ന്യൂഡല്‍ഹി: കത്തുവ കൂട്ട ബലാത്സംഗ കൊലപാതക കേസില്‍ ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍ അനാവശ്യ ഇടപെടല്‍ നടത്തിയതിനെതിരെ സുപ്രീം കോടതി നടപടി. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ, ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷന്‍, ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍, കത്തുവ ബാര്‍ അസോസിയേഷന്‍ എന്നിവര്‍ക്ക് കോടതി നോട്ടീസ് അയച്ചു.

കുറ്റപത്രം സമര്‍പ്പിക്കാനെത്തിയ അന്വേഷണ സംഘത്തെ പ്രാദേശിക അഭിഭാഷകര്‍ തടഞ്ഞതാണ് സുപ്രീം കോടതിയുടെ മുമ്പില്‍ ചൂണ്ടിക്കാട്ടിയത്. പൊലീസ് അന്വേഷണത്തെ അട്ടിമറിക്കാനാണ് അഭിഭാഷകര്‍ ശ്രമിച്ചതെന്ന് ഒരു കൂട്ടം സുപ്രീം കോടതി അഭിഭാഷകര്‍ ദീപക് മിശ്ര അദ്ധ്യക്ഷനായ ബഞ്ചിന് മുമ്പാകെ അറിയിച്ചു. സംഭവത്തില്‍ തെളിവ് ഹാജരാക്കാന്‍ സുപ്രീം കോടതി നിര്‍ദേശിച്ചിട്ടുണ്ട്. ജമ്മു കശ്മീരിലെ അഭിഭാഷകര്‍ക്കെതിരെ സ്വമേധയാ കേസെടുക്കണമെന്നാണ് അഭിഭാഷകരുടെ ആവശ്യം. സംഭവത്തില്‍ ഇവര്‍ സുപ്രീം കോടതിക്ക് മുമ്പാകെ ഹർജിയും സമര്‍പ്പിച്ചു.

പൊലീസ് കുറ്റപത്രം സമര്‍പ്പിക്കുന്നതിനെതിരെ പ്രാദേശിക അഭിഭാഷകര്‍ രംഗത്ത് വന്നപ്പോള്‍ ജമ്മു ഹൈക്കോടതി ബാര്‍ അസോസിയേഷന്‍ ബന്ദിനും ആഹ്വാനം ചെയ്തിരുന്നു.

കത്തുവ കേസില്‍ ഹാജരാവുന്ന അഭിഭാഷക ജമ്മു കശ്മീര്‍ ബാര്‍ അസോസിയേഷനില്‍ നിന്ന് തനിക്ക് ഭീഷണിയുണ്ടെന്ന് വ്യക്തമാക്കിയിരുന്നു. കേസില്‍ പ്രതികള്‍ക്കൊപ്പം നില്‍ക്കുന്ന സമീപനമാണ് കശ്മീരിലെ അഭിഭാഷകര്‍ സ്വീകരിച്ചിരുന്നത്. ഇക്കാര്യത്തിലാണ് ഇവര്‍ക്കെതിരെ കേസെടുക്കണമെന്ന ആവശ്യം ഇപ്പോള്‍ ഉയര്‍ന്നുവന്നിരിക്കുന്നത്.

Get Malayalam News and latest news update from India and around the world. Stay updated with today's latest News news in Malayalam at Indian Expresss Malayalam.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ