അഹമ്മദാബാദ്: ഗുജറാത്ത് കലാപ സമയത്ത് കൂട്ടബലാത്സംഗത്തിന് ഇരയായ ബില്‍ക്കീസ് ബാനുവിന് 50 ലക്ഷം രൂപ നഷ്ടപരിഹാരം നല്കാന് സുപ്രീം കോടതിയുടെ ഉത്തരവ്. ഗുജറാത്ത് സര്‍ക്കാരാണ് രണ്ടാഴ്ചയ്ക്കകം നഷ്ടപരിഹാരം നല്‍കേണ്ടത്.
കര്‍സേവകര്‍ സഞ്ചരിച്ചിരുന്ന സബര്‍മതി എക്സ്പ്രസ് ഗോധ്ര സ്റ്റേഷനില്‍ വച്ച് തീയിട്ടതിന് പിന്നാലെ നടന്ന കലാപത്തില്‍ 69 പേര് കൊല്ലപ്പെട്ടിരുന്നു. 2002 മാര്‍ച്ച് മൂന്നിനാണ് പൂര്‍ണ ഗര്‍ഭിണിയായിരുന്ന ബല്‍ക്കീസ് ബാനുവിനെ 12 പേര് ചേര്‍ന്ന് കൂട്ടബലാത്സംഗം ചെയ്തത്. ഇവരുടെ കുടുംബത്തിലെ 14 അംഗങ്ങളും കലാപത്തില്‍ കൊല്ലപ്പെട്ടിരുന്നു.
Read More: ‘ഗുജറാത്തിലെ മുസ്ലിം വിരുദ്ധ കലാപം,’ എൻസിആർടി പാഠപുസ്തകത്തിൽ ‘ഗുജറാത്ത് കലാപം’ എന്ന് തിരുത്തി
ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട കേസുകളില്‍ നരോദാപാട്യ, ബെസ്റ്റ് ബേക്കറി കേസുകള്‍ കഴിഞ്ഞാല്‍ ലോകശ്രദ്ധ പിടിച്ചുപറ്റിയ കേസായിരുന്നു ബിള്‍ക്കീസ് ബാനു കൂട്ട ബലാത്സംഗക്കേസ്. ബിൽക്കീസ് ബാനുക്കേസില്‍ 12 പേര്‍ക്കും ജീവപര്യന്തവും കീഴ്ക്കോടതി വെറുതെ വിട്ട പൊലീസുകാര്‍ക്ക് കൂടി ശിക്ഷ വിധിച്ചിരുന്നു.
നേരത്തെ നരോദാപാട്യ കേസില്‍ നരേന്ദ്ര മോദി മന്ത്രിസഭയിലെ ശിശു ക്ഷേമമന്ത്രിയായ മായ കോഡ്നാനിയെ ശിക്ഷിച്ചിരുന്നു. മോദി മന്ത്രിസഭ തന്നെ നേരിട്ട് നിർദേശം കൊടുത്തു നടപ്പാക്കിയതാണ് കലാപമെന്ന വിമര്‍ശനത്തെ ശരി വയ്ക്കുകയായിരുന്നു ഫലത്തില്‍ ആ വിധി.