ന്യൂഡല്‍ഹി:അദാനി-ഹിന്‍ഡന്‍ബര്‍ഗ് വിവാദത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിക്ഷേപകരുടെ സുരക്ഷയില്‍ ആശങ്ക പ്രകടിപ്പിച്ച് സുപ്രീം കോടതി. ഇത്തരം പ്രശ്‌നങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ ഭാവിയില്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ച് സുപ്രീം കോടതി കേന്ദ്രത്തിന്റെയും സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയുടെയും (സെബി) അഭിപ്രായം തേടിയതായി ലൈവ് ലോ റിപ്പോര്‍ട്ട് ചെയ്തു.
നിയന്ത്രണങ്ങള്‍ ശക്തമാക്കുന്നതിനുള്ള ശുപാര്‍ശ നല്‍കാന്‍ വിദഗ്ധ സമിതി രൂപവത്കരിക്കുന്നതിനെ സംബന്ധിച്ചും ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ച് നിലപാട് തേടി. അദാനി ഗ്രൂപ്പിനെതിരെ സ്റ്റോക്ക് കൃത്രിമത്വവും അക്കൗണ്ടിംഗ് തട്ടിപ്പും ആരോപിച്ച് യുഎസ് ആസ്ഥാനമായുള്ള ഹിന്‍ഡന്‍ബര്‍ഗ് റിസര്‍ച്ചിന്റെ റിപ്പോര്‍ട്ടിനെക്കുറിച്ച് അന്വേഷണം ആവശ്യപ്പെട്ടുള്ള രണ്ട് ഹര്‍ജികള്‍ ജസ്റ്റിസുമാരായ പി എസ് നരസിംഹ, ജെ ബി പര്‍ദിവാല എന്നിവരടങ്ങിയ ബെഞ്ച് പരിഗണിച്ചു. എന്നാല്‍ തങ്ങള്‍ക്കെതിരെയുള്ള ആരോപണങ്ങള്‍ അദാനി നിഷേധിച്ചു.
ഹിന്‍ഡന്‍ബര്‍ഗ് റിപോര്‍ട്ടിലെ ആരോപണങ്ങള്‍ നിക്ഷേപകരെ ബാധിച്ചിരുന്നു. കമ്പനിയുടെ ലിസ്റ്റുചെയ്ത സ്ഥാപനങ്ങളുടെ ഓഹരികള്‍ക്ക് 100 ബില്യണ്‍ ഡോളറിലധികം മൂല്യം നഷ്ടപ്പെട്ടു. അദാനി ഗ്രൂപ്പിന്റെ സ്ഥാപകനും ചെയര്‍മാനുമായ ഗൗതം അദാനി ലോകത്തിലെ മൂന്നാമത്തെ വലിയ ധനികനെന്ന നിലയില്‍ നിന്ന് ഇപ്പോള്‍ 21-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.
” ഇതൊരു തുറന്ന സംഭാഷണം മാത്രമാണ്. അവര്‍ കോടതിയില്‍ ഒരു പ്രശ്‌നം അവതരിപ്പിച്ചു. ഇന്ത്യന്‍ നിക്ഷേപകരുടെ സംരക്ഷണം എങ്ങനെ ഉറപ്പാക്കും എന്നതാണ് ആശങ്കാജനകമായ കാര്യം,” സിജെഐ ചന്ദ്രചൂഡ് സെബിയെ പ്രതിനിധീകരിച്ച സോളിസിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യയുടെ തുഷാര്‍ മേത്തയോട് പറഞ്ഞു. സെബി നിലവിലെ സ്ഥിതിഗതികള്‍ സൂക്ഷ്മമായി നിരീക്ഷിച്ചു വരികയാണെന്ന് സോളിസിറ്റര്‍ ജനറല്‍ ബെഞ്ചിന് മറുപടി നല്‍കി. പിന്നീട് രണ്ട് പൊതുതാല്‍പര്യ ഹര്‍ജികളിലുള്ള അടുത്ത വാദം ഫെബ്രുവരി 13ലേക്ക് സുപ്രീം കോടതി നിശ്ചയിച്ചു.
‘നിങ്ങള്‍ക്ക് ധനമന്ത്രാലയത്തിലെ വിദഗ്ധരുമായും കൂടിയാലോചന നടത്താം. ഞങ്ങള്‍ക്ക് ഒരു ചട്ടക്കൂട് നല്‍കൂ. ഇവ ഉച്ചത്തിലുള്ള ചിന്തകള്‍ മാത്രമാണ്. നമ്മള്‍ പറയുന്നതെന്തും ഓഹരി വിപണിയെ ബാധിക്കുമെന്ന് ഞങ്ങള്‍ ബോധവാന്മാരാണ്. ഇത് പ്രധാനമായും വികാരങ്ങളില്‍ പ്രവര്‍ത്തിക്കുന്നു. അതിനാല്‍ ഞങ്ങള്‍ ജാഗ്രത പാലിക്കുന്നു. ‘ കോടതി പറഞ്ഞു. അതേസമയം, അദാനി ഗ്രൂപ്പിന്റെ 2.5 ബില്യണ്‍ ഡോളറിന്റെ ഓഹരി വില്‍പ്പനയില്‍ ചില നിക്ഷേപകരുമായുള്ള ബന്ധം സെബി അന്വേഷിക്കുന്നുണ്ട്, രാജ്യത്തെ മുന്‍നിര വ്യവസായ ഗ്രൂപ്പുകളിലൊന്നിനെതിരെയുള്ള യുഎസ് ഷോര്‍ട്ട് സെല്ലറുടെ ആരോപണങ്ങളെക്കുറിച്ചുള്ള ആശങ്കകള്‍ക്കിടയില്‍ റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്തു.