scorecardresearch

ഡല്‍ഹി സര്‍ക്കാരിന്റെ അധികാരം വെട്ടിക്കുറയ്ക്കാന്‍ ഓര്‍ഡിനന്‍സിറക്കി കേന്ദ്രം

ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡൽഹി സർക്കാരിനാണ് പൂർണ അധികാരമെന്നായിരുന്നു സുപ്രീം കോടതി വിധി

Arvind Kejriwal, vk saxena, ie malayalam
ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാൾ, ലഫ്.ഗവർണർ വി.കെ.സക്സേന

ന്യൂഡൽഹി: ഡൽഹി സർക്കാരിന് സുപ്രീം കോടതി വിധിയിലൂടെ ലഭിച്ച അധികാരത്തെ മറികടക്കാൻ ഓർഡിനൻസ് ഇറങ്ങി കേന്ദ്രം. ഉദ്യോഗസ്ഥരെ സ്ഥലം മാറ്റുന്നതിനും നിയമിക്കുന്നതിനും ശുപാർശ ചെയ്യുന്നതിന് അധികാരമുള്ള നാഷണൽ ക്യാപിറ്റൽ സിവിൽ സർവീസ് അതോറിറ്റി രൂപീകരിക്കുന്നതിനുള്ള ഓർഡിനൻസാണ് കേന്ദ്രം പുറത്തിറക്കിയത്.

ഡൽഹി മുഖ്യമന്ത്രിയാണ് അതോറിറ്റിയുടെ ചെയർമാൻ. ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി എന്നിവരാണ് മറ്റു അംഗങ്ങൾ. അതോറിറ്റി തീരുമാനിക്കേണ്ട എല്ലാ കാര്യങ്ങളും ഹാജരായ അംഗങ്ങളുടെയും വോട്ടു ചെയ്യുന്നവരുടെയും ഭൂരിപക്ഷ വോട്ടുകൾ കണക്കാക്കി തീരുമാനിക്കപ്പെടും. ഇതിനർത്ഥം, തിരഞ്ഞെടുക്കപ്പെട്ട മുഖ്യമന്ത്രിയെ മറികടക്കാൻ കേന്ദ്രം നിയോഗിച്ച രണ്ട് ഉദ്യോഗസ്ഥർക്ക് കഴിയുമെന്നാണ്.

സമിതിയിലെ അംഗങ്ങൾ തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായാൽ ലഫ്.ഗവർണറായിരിക്കും അന്തിമ തീരുമാനമെടുക്കുകയെന്ന് ഓർഡിനൻസിൽ പറയുന്നു. വകുപ്പ് സെക്രട്ടറിക്ക് മന്ത്രിമാരുടെ കൗൺസിലിലേക്ക് കൂടുതൽ അധികാരവും ഓർഡിനൻസ് നൽകുന്നു. “മന്ത്രിമാരുടെ കൗൺസിലിന്റെ നിർദ്ദേശം നിയമത്തിലെ വ്യവസ്ഥകൾക്ക് അനുസൃതമല്ലെന്ന് മന്ത്രിമാരുടെ സെക്രട്ടറിക്ക് അഭിപ്രായമുണ്ടെങ്കിൽ, അതിൽ തീരുമാനമെടുക്കുന്നതിന് ലഫ്റ്റനന്റ് ഗവർണറുടെ ശ്രദ്ധയിൽപ്പെടുത്തേണ്ടത് മന്ത്രിമാരുടെ കൗൺസിൽ സെക്രട്ടറിയുടെ കടമയാണ്.”

ജനാധിപത്യ പ്രക്രിയയെ അട്ടിമറിക്കാനാണ് ഓർഡിനൻസ് ഇറക്കിയതെന്ന് മുതിർന്ന എഎപി നേതാവ് പറഞ്ഞു. അരവിന്ദ് കേജ്‌രിവാൾ സർക്കാരിനെതിരായ കേന്ദ്രത്തിന്റെ വിദ്വേഷണാണ് ഇത് കാണിക്കുന്നത്. ഒരു ഓർഡിനൻസിന് ജനാധിപത്യ പ്രക്രിയയെ മാറ്റിമറിക്കാൻ കഴിയുമോയെന്ന് അദ്ദേഹം ചോദിച്ചു. സുപ്രീം കോടതിയുടെ ഭരണഘടനാ ബെഞ്ചിന്റെ ഏകകണ്ഠമായ തീരുമാനത്തിന് എതിരായാണ് മോദി സർക്കാർ പ്രവർത്തിക്കുന്നത്. തിരഞ്ഞെടുക്കപ്പെട്ട സർക്കാരിന് സ്വതന്ത്രമായി തീരുമാനങ്ങൾ എടുക്കാൻ അധികാരം നൽകണമെന്ന് സുപ്രീം കോടതി നിർദേശിച്ചിരുന്നു.കേജ്‌രിവാൾ സർക്കാരിൽ നിന്ന് അധികാരം തട്ടിയെടുക്കുക എന്നതാണ് ഈ ഓർഡിനൻസ് കൊണ്ടുവരുന്നതിലൂടെയുള്ള കേന്ദ്രത്തിന്റെ ഏക ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.

ഡൽഹി സർക്കാരിന്റെ വിവിധവകുപ്പുകളിൽ നിയമിക്കപ്പെടുന്ന ഉദ്യോഗസ്ഥരുടെ നിയന്ത്രണാധികാരം സർക്കാരിനാണെന്നു സുപ്രീം കോടതിയുടെ ഭരണഘടനാബെഞ്ച് ഏകകണ്ഠമായി വിധിച്ചത്. ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റവും നിയമനവും സംബന്ധിച്ച് ഡൽഹി സർക്കാരിനാണ് പൂർണ അധികാരമെന്നും സുപ്രീം കോടതി പറഞ്ഞിരുന്നു. സുപ്രീം കോടതി വിധിയിലൂടെ ഡൽഹി മുഖ്യമന്ത്രിക്ക് കിട്ടിയ അധികാരം വെട്ടിക്കുറയ്ക്കുന്നതിനാണ് കേന്ദ്രം ഓർഡിനൻസ് കൊണ്ടുവന്നത്.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court empowered delhi govt centre gets ordinance to put bureaucrats over cm