ന്യൂഡൽഹി: സുപ്രീംകോടതിയിലെ തർക്കങ്ങൾക്ക് പരിഹാരമായെന്ന് അറ്റോർണി ജനറൽ കെ.കെ.വേണുഗോപാൽ. ചീഫ് ജസ്റ്റിസും ജഡ്ജിമാരും കൂടിക്കാഴ്ച നടത്തി. കോടതിയുടെ പ്രവർത്തനം സാധാരണ നിലയിലായെന്നും എജി അറിയിച്ചു. രാവിലത്തെ അനൗപചാരികചര്‍ച്ചകളിലാണ് ജഡ്ജിമാര്‍ ധാരണയിലെത്തിയത്.

അതേസമയം, സുപ്രീംകോടതിയിലെ 2 കോടതികൾ ഇന്ന് പ്രവർത്തിക്കുന്നില്ല. മറ്റുളളവ ചേരാൻ 15 മിനിറ്റോളം വൈകി. ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധ 4 ജഡ്ജിമാരും കോടതിയിലെത്തി. ജസ്റ്റിസ് ചെലമേശ്വർ, രഞ്ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, കുര്യൻ‍ ജോസഫ് എന്നിവരാണ് ചീഫ് ജസ്റ്റിസിസ് ദീപക് മിശ്രയുടെ പ്രവർത്തനശൈലിയെ പരസ്യമായി വിമർശിച്ചത്.

തന്നെ പരസ്യമായി വിമർശിച്ച 4 ജഡ്ജിമാരുമായും ചർച്ചയ്ക്ക് തയ്യാറെന്ന് ചീഫ് ജസ്റ്റിസ് വ്യക്തമാക്കിയിരുന്നു. ബാർ കൗൺസിൽ ഓഫ് ഇന്ത്യയുടെയും സുപ്രീം കോടതി ബാർ അസോസിയേഷന്റെയും പ്രതിനിധികൾ ചീഫ് ജസ്റ്റിസുമായും വിമർശനമുന്നയിച്ച ജഡ്ജിമാരുമായും ഇന്നലെ കൂടിക്കാഴ്ച നടത്തി. ഇതോടെയാണ് പ്രശ്നങ്ങൾക്ക് പരിഹാരമായത്.

പ്രധാനപ്പെട്ട കേസുകൾ താരതമ്യേന ജൂനിയറായ ജഡ്ജിമാരുടെ ബെഞ്ചിനെ ഏൽപിക്കുന്ന ചീഫ് ജസ്റ്റിസിന്റെ രീതിക്കെതിരെയാണ് 4 ജഡ്ജിമാർ പരസ്യവിമർശനമുന്നയിച്ചത്. സുപ്രീം കോടതിയിൽ കാര്യങ്ങൾ ശരിയായല്ല പോകുന്നതെന്നു ചൂണ്ടിക്കാട്ടി ജഡ്‌ജിമാരായ ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലോക്കുർ, കുര്യൻ ജോസഫ് എന്നിവർ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്‌ക്കെതിരെ വാർത്താസമ്മേളനം നടത്തി. സൊഹ്റാബുദീൻ ഷെയ്ഖ് വ്യാജ ഏറ്റുമുട്ടൽ കേസിൽ വാദംകേട്ട സിബിഐ ജഡ്ജി ബി.എച്ച്.ലോയയുടെ മരണം ഉൾപ്പെടെ പ്രധാന കേസുകൾ ഏതു ബെഞ്ച് കേൾക്കണമെന്നതിൽ ചീഫ് ജസ്‌റ്റിസ് സ്വീകരിക്കുന്ന തീരുമാനങ്ങളാണ് ജഡ്ജിമാരുടെ വിമർശനങ്ങൾക്കിടയാക്കിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ