ന്യൂഡൽഹി: രാജ്യത്ത് അഭിപ്രായ സ്വാതന്ത്ര്യം ദുരുപയോഗം ചെയ്യപ്പെടുന്നു എന്ന നിരീക്ഷണവുമായി സുപ്രീം കോടതി. ഡൽഹി നിസാമുദ്ദീൻ തബ്‌ലീഗ് സമ്മേളനവുമായി ബന്ധപ്പെട്ടുള്ള ഹർജികൾ പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി.

തബ്‌ലീഗ് ജമാഅത്തെ സമ്മേളനം കോവിഡ് വ്യാപനത്തിനു കാരണമായെന്ന തരത്തിൽ പ്രചരിച്ച മാധ്യമവാർത്തകളെ ചോദ്യം ചെയ്‌തുള്ള ഹർജികളാണ് ചീഫ് ജസ്റ്റിസ് എസ്.എ.ബോബ്‌ഡെ അധ്യക്ഷനായ ബഞ്ച് പരിഗണിച്ചത്. തബ്‌ലീഗ് സമ്മേളനത്തിനു വർഗീയനിറം നൽകിയ മാധ്യമവാർത്തകൾക്കെതിരെ നടപടിയെടുക്കണമെന്ന് ആവശ്യപ്പെട്ട് ജംഇയ്യത്ത്‌ ഉലമ ഹിന്ദ് അടക്കമുള്ള സംഘടനകളാണ് കോടതിയെ സമീപിച്ചത്.

Read Also: പൊതുസ്ഥലങ്ങൾ അനിശ്ചിത കാലം കൈവശം വയ്‌ക്കരുത്; ഷഹീൻബാഗ് സമരത്തിനെതിരെ സുപ്രീം കോടതി

കേസുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാർ നൽകിയ സത്യവാങ്‌മൂലത്തെ സുപ്രീം കോടതി വിമർശിച്ചു.  കേസിൽ മാധ്യമങ്ങളെ ന്യായീകരിച്ചുള്ള സത്യവാങ്‌മൂലമാണ് കേന്ദ്രം സമർപ്പിച്ചത്. ഇതിനെതിരെയാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് രംഗത്തെത്തിയത്. സംഭവത്തില്‍ മോശം റിപ്പോര്‍ട്ടിങ് നടന്നിട്ടില്ലെന്നും മാധ്യമങ്ങളെ ലക്ഷ്യമാക്കി അഭിപ്രായ സ്വാതന്ത്ര്യത്തെ കവര്‍ന്നെടുക്കാനാണ് പരാതിക്കാരുടെ ശ്രമമെന്നും കേന്ദ്രം നൽകിയ സത്യവാങ്‌മൂലത്തിലുണ്ട്.

ജൂനിയർ ഉദ്യോഗസ്ഥർ വഴി സത്യവാങ്‌മൂലം സമർപ്പിച്ച കേന്ദ്ര നിലപാടിനെ കോടതി ചോദ്യം ചെയ്തു. വാർത്ത മോശമായി റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടില്ലെന്ന് സത്യവാങ്‌മൂലത്തിൽ പറയുന്നു. ഇക്കാര്യം ഇത്ര ഉറപ്പോടെ എങ്ങനെ പറയാൻ സാധിക്കുമെന്ന് കോടതി കേന്ദ്രത്തോട് ചോദിച്ചു. സര്‍ക്കാരിന്റെ സത്യവാങ്മൂലം അവ്യക്തമാണെന്ന് കോടതി ചൂണ്ടിക്കാട്ടി.

Read Also: അഭിപ്രായ പ്രകടനം കോടതിയലക്ഷ്യമല്ല; സുപ്രീംകോടതിയില്‍ പ്രശാന്ത് ഭൂഷൺ

മുതിര്‍ന്ന ഉദ്യോഗസ്ഥന്‍ പുതിയ സത്യവാങ്മൂലം നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആവശ്യപ്പെട്ടു. ഉടന്‍ പുതിയ സത്യവാങ്മൂലം നല്‍കാമെന്ന് കേന്ദ്ര സര്‍ക്കാരിനായി ഹാജരായ സോളിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

സംസാര സ്വാതന്ത്ര്യവും അഭിപ്രായ സ്വാതന്ത്ര്യവും സമീപകാലത്ത് ഏറ്റവും കൂടുതൽ ദുരുപയോഗം ചെയ്യപ്പെട്ട അവകാശങ്ങളാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ച് ആവർത്തിച്ചു.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook