ന്യൂഡൽഹി: റഫാൽ​ കേസിൽ സുപ്രീംകോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദ യെ ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി രാഹുൽ ഗാന്ധിക്കെതിരേ നൽകിയ അപകീർത്തി കേസ് തള്ളി. രാഹുൽ വാക്കുകൾ സൂക്ഷിച്ച് ഉപയോഗിക്കണമെന്ന് സുപ്രീംകോടതി കോടതി അഭിപ്രായപ്പെട്ടു.

റഫാൽ​ കേസിൽ സുപ്രീംകോടതി ഇടപെടലിനെ തെറ്റായി വ്യാഖ്യാനിച്ച് പ്രധാനമന്ത്രിയെ കാവൽക്കാരൻ കള്ളനെന്ന് ആക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി ബിജെപി എംപി മീനാക്ഷി ലേഖിയാണു അപകീർത്തി കേസ്  ഫയൽ ചെയ്തത്.

നിജസ്ഥിതി അറിയാതെ പ്രധാനമന്ത്രിക്കെതിരേ രാഹുല്‍ ഗാന്ധി നടത്തിയ പരാമര്‍ശം ദൗര്‍ഭാഗ്യകരമായിപ്പോയെന്നു ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് തലവനായുള്ള മൂന്നംഗ ബഞ്ച് നിരീക്ഷിച്ചു. ഇത്തരം കാര്യങ്ങളില്‍ രാഹുല്‍ ഗാന്ധി ഭാവിയില്‍ കൂടുതല്‍ ശ്രദ്ധപുലര്‍ത്തേണ്ടതുണ്ടെന്നും കോടതി പറഞ്ഞു. ജസ്റ്റിസുമാരായ എസ്.കെ.കൗൾ, കെ.എം.ജോസഫ് എന്നിവരായിരുന്നു ബഞ്ചിലെ മറ്റംഗങ്ങൾ.

റാഫേല്‍ അഴിമതി കേസില്‍ സുപ്രീംകോടതി ഇടപെടലിന്റെ പശ്ചാത്തലത്തില്‍ നടത്തിയ പ്രസംഗത്തിലായിരുന്നു  രാഹുല്‍ ഗാന്ധിയുടെ വിവാദ പരാമർശം. ചൗകിദാര്‍ ചോര്‍ ഹേ എന്ന് സുപ്രീം കോടതിയും സമ്മതിച്ചിരിക്കുന്നുവെന്നായിരുന്നു രാഹുൽ തന്റെ പ്രസംഗത്തിൽ പറഞ്ഞത്. കോടതി പറഞ്ഞത് രാഹുൽ ഗാന്ധി തെറ്റായി വ്യാഖ്യാനിച്ചതായി സുപ്രീം കോടതി നേരത്തെയും വിമർശിച്ചിരുന്നു. അതേസമയം, രാഹുല്‍ മാപ്പു പറഞ്ഞെന്നും കേസ് നടപടികള്‍ അവസാനിപ്പിക്കണമെന്നും രാഹുലിനു വേണ്ടി ഹാജരായ അഭിഷേക് സിങ്‌വി വാദിച്ചിരുന്നു.

അതേസമയം, റഫാൽ ഇടപാടിൽ കേന്ദ്രസർക്കാരിന് ആശ്വാസമാണ് സുപ്രീംകോടതിയുടെ വിധി. റഫാൽ യുദ്ധവിമാന ഇടപാടിൽ അഴിമതി ആരോപിച്ച ഹർജികൾ തള്ളിയത് പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ടുളള ഹർജികൾ സുപ്രീം കോടതി തളളി. ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബഞ്ചാണ് വിധി പറഞ്ഞത്.

കഴിഞ്ഞ ഡിസംബർ 14 നാണ് കേന്ദ്ര സര്‍ക്കാരിന് ക്ലീന്‍ ചിറ്റ് നല്‍കിയുള്ള സുപ്രീം കോടതി വിധി പുറത്തുവന്നത്. ഇടപാടിലും കരാറിലും സംശയമില്ലെന്ന് പറഞ്ഞ കോടതി റഫാൽ കേസ് പുനരന്വേഷിക്കേണ്ട ആവശ്യമില്ലെന്ന് വിധിക്കുകയായിരുന്നു. റഫാൽ ജെറ്റിന്റെ ഗുണനിലവാരത്തിലും സംശയമില്ല. യുദ്ധവിമാനങ്ങൾ ആവശ്യമെന്ന കാര്യത്തിൽ സംശയമില്ലെന്നും സർക്കാർ നടപടികളിൽ തെറ്റില്ലെന്നും കോടതി വ്യക്തമാക്കി. വിലയെക്കുറിച്ച് അന്വേഷിക്കേണ്ടതില്ലെന്നും ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി.

തുടർന്നു കോടതി വിധി പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് പ്രശാന്ത് ഭൂഷൺ ഉൾപ്പടെയുള്ള ഹർജിക്കാർ സുപ്രീം കോടതിയെ സമീപിച്ചു. ഈ ഹർജികളിലാണ് സുപ്രീം കോടതി ഇന്നു വിധി പറഞ്ഞത്.

ഇന്ത്യയും ഫ്രാൻസും തമ്മിൽ 2016 സെപ്റ്റംബറിലാണ് റഫാൽ യുദ്ധവിമാനക്കരാറിൽ ഒപ്പുവയ്ക്കുന്നത്. ഏകദേശം 59,000 കോടി രൂപയുടെ കരാർ വഴി 36 റഫാൽ വിമാനങ്ങളാണ് ഇന്ത്യ വാങ്ങുക. ആധുനിക സാങ്കേതികവിദ്യയുപയോഗിച്ചു നിർമിച്ച റഫാൽ വിമാനങ്ങൾക്ക് അത്യാധുനിക മിസൈലുകൾ വഹിക്കാനാവും. വില കുറവിലൂടെ യുദ്ധവിമാനങ്ങൾ വാങ്ങാൻ കഴിഞ്ഞതിനാൽ കരാർ വിജയകരമെന്നാണ് കേന്ദ്ര സർക്കാരിന്റെ അവകാശവാദം. എന്നാൽ ഇന്ത്യയെക്കാൾ കുറഞ്ഞ വിലയ്ക്ക് ഖത്തറിന് വിമാനങ്ങൾ ലഭ്യമായതോടെയാണ് കരാർ വിവാദമായത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook