/indian-express-malayalam/media/media_files/uploads/2022/08/Supreme-Court.jpg)
ന്യൂഡല്‍ഹി: ഒഴിഞ്ഞ വയറുമായി ആരും ഉറങ്ങുന്നില്ലെന്ന് ഉറപ്പുവരുത്തുകയെന്നതാണു നമ്മുടെ സംസ്‌കാരമെന്നു സുപ്രീം കോടതി. ദേശീയ ഭക്ഷ്യസുരക്ഷാ നിയമം (എന്‍ എഫ് എസ് എ) പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാനയാളിലേക്കും എത്തുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നു കേന്ദ്രസര്‍ക്കാരിനോട് കോടതി നിര്‍ദേശിച്ചു.
ഇ-ശ്രം പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്ത കുടിയേറ്റ, അസംഘടിത മേഖലയിലെ തൊഴിലാളികളുടെ കണക്കുകളടങ്ങിയ പുതിയ പട്ടിക സമര്‍പ്പിക്കാന്‍ കേന്ദ്രത്തോട് ജസ്റ്റിസുമാരായ എം ആര്‍ ഷാ, ഹിമ കോഹ്ലി എന്നിവരടങ്ങിയ ബെഞ്ച് ഉത്തരവിട്ടു.
''എന്‍ എഫ് എസ് എ പ്രകാരമുള്ള ഭക്ഷ്യധാന്യങ്ങള്‍ അവസാന മനുഷ്യനിലേക്കും എത്തുന്നുവെന്ന് ഉറപ്പാക്കേണ്ടത് കേന്ദ്ര സര്‍ക്കാരിന്റെ കടമയാണ്. കേന്ദ്രം ഒന്നും ചെയ്യുന്നില്ലെന്ന് ഞങ്ങള്‍ പറയുന്നില്ല. കോവിഡ് സമയത്ത് ജനങ്ങള്‍ക്ക് സര്‍ക്കാര്‍ ഭക്ഷ്യധാന്യങ്ങള്‍ ഉറപ്പാക്കിയിട്ടുണ്ട്. അതു തുടരുന്നതു ഞങ്ങള്‍ക്കു കാണണം. ആരും ഒഴിഞ്ഞ വയറുമായി ഉറങ്ങുന്നില്ലെന്നതു (ഉറപ്പാക്കേണ്ടത്) നമ്മുടെ സംസ്‌കാരമാണ്,'' ബെഞ്ച് പറഞ്ഞു.
കോവിഡ് കാലത്തെയും തത്ഫലമായുണ്ടാകുന്ന ലോക്ക്ഡൗണുകളിലെയും കുടിയേറ്റ തൊഴിലാളികളുടെ ദുരവസ്ഥയുമായി ബന്ധപ്പെട്ട പൊതുതാല്‍പ്പര്യ വിഷയം പരിഗണിക്കുകയായിരുന്നു കോടതി.
2011 ലെ സെന്‍സസിനു ശേഷം രാജ്യത്ത് ജനസംഖ്യയും എന്‍ എഫ് എസ് എയുടെ പരിധിയില്‍ വരുന്ന ഗുണഭോക്താക്കളുടെ എണ്ണവും വര്‍ധിച്ചതായി സാമൂഹിക പ്രവര്‍ത്തകരായ അഞ്ജലി ഭരദ്വാജ്, ഹര്‍ഷ് മന്ദര്‍, ജഗ്ദീപ് ചോക്കര്‍ എന്നിവര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകന്‍ പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.
നിയമം ഫലപ്രദമായി നടപ്പാക്കിയില്ലെങ്കില്‍ അര്‍ഹരും ആവശ്യക്കാരുമായ നിരവധി ഗുണഭോക്താക്കള്‍ ആനുകൂല്യത്തിനു പുറത്താകും. സമീപ വര്‍ഷങ്ങളില്‍ ജനങ്ങളുടെ പ്രതിശീര്‍ഷ വരുമാനം വര്‍ധിച്ചിട്ടുണ്ടെന്നാണു സര്‍ക്കാര്‍ അവകാശപ്പെടുന്നത്. എന്നാല്‍ ആഗോള പട്ടിണി സൂചികയില്‍ ഇന്ത്യ അതിവേഗം താഴേക്കുപോയതായും പ്രശാന്ത് ഭൂഷണ്‍ പറഞ്ഞു.
എന്‍ എഫ് എസ് എയ്ക്കു കീഴില്‍ 81.35 കോടി ഗുണഭോക്താക്കളുണ്ടെന്നും ഇത് ഇന്ത്യന്‍ സാഹചര്യത്തില്‍ പോലും വളരെ വലിയ സംഖ്യയാണെന്നും സര്‍ക്കാരിനുവേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ (എ എസ് ജി) ഐശ്വര്യ ഭാട്ടി ബോധിപ്പിച്ചു. ഗുണഭോക്താക്കളുടെ പട്ടികയില്‍ കൂടുതല്‍ ആളുകളെ ചേര്‍ക്കുന്നതില്‍നിന്നു 2011 ലെ സെന്‍സസ് സര്‍ക്കാരിനെ തടഞ്ഞിട്ടില്ലെന്ന് എ എസ് ജി പറഞ്ഞു.
തങ്ങളുടെ ഭക്ഷ്യധാന്യ വിഹിതം തീര്‍ന്നുവെന്നു കാണിച്ച് 14 സംസ്ഥാനങ്ങള്‍ സത്യവാങ്മൂലം സമര്‍പ്പിച്ചതായി പ്രശാന്ത് ഭൂഷണ്‍ ഇടപെട്ട് പറഞ്ഞു. കേസ് ഡിസംബര്‍ എട്ടിന് കേസ് വീണ്ടും പരിഗണിക്കും.
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.
/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us