/indian-express-malayalam/media/media_files/2026/01/16/jus-verma-2026-01-16-11-48-38.jpg)
ജസ്റ്റിസ് യശ്വന്ത് വർമ്മ
ന്യൂഡൽഹി: ഡൽഹി ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് യശ്വന്ത് വർമ്മയ്‌ക്കെതിരായ ഇംപീച്ച്‌മെന്റ് (കുറ്റവിചാരണ) നടപടികളുടെ ഭാഗമായി രൂപീകരിച്ച അന്വേഷണ സമിതിയുടെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹർജി സുപ്രീം കോടതി തള്ളി. സമിതിയുടെ രൂപീകരണത്തിൽ യാതൊരുവിധ നിയമവിരുദ്ധതയുമില്ലെന്ന് വ്യക്തമാക്കിയ കോടതി, നടപടികളുമായി മുന്നോട്ട് പോകാമെന്ന് ഉത്തരവിട്ടു.
ജസ്റ്റിസ് ദീപങ്കർ ദത്ത, ജസ്റ്റിസ് സതീഷ് ചന്ദ്ര ശർമ്മ എന്നിവരടങ്ങിയ ബെഞ്ചാണ് സുപ്രധാനമായ ഈ വിധി പുറപ്പെടുവിച്ചത്. 1968-ലെ ജഡ്ജസ് (ഇൻക്വയറി) ആക്ട് പ്രകാരം ലോക്‌സഭാ സ്പീക്കർ രൂപീകരിച്ച മൂന്നംഗ അന്വേഷണ സമിതിയുടെ നടപടിക്രമങ്ങളെയാണ് ജസ്റ്റിസ് വർമ്മ ഹർജിയിലൂടെ ചോദ്യം ചെയ്തത്.
ജസ്റ്റിസ് യശ്വന്ത് വർമ്മയുടെ ഔദ്യോഗിക വസതിയിൽ ഉണ്ടായ തീപിടുത്തത്തെത്തുടർന്ന് നടത്തിയ പരിശോധനയിൽ വലിയ തോതിൽ കണക്കിൽപ്പെടാത്ത പണം കണ്ടെത്തിയിരുന്നു. ഇതിന് പിന്നാലെ സുപ്രീം കോടതി നടത്തിയ ആഭ്യന്തര അന്വേഷണത്തിൽ ജസ്റ്റിസ് വർമ്മയ്‌ക്കെതിരെ ഗുരുതരമായ കണ്ടെത്തലുകൾ ഉണ്ടാവുകയും, അന്നത്തെ ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന അദ്ദേഹത്തെ നീക്കം ചെയ്യാൻ ശുപാർശ നൽകുകയും ചെയ്തു. ഇതിന്റെ തുടർച്ചയായാണ് പാർലമെന്റിൽ ഇംപീച്ച്‌മെന്റ് പ്രമേയം അവതരിപ്പിക്കപ്പെട്ടതും അന്വേഷണ സമിതി രൂപീകരിച്ചതും.
കോടതിയുടെ നിരീക്ഷണം
അന്വേഷണ സമിതി രൂപീകരിച്ചതിൽ നിയമപരമായ പിഴവുകളില്ലെന്ന് കോടതി നിരീക്ഷിച്ചു. ലോകസഭയിലും രാജ്യസഭയിലും ഒരേസമയം ഇംപീച്ച്‌മെന്റ് നോട്ടീസുകൾ നൽകിയ സാഹചര്യത്തിൽ, ഇരുസഭകളുടെയും അധ്യക്ഷന്മാർ സംയുക്തമായി തീരുമാനമെടുക്കണമെന്നായിരുന്നു ഹർജിക്കാരന്റെ വാദം. എന്നാൽ, രാജ്യസഭ പ്രമേയം തള്ളിയ സാഹചര്യത്തിൽ ലോകസഭാ സ്പീക്കർ സ്വതന്ത്രമായി സമിതിയെ നിയോഗിച്ചത് നിയമവിരുദ്ധമല്ലെന്ന് കോടതി വ്യക്തമാക്കി.
Also Read:റിപ്പബ്ലിക് ദിനാഘോഷം; യൂറോപ്യൻ യൂണിയൻ നേതാക്കൾ മുഖ്യാതിഥികളാകും
അന്വേഷണ സമിതിക്ക് മുന്നിൽ ഹാജരാകാൻ കൂടുതൽ സമയം വേണമെന്ന ജസ്റ്റിസ് വർമ്മയുടെ ആവശ്യവും കോടതി നിരസിച്ചു. ഇതോടെ, പാർലമെന്ററി സമിതിയുടെ അന്വേഷണം തടസ്സമില്ലാതെ തുടരാം. സമിതിയുടെ കണ്ടെത്തലുകളുടെ അടിസ്ഥാനത്തിലായിരിക്കും ജസ്റ്റിസ് വർമ്മയെ ജഡ്ജി സ്ഥാനത്തുനിന്ന് നീക്കം ചെയ്യുന്ന കാര്യത്തിൽ പാർലമെന്റ് അന്തിമ തീരുമാനമെടുക്കുക.
നിലവിൽ ഡൽഹി ഹൈക്കോടതി ജഡ്ജിയായ ജസ്റ്റിസ് യശ്വന്ത് വർമ്മ നേരത്തെ അലഹബാദ് ഹൈക്കോടതിയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്. അദ്ദേഹത്തിനെതിരായ ഇംപീച്ച്‌മെന്റ് നീക്കം ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിൽ ഏറെ ചർച്ച ചെയ്യപ്പെട്ട ഒന്നാണ്.
Read More: 'ജനനായകന്' വീണ്ടും തിരിച്ചടി; ഹൈക്കോടതി തീരുമാനിക്കട്ടേയെന്ന് സുപ്രീം കോടതി
Stay updated with the latest news headlines and all the latest Lifestyle news. Download Indian Express Malayalam App - Android or iOS.


/indian-express-malayalam/media/agency_attachments/RBr0iT1BHBDCMIEHAeA5.png)
Follow Us