ന്യൂഡൽഹി: അധിക മാർക്ക് നൽകിയതുമായി ബന്ധപ്പെട്ട പരാതിയെ തുടർന്ന് വിവിധ ഐഐടികളിലേക്കുള്ള പ്രവേശനവും കൗണസിലിംഗും സുപ്രീം കോടതി സ്റ്റേ ചെയ്തു. ഇതോടെ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജികളിലേക്കുള്ള പ്രവേശനം നീളും.

ഐഐടിയിലെ കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷയിൽ ഏഴ് ചോദ്യങ്ങൾക്കാണ് വിദ്യാർത്ഥികൾക്ക് അധിക മാർക്ക് നൽകിയത്. ഹിന്ദി ചോദ്യപേപ്പറിൽ ആയിരുന്നു തെറ്റ്. അച്ചടിപ്പിശകിനെ തുടർന്നായിരുന്നു നടപടി. ഇതോടെ ഈ ചോദ്യങ്ങൾക്ക് തെറ്റായ ഉത്തരം രേഖപ്പെടുത്തിയവർക്കും ശരിയുത്തരം രേഖപ്പെടുത്തിയവർക്കും ഉത്തരമെഴുതാതെ വിട്ടവർക്കും മാർക്ക് ലഭിക്കും.

ഇതിനോടകം പ്രവേശനം നേടിയ 33,000 കുട്ടികളുടെ ഭാവിയെ ബാധിക്കുന്ന വിഷമാണിതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. ബോണസ് മാര്‍ക്ക് നല്‍കിയത് സാധുവാണോയെന്ന് തീരുമാനിച്ച ശേഷം മാത്രം പ്രവേശനം അനുവദിച്ചാല്‍ മതിയെന്നും കോടതി വ്യക്തമാക്കി.

ഉത്തരമെഴുതാന്‍ ശ്രമിച്ചോ എന്ന് പോലും പരിശോധിക്കാതെയാണ് എല്ലാ പരീക്ഷാർത്ഥികൾക്കും മാർക്ക് ദാനം ചെയ്തത്. ഇതിനെ വിദ്യാർത്ഥികൾ സുപ്രീം കോടതിയിൽ ചോദ്യം ചെയ്യുകയായിരുന്നു. ഇത്തരത്തിൽ മാർക്ക് നൽകുന്നത് അനുചിതമാണെന്ന ഹർജിക്കാരന്റെ വാദം പരിഗണിച്ച കോടതി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജിയിലേക്കുള്ള ജെഇഇ (അഡ്വാൻസ് 2017) പരീക്ഷ പ്രകാരം അഡ്മിഷൻ നടത്തുന്നതിന് വിലക്ക് ഏർപ്പെടുത്തിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ