ന്യൂഡല്‍ഹി: സംസ്ഥാന സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ സില്‍വര്‍ ലൈന്‍ (കെ റെയിൽ) സാമൂഹികാഘാത സര്‍വേക്കെതിരായ ഹർജി സുപ്രീം കോടതി തള്ളി. സര്‍വേ തുടരുന്നതില്‍ എന്താണ് തെറ്റന്ന് കോടതി ചോദിച്ചു. സര്‍വേ കല്ലിടലിനെ വിമർശിച്ച ഹൈക്കോടതി സിംഗിൾ ബഞ്ചിനെ സുപ്രീം കോടതി വിമര്‍ശിച്ചു. ബൃഹത്തായ പദ്ധതിയുടെ സർവെ തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.
അതേസമയം, കെ റെയിലടക്കം ഏത് പദ്ധതിയായാലും സര്‍വേ നടത്തുന്നത് നിയമപരമായിട്ടായിരിക്കണമെന്ന് ഹൈക്കോടതി ഹൈക്കോടതി ചൂണ്ടിക്കാണിച്ചു. അനുമതിയില്ലാതെ ജനങ്ങളുടെ വീട്ടില്‍ കയറുന്നത് നിയമപരമല്ലെന്ന് കോടതി നിരീക്ഷിച്ചു. കോടതി പദ്ധതിക്ക് എതിരല്ല. സര്‍വേ തുടരുന്നതില്‍ തടസമില്ല. നിയമം നോക്കാന്‍ മാത്രമാണ് പറയുന്നതെന്നും കോടതി കൂട്ടിച്ചേര്‍ത്തു.
സര്‍വേ എങ്ങനെയാണെന്നുള്ള കാര്യം ജനങ്ങളെ ബോധ്യപ്പെടുത്തണം. ജനങ്ങളുടെ ഭാഗം അവഗണിക്കാന്‍ കോടതിക്ക് കഴിയില്ല. കെ-റെയില്‍ എന്ന് രേഖപ്പെടുത്തിയ കല്ലുകള്‍ എന്ത് അടിസ്ഥാനത്തിലാണ് സ്ഥാപിക്കുന്നതെന്ന് കോടതി ചോദ്യം ഉന്നയിച്ചു. കല്ലുകള്‍ സ്ഥാപിക്കുന്നത് തടഞ്ഞ സിംഗിള്‍ ബഞ്ചിന്റെ ഉത്തരവ് ഡിവിഷന്‍ ബഞ്ച് റദ്ദാക്കിയിട്ടുണ്ടോയെന്നും കോടതി ആരാഞ്ഞു. റദ്ദാക്കിയിട്ടുണ്ടെങ്കില്‍ ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ് എവിടെയാണെന്നും കോടതി ചോദിച്ചു.