ന്യൂഡൽഹി: കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധിയുടെ പൗരത്വം ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജി സുപ്രീം കോടതി തളളി. വിദേശ പൗരത്വമുളള രാഹുൽ ഗാന്ധിയെ ലോക്‌സഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിൽനിന്നും വിലക്കണമെന്നാവശ്യപ്പെട്ട് നൽകിയ ഹർജിയാണ് ചീഫ് ജസ്റ്റിസ് രഞ്ജൻ ഗൊഗോയ് അധ്യക്ഷനായ ബെഞ്ച് തളളിയത്. ഏതെങ്കിലും കമ്പനിയുടെ രേഖയിൽ രാഹുൽ ബ്രിട്ടീഷ് പൗരത്വമുളള വ്യക്തിയാണെന്ന് എഴുതിയാൽ അദ്ദേഹം ബ്രിട്ടീഷുകാരനാകുമോയെന്ന് ബെഞ്ച് പരാതിക്കാരോട് ചോദിച്ചു. ജസ്റ്റിസുമാരായ ദീപക് ഗുപ്തയും സഞ്ജീവ് ഖന്നയുമായിരുന്നു ബെഞ്ചിലെ മറ്റു അംഗങ്ങൾ.

ഡൽഹി സ്വദേശികളായ ജയ് ഭാഗ്‌വൻ ഗോയലും സി.പി.ത്യാഗിയുമാണ് രാഹുലിനെതിരെ കോടതിയിൽ ഹർജി നൽകിയത്. റെപ്രസന്റേഷൻ ഓഫ് ദി പീപ്പിൾ ആക്ട് 1981 ലെ സെക്ഷൻ 29A പ്രകാരം ഇന്ത്യൻ പൗരത്വമുളളവർക്ക് മാത്രമാണ് ഒരു രാഷ്ട്രീയ പാർട്ടി രജിസ്റ്റർ ചെയ്യാൻ അർഹതയുളളത്. ഇന്ത്യൻ പൗരത്വം ഇല്ലാത്തതുകൊണ്ടാണ് ബ്രിട്ടീഷ് പൗരത്വം സ്വമേധയാ സ്വീകരിച്ചതെന്നും ഹർജിയിൽ പരാതിക്കാർ പറഞ്ഞിരുന്നു.

നേരത്തെ രാഹുലിന്റെ ബ്രിട്ടീഷ് പൗരത്വവുമായി ബന്ധപ്പെട്ട് ബിജെപി എംപി സുബ്രഹ്മണ്യൻ സ്വാമി നൽകിയ പരാതിയിൽ ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചിരുന്നു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ടാണ് നോട്ടീസ് അയച്ചത്.

Read: ബ്രിട്ടീഷ് പൗരത്വം; രാഹുൽ ഗാന്ധിക്ക് ആഭ്യന്തര മന്ത്രാലയത്തിന്റെ നോട്ടീസ്

പൗരത്വ പരാതിയിൽ വിശദീകരണം ആവശ്യപ്പെട്ട് കേന്ദ്ര ആഭ്യന്തര മന്ത്രാലയം രാഹുൽ ഗാന്ധിക്ക് നോട്ടീസ് അയച്ചത് അസംബന്ധം എന്നായിരുന്നു സഹോദരി പ്രിയങ്ക ഗാന്ധിയുടെ പ്രതികരണം. ”രാഹുൽ ഗാന്ധി ഇന്ത്യക്കാരനാണെന്ന് ലോകത്തിന് മുഴുവൻ അറിയാം. ഇന്ത്യയിൽ രാഹുൽ ജനിച്ചതും അവന്റെ വളർച്ചയും ഇന്ത്യയിലെ ജനങ്ങൾ കണ്ടതാണ്. ഇത് എന്തൊരു അസംബന്ധമാണ്,” പ്രിയങ്ക മാധ്യമപ്രവർത്തകരോട് പറഞ്ഞു.

ബ്രിട്ടനിൽ രജിസ്റ്റർ ചെയ്ത ഒരു കമ്പനിയിലെ ഡയറക്ടർമാരിലൊരാളാണ് രാഹുൽ ഗാന്ധിയെന്നാണ് സ്വാമി നൽകിയ പരാതിയിൽ പറയുന്നത്. 2005-2006 ആനുവൽ റിട്ടേൺസിൽ ബ്രിട്ടീഷ് പൗരനാണ് താനെന്നാണ് രാഹുൽ പറഞ്ഞിരിക്കുന്നത്. സ്വാമിയുടെ പരാതിയെ കടുത്ത ഭാഷയിൽ കോൺഗ്രസ് വിമർശിച്ചിരുന്നു.

”രാഹുൽ ഗാന്ധി ജനിച്ചത് ഇന്ത്യയിലാണെന്നും ഇന്ത്യൻ പൗരനാണെന്നും ലോകം മുഴുവനും അറിയാം. തൊഴിലില്ലായ്മയ്ക്കും കർഷകരുടെ ദുരിതത്തിനും കളളപ്പണത്തിനും നരേന്ദ്ര മോദിക്ക് ഉത്തരമില്ലാത്തതിനാണ് മറ്റു വിഷയങ്ങളിലേക്ക് ശ്രദ്ധ തിരിക്കുന്നത്,” കോൺഗ്രസ് വക്താവ് രൺദീപ് സുർജേവാല പറഞ്ഞതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.

ലോക്‌സഭാ തിരഞ്ഞെടുപ്പിൽ വയനാട്ടിൽനിന്നും ഉത്തർപ്രദേശിലെ അമേഠിയിൽനിന്നുമാണ് രാഹുൽ ഗാന്ധി ജനവിധി തേടുന്നത്. കേരളത്തിൽ വോട്ടെടുപ്പ് ഏപ്രിൽ 23 ന് കഴിഞ്ഞിരുന്നു. അമേഠിയിൽ മേയ് ആറിനാണ് വോട്ടെടുപ്പ്. അമേഠിയിൽ സ്മൃതി ഇറാനിയാണ് രാഹുലിന്റെ എതിരാളി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു ലക്ഷത്തിലധികം വോട്ടിനാണ് രാഹുൽ തന്റെ എതിരാളിയായ സ്മൃതിയെ തോൽപ്പിച്ചത്.

Get all the Latest Malayalam News and Kerala News at Indian Express Malayalam. You can also catch all the Latest News in Malayalam by following us on Twitter and Facebook