scorecardresearch
Latest News

ഹിജാബ് കേസ് വിശാല ബെഞ്ചിന്, നിരോധനത്തെ ശരിവച്ചും എതിർത്തും സുപ്രീം കോടതി ജഡ്ജിമാർ

ഭിന്ന വിധിയായതിനാൽ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മൂന്നംഗ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് രണ്ടംഗ ബെഞ്ച് ശുപാർശ ചെയ്തു

ഹിജാബ് കേസ് വിശാല ബെഞ്ചിന്, നിരോധനത്തെ ശരിവച്ചും എതിർത്തും സുപ്രീം കോടതി ജഡ്ജിമാർ

ന്യൂഡൽഹി: കര്‍ണാടകത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനത്തില്‍ സുപ്രീം കോടതിയുടെ ഭിന്നവിധി. ഹിജാബി വിലക്കിനെ അനുകൂലിച്ചും എതിർത്തും സുപ്രീം കോടതി ജഡ്ജിമാർ. ഹിജാബ് വിലക്കിയ കർണാടക ഹൈക്കോടതി വിധി ജസ്റ്റിസ് സുധാൻഷു ധുലിയ തള്ളി. എന്നാൽ ജസ്റ്റിസ് ഹേമന്ത് ഗുപ്ത ഹൈക്കോടതി വിധി ശരിവച്ചു. ഭിന്ന വിധിയായതിനാൽ ഹർജികൾ വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ടു. മൂന്നംഗ വിശാല ബെഞ്ച് രൂപീകരിക്കാൻ ചീഫ് ജസ്റ്റിസിനോട് രണ്ടംഗ ബെഞ്ച് ശുപാർശ ചെയ്തു.

ഹിജാബ് നിരോധനം ശരിവച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ വിവിധ വിദ്യാര്‍ത്ഥികളും സംഘടനകളും നല്‍കിയ ഹര്‍ജികളിലാണ് സുപ്രീം കോടതിയുടെ ഭിന്നവിധി. വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഹിജാബ് നിരോധനം ശരിവെച്ച കര്‍ണാടക ഹൈക്കോടതി വിധിക്കെതിരെ 25 ഹര്‍ജികളാണ് സുപ്രീം കോടതിയില്‍ ഫയല്‍ ചെയ്തിരുന്നത്. വിവിധ വിദ്യാര്‍ത്ഥിനികളും സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ, സമസ്ത കേരള സുന്നി യുവജന സംഘം, അഖിലിന്ത്യാ ജനാധിപത്യ മഹിള അസോസിയേഷന്‍ തുടങ്ങി വിവിധ സംഘടനകളുമാണ് അപ്പീൽ നൽകിയത്.

ഹിജാബ് ധരിക്കല്‍ ഇസ്‌ലാം മതത്തില്‍ അനിവാര്യമല്ലെന്നും ഹിജാബ് ധരിക്കുന്നത് ഭരണഘടനയുടെ 25-ാം അനുച്ഛേദ പ്രകാരം മതസ്വാതന്ത്ര്യത്തിന്റെ പരിധിയില്‍ വരുന്നതല്ലെന്നുമായിരുന്നു കർണാകട ഹൈക്കോടതിയുടെ ഉത്തരവ്. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ യൂണിഫോം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും അത് വിദ്യാര്‍ത്ഥികളുടെ മൗലികാവകാശത്തിന്റെ ലംഘനമായി കണക്കാക്കാന്‍ കഴിയില്ലെന്നും കോടതി പറഞ്ഞിരുന്നു.

2021 ഡിസംബർ 27 ന് ഉഡുപ്പി സർക്കാർ യുപി കോളേജിൽ ഹിജാബ് ധരിച്ച് ക്ലാസിൽ എത്തിയ വിദ്യാർത്ഥിനികളെ പുറത്താക്കിയതോടെയാണ് പ്രശ്നങ്ങൾ തുടങ്ങിയത്. അടുത്ത ദിവസങ്ങളിലും ഹിജാബ് ധരിച്ച് എത്തിയ വിദ്യാർഥികളെ ക്ലാസില്‍ കയറ്റിയില്ല. ഇതോടെ കർണാടകയിൽ പ്രതിഷേധം ശക്തമാവുകയായിരുന്നു.

Stay updated with the latest news headlines and all the latest News news download Indian Express Malayalam App.

Web Title: Supreme court delivers split verdict on karnataka hijab issue