ന്യൂഡൽഹി: സുപ്രീം കോടതിയിൽ കേസുകൾ വിവിധ ബെഞ്ചുകൾക്ക് അനുവദിക്കുന്നതിൽ ചീഫ് ജസ്റ്റിസ് അധികാരപരിധി ലംഘിക്കുന്നുവെന്ന് ആരോപണമുയർത്തി നാല് ജസ്റ്റിസുമാരാണ് രംഗത്ത് വന്നത്. ജസ്റ്റിസ് ജസ്തി ചെലമേശ്വറിന്റെ നേതൃത്വത്തിൽ ജസ്റ്റിസ് രഞ്ജൻ ഗൊഗോയ്, ജസ്റ്റിസ് കുര്യൻ ജോസഫ്, ജസ്റ്റിസ് മദൻ ലോകൂർ എന്നിവരാണ് വിമതരായത്.

ആരാണ് ഇവരെന്നാണ് ഇപ്പോഴത്തെ ചോദ്യം. ചരിത്രം കണ്ടിട്ടില്ലാത്ത വിധം സുപ്രീം കോടതിയിൽ നിന്ന് ജനാധിപത്യം വെല്ലുവിളിക്കപ്പെടുന്നുവെന്ന് ഉറക്കെ വിളിച്ചുപറഞ്ഞ അവർ നാലു പേരിൽ മുന്നിലുള്ളത് ജസ്റ്റിസ് ജസ്തി ചെലമേശ്വറാണ്.

ജസ്റ്റിസ് ജസ്തി ചെലമേശ്വർ

സുപ്രീം കോടതിയിൽ ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ ഏറ്റവും പ്രായം കൂടിയ ജസ്റ്റിസാണ് ഇദ്ദേഹം. 2011 ഒക്ടോബർ 11 നാണ് ഇദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി ചുമതലയേറ്റത്. ആന്ധ്ര പ്രദേശ് ഹൈക്കോടതി ജസ്റ്റിസായിരുന്ന ഇദ്ദേഹം പിന്നീട് ഗുവാഹത്തി, കേരള ഹൈക്കോടതികളിലെ ചീഫ് ജസ്റ്റിസായിരുന്നു.

നാഷണൽ ജുഡീഷ്യൻ നിയമന കമ്മിഷൻ നിയമവുമായി ബന്ധപ്പെട്ട തർക്കത്തിൽ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ ഏക അംഗമായിരുന്നു അദ്ദേഹം.

2018 ജൂൺ 22 നാണ് ഇദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിക്കേണ്ടത്. സ്വകാര്യത മൗലികാവകാശമാണെന്ന് വിധിച്ച ഒൻപതംഗ സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിലെ അംഗമായിരുന്നു ഈ 64കാരൻ.

ജസ്റ്റിസ് രഞ്ജൻ ഗൊഗോയി

സുപ്രീം കോടതിയിലെ മൂന്നാമത്തെ മുതിർന്ന ജസ്റ്റിസാണ് ഇദ്ദേഹം. ഈ വർഷം ഒക്ടോബർ രണ്ടിന് ദീപക് മിശ്ര വിരമിച്ചാൽ ചീഫ് ജസ്റ്റിസാകേണ്ടത് ഇദ്ദേഹമാണ്. ഗുവാഹത്തി ഹൈക്കോടതിയിലും ഛത്തീസ്‌ഗഡ് ഹൈക്കോടതിയും ജസ്റ്റിസായി പ്രവർത്തിച്ച ശേഷമാണ് ഇദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കപ്പെട്ടത്.

ജസ്റ്റിസ് മദൻ ലോകൂർ

ജസ്റ്റിസ് മദൻ ഭീംറാവു ലോകൂർ 2012 ജൂൺ നാലിനാണ് സുപ്രീം കോടതി ജസ്റ്റിസായി നിയമിക്കപ്പെടുന്നത്. സുപ്രീം കോടതിയിൽ നാലാമത്തെ മുതിർന്ന ജസ്റ്റിസാണ് ഇദ്ദേഹം. ഡൽഹി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ഗുവാഹത്തി ഹൈക്കോടതി ചീഫ് ജസ്റ്റിസ്, ആന്ധ്ര പ്രദേശ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് എന്നീ സ്ഥാനങ്ങൾ വഹിച്ച ശേഷമാണ് സുപ്രീം കോടതിയിലെ ജസ്റ്റിസായി അധികാരമേറ്റത്.

കോടതികളിലെ കംപ്യൂട്ടറൈസേഷന് വേണ്ടിയും കാലാനുസൃതമായി ജുഡീഷ്യറിയും നവീകരിക്കപ്പെടണമെന്നും വാദിക്കുന്ന ജസ്റ്റിസാണ് ഇദ്ദേഹം. നിലവിൽ സുപ്രീം കോടതിയുടെ ഇ-കമ്മിറ്റിയുടെ ചുമതല വഹിക്കുന്നത് ഇദ്ദേഹമാണ്.

ഒബിസി വിഭാഗത്തിനുള്ള 27 ശതമാനം സംവരണത്തിൽ നിന്ന് 4.5 ശതമാനം ന്യൂനപക്ഷ വിഭാഗങ്ങൾക്ക് നൽകാനുള്ള സർക്കാർ തീരുമാനത്തിനെതിരെ വിധി പുറപ്പെടുവിച്ച ഡിവിഷൻ ബെഞ്ച് അംഗമായിരുന്നു ഇദ്ദേഹം.

ജസ്റ്റിസ് കുര്യൻ ജോസഫ്

2013 മാർച്ച് എട്ടിനാണ് ജസ്റ്റിസ് കുര്യൻ ജോസഫ് സുപ്രീം കോടതി ജസ്റ്റിസായി അധികാരമേറ്റത്. 2000 ത്തിൽ കേരള ഹൈക്കോടതിയിൽ ജസ്റ്റിസായി കയറിയ കുര്യൻ ജോസഫ് രണ്ടുവട്ടം ഇവിടുത്തെ ആക്ടിംഗ് ചീഫ് ജസ്റ്റിസുമായിരുന്നു. ഹിമാചൽ പ്രദേശ് ഹൈക്കോടതിയിൽ ചീഫ് ജസ്റ്റിസായി പ്രവർത്തിച്ച ശേഷമാണ് ഇദ്ദേഹം സുപ്രീം കോടതി ജസ്റ്റിസായി പോയത്.

2016 ൽ വത്തിക്കാനിൽ മദർ തെരേസയെ വിശുദ്ധയായി അവരോധിച്ച ചടങ്ങിൽ പങ്കെടുക്കാൻ പോയ ഇന്ത്യൻ സംഘത്തിലെ ഒരാളായിരുന്നു ജസ്റ്റിസ് കുര്യൻ ജോസഫ്. ഇറ്റാലിയൻ നാവികർ കേരളത്തിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളെ വെടിവച്ച് കൊന്ന സംഭവം പരിഗണിച്ച സുപ്രീം കോടതി ബെഞ്ചിന്റെ അദ്ധ്യക്ഷനായിരുന്നു ഇദ്ദേഹം.

2018 നവംബർ 29 നാണ് ഇദ്ദേഹം സുപ്രീം കോടതിയിൽ നിന്ന് വിരമിക്കുന്നത്. മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമെന്ന് വിധിച്ച അഞ്ചംഗ സുപ്രീം കോടതി ഡിവിഷൻ ബെഞ്ച് അംഗമായിരുന്നു ഇദ്ദേഹം. 397 പേജ് വരുന്ന വിധിന്യായത്തിൽ മൂന്ന് പേർ മുത്തലാഖിനെ ഭരണഘടനാ വിരുദ്ധമെന്ന് വിലയിരുത്തിയിരുന്നു. രണ്ട് ജസ്റ്റിസുമാർ വ്യത്യസ്ത അഭിപ്രായക്കാരായിരുന്നു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ