ന്യൂഡൽഹി: കൊൽക്കത്ത ഹൈക്കോടതി ജസ്റ്റിസ് സി.എസ്. കർണനെതിരെ സുപ്രീം കോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. കോടതിയിൽ ഹജരാകുന്നതിനു വീഴ്ച വരുത്തിയതിനാണ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്. ചരിത്രത്തിൽ ആദ്യമായാണ് ഒരു ജഡ്ജിക്കതിരെ സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിക്കുന്നത്. കർണനെതിരായ കോടതിയലക്ഷ്യ കേസിൽ നേരിട്ട് ഹാജരായി വിശദീകരണം നൽകണമെന്ന് ചീഫ് ജസ്റ്റിസ് ജെ.എസ്.കേഹാർ അധ്യക്ഷനായ ബെഞ്ച് നിർദേശം നൽകിയിരുന്നു. എന്നാൽ കോടതിയിൽ ഹാജരാകാൻ കർണൻ തയാറായില്ല. ഇതേത്തുടർന്നാണ് സുപ്രീംകോടതി അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചത്.

സുപ്രീം കോടതിയിലെ ജഡ്‌ജിമാരെയും മദ്രാസ് ഹൈക്കോടതി ചീഫ് ജസ്‌റ്റിസിനെയും പരസ്യമായി വിമർശിച്ചതിനാണ് ജസ്‌റ്റിസ് കർണനെതിരെ സുപ്രീം കോടതി സ്വമേധയാ കേസെടുത്തത്. ജഡ്‌ജിമാരായ ദീപക് മിശ്ര, ജസ്‌തി ചെലമേശ്വർ, രഞ്‌ജൻ ഗൊഗോയ്, മദൻ ബി.ലൊക്കൂർ, പി.സി.ഘോഷ്, കുര്യൻ ജോസഫ് എന്നിവരുമുൾപ്പെടുന്ന ബെഞ്ചാണ് കേസ് പരിഗണിച്ചത്.

അതേസമയം, തനിക്കെതിരെ സ്വമേധയാ കേസെടുത്ത സുപ്രീംകോടതി നടപടി അംഗീകരിക്കാനാവില്ലെന്നാണ് കർണന്റെ നിലപാട്. ദലിതനാതതുകൊണ്ടാണ് തന്നെ പീഡിപ്പിക്കുന്നതെന്നും കർണൻ ആരോപിക്കുന്നു. നേരത്തെ സുപ്രീംകോടതിയുടെ കോടതിയലക്ഷ്യ നോട്ടീസിന് കർണൻ രൂക്ഷ പ്രതികരണം നടത്തിയിരുന്നു. ജഡ്ജിമാര്‍ക്കെതിരെ ഉന്നയിച്ച അഴിമതിയാരോപണം പാര്‍ലമെന്‍റില്‍ തെളിയിക്കാന്‍ തയാറാണെന്നും കോടതിയലക്ഷ്യ നോട്ടിസ് അംഗീകരിക്കുന്നില്ലെന്നും സുപ്രീം കോടതി സുപ്രീംകോടതി റജിസ്ട്രാർ ജനറലിന് അയച്ച കത്തില്‍ കര്‍ണന്‍ പറഞ്ഞിരുന്നു.

മദ്രാസ് ഹൈക്കോടതിയിലെ 20 ജഡ്ജിമാര്‍ കൈക്കൂലിക്കാരാണെന്ന ആരോപണത്തില്‍ ഉറച്ചുനില്‍ക്കുന്നു. മറ്റു കോടതികളിലെ അഴിമതിക്കാരായ ജഡ്ജിമാര്‍ക്കെതിരെയും തന്‍റെ പക്കല്‍ തെളിവുകളുണ്ട്. ആരോപണങ്ങള്‍ പാര്‍ലമെന്‍റില്‍ തെളിയിക്കാന്‍ തയാറാണെന്നും കർണൻ വെല്ലുവിളിച്ചിരുന്നു.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ