ന്യൂഡൽഹി: നടി ശ്രീദേവിയുടെ മരണവുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി സുപ്രീം കോടതി തളളി. ദുരൂഹ സാഹചര്യത്തിലാണ് മരണം നടന്നതെന്ന് ആരോപിച്ച് അഭിഭാഷകനായ സുനിൽ സിങ് സമർപ്പിച്ച ഹർജിയാണ് സുപ്രീം കോടതി തളളിയത്.

ഒമാനിൽ ശ്രീദേവിയുടെ പേരിൽ ഇൻഷുറൻസ് പോളിസി ഉണ്ടായിരുന്നുവെന്നും ഇത് അവർ യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ വച്ച് മരിക്കുകയാണെങ്കിൽ മാത്രമേ ലഭിക്കുകയുളളൂവെന്നും അഭിഭാഷകൻ പരാതിയിൽ പറഞ്ഞിരുന്നു.

ബാത്ത്റൂമിലെ ബാത്ത് ടബിൽ മുങ്ങിമരിച്ച നിലയിലാണ് ശ്രീദേവിയെ ഫെബ്രുവരി 24 ന് കണ്ടെത്തിയത്. ദുബായ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ഗൾഫ് ന്യൂസ് വാർത്ത പ്രകാരം ബാത്ത് ടബിൽ മുങ്ങിമരിച്ച സമയത്ത് ശ്രീദേവിയുടെ ശരീരത്തിൽ ആൽക്കഹോൾ ഉണ്ടായിരുന്നു.

അൽ മഖ്‌തൂം ആശുപത്രിയിൽ വച്ചാണ് ശ്രീദേവിയുടെ മൃതദേഹം പോസ്റ്റുമോർട്ടം ചെയ്തത്. ഇതിന് ശേഷമായിരുന്നു മൃതദേഹം മുംബൈയിലേക്ക് കൊണ്ടുവന്നത്.

കപൂർ കുടുംബത്തിന്റെ വിവാഹചടങ്ങിൽ പങ്കെടുക്കാനാണ് നടി ദുബായിൽ എത്തിയത്. ഭർത്താവ് ബോണി കപൂർ നാട്ടിലേക്ക് മടങ്ങിയെങ്കിലും ദുബായിൽ കുറച്ച് ദിവസം കൂടി താമസിക്കാൻ ശ്രീദേവി തീരുമാനിക്കുകയായിരുന്നു. ഭാര്യയ്ക്ക് സർപ്രൈസ് നൽകാനായി ദുബായിലേക്ക് പറന്ന ബോണി കപൂർ പിന്നീട് ഭാര്യയുടെ മൃതദേഹവുമായാണ് നാട്ടിലേക്ക് മടങ്ങിയത്.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ