്യം സുപ്രീം കോടതിയിലുണ്ടെന്നും മറ്റു നിരവധി ഹൈക്കോടതികളുടെ പ്രാതിനിധ്യം സുപ്രീം കോടതിയിൽ ഇല്ലെന്നും കേന്ദ്ര സർക്കാർ പറഞ്ഞു. പട്ടികജാതി, പട്ടികവർഗ വിഭാഗത്തിൽ നിന്നുമുളളവരുടെ പ്രാതിനിധ്യം ഇല്ലെന്നെതും ഇതിന് കാരണമായി സർക്കാർ പറഞ്ഞിരുന്നു.
2016 ൽ ഉത്തരാഖണ്ഡ് സർക്കാരിനെ പിരിച്ചുവിട്ട് രാഷ്ട്രപതി ഭരണം ഏർപ്പെടുത്തിയ നരേന്ദ്ര മോദി സർക്കാരിന്റെ നടപടിയെ റദ്ദാക്കിയത് കെ.എം.ജോസഫായിരുന്നു.