ന്യൂഡൽഹി: വിവാദമായ മതംമാറ്റ കേസിൽ ഹാദിയയെ ഹാജരാക്കണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. പിതാവ് അശോകനോടാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ആവശ്യപ്പെട്ടിരിക്കുന്നത്. പെൺകുട്ടിക്ക് മതിയായ സുരക്ഷയൊരുക്കാൻ കോടതി നിർദ്ദേശിച്ചിട്ടുണ്ട്.

കേസുമായി ബന്ധപ്പെട്ട് ഹാദിയയുടെയും അച്ഛൻ അശോകന്റെയും ഇതിന് പുറമേ ദേശീയ അന്വേഷണ ഏജൻസിയുടെയും വാദം പ്രത്യേകം പ്രത്യേകം കേൾക്കുമെന്ന് കോടതി ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

നവംബർ 27 നാണ് ഹാദിയയെ ഹാജരാക്കാൻ സുപ്രീം കോടതി ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് ആവശ്യപ്പെട്ടിരിക്കുന്നത്. ഹാദിയയ്ക്ക് പറയാനുള്ളത് കേട്ട ശേഷം കേസിൽ വിധി പറയും.

കേസ് തുറന്ന കോടതിയിൽ വാദം കേൾക്കും. “ഹാദിയയുടെ സുരക്ഷ രാജ്യത്തിന്റെ ഉത്തരവാദിത്തമാണ്. സമൂഹത്തിന്റെ അഭിപ്രായമനുസരിച്ച് കോടതിക്ക് വിധി പറയാനാവില്ല. വിവാഹം പ്രായപൂർത്തിയായവരുടെ സ്വന്തം തീരുമാനമാണ്. ” എന്ന് പറഞ്ഞ കോടതി  ക്രിമിനൽ കേസുള്ളയാളെ വിവാഹം ചെയ്യുന്നത് നിയമവിരുദ്ധമല്ല എന്നും കോടതി ചൂണ്ടിക്കാട്ടി.

അതേസമയം, കേസിൽ ഷെഫിൻ ജഹാനെതിരെ ഗുരുതരമായ ആരോപണങ്ങളാണ് എൻഐഎ കോടതി മുമ്പാകെ നിരത്തിയത്. ഇത് ഒറ്റപ്പെട്ട സംഭവമല്ലെന്ന് പറഞ്ഞ ദേശീയ അന്വേഷണ ഏജൻസി ഹാദിയ കേസ് “സൈക്കളോജിക്കൽ കിഡ്നാപ്പിങ്” ആണെന്നും കോടതിയില്‍ വാദിച്ചു.

ഏറ്റവും പുതിയ വാർത്തകൾക്കും വിശകലനങ്ങൾക്കും ഞങ്ങളെ ഫെയ്സ്ബുക്കിലും ട്വിറ്ററിലും ലൈക്ക് ചെയ്യൂ