ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ നടന്ന ധരം സന്‍സദ് പരിപാടിയില്‍ പ്രകോപനപരമായ പ്രസംഗങ്ങള്‍ നടത്തിയെന്നാരോപിച്ചുള്ള കേസില്‍ അന്വേഷണ നടപടികള്‍ അറിയിക്കാന്‍ അന്വേഷണ ഉദ്യോഗസ്ഥനോട് സുപ്രീം കോടതി. രണ്ടാഴ്ചയ്ക്കകം സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി നിര്‍ദേശിച്ചു.
”2021 ഡിസംബര്‍ 19 നു സംഭവം നടന്നതു മുതല്‍ അന്വേഷണം തുടരാന്‍ സ്വീകരിച്ച നടപടികള്‍ അന്വേഷണ ഉദ്യോഗസ്ഥന്‍ രേഖാമൂലം അറിയിക്കേണ്ടത് ആവശ്യമാണെന്ന് ഞങ്ങള്‍ കരുതുന്നു,” ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡും ജസ്റ്റിസ് പി എസ് നരസിംഹവും ഉള്‍പ്പെട്ട ബഞ്ച് പറഞ്ഞു.
സംഭവത്തില്‍ നിഷ്‌ക്രിയത്വം ആരോപിച്ച് പൊലീസ് ഡയറക്ടര്‍ ജനറലിനെതിരെ കോടതിയലക്ഷ്യ നടപടി ആവശ്യപ്പെട്ടുള്ള ഹര്‍ജി പരിഗണിക്കുകയായിരുന്നു കോടതി. ഇത്തരം വിഷയങ്ങള്‍ കൈകാര്യം ചെയ്യണമെന്നതു സംബന്ധിച്ച തഹ്സീന്‍ പൂനാവാല കേസിലെ കോടതി മാര്‍ഗനിര്‍ദേശങ്ങള്‍ ലംഘിച്ചുവെന്ന് ആരോപിച്ചാണു ഹര്‍ജി.
സംഭവം നടന്ന് അഞ്ചു മാസത്തിനു ശേഷം 2022 മേയിലാണ് എഫ് ഐ ആര്‍ ഫയല്‍ ചെയ്തതെന്നു ഹര്‍ജിക്കാരനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ഷദന്‍ ഫറസത്ത് പറഞ്ഞു. ”ഫലത്തില്‍, ഇത് ഒരുതരം അക്രമത്തിനുവേണ്ടിയുള്ള ആഹ്വാനമാണ്. ഇതു വളരെ ഗൗരവമുള്ളതാണ്. ഇതു ഒരു വ്യക്തിയല്ല നയിക്കുന്നത്, അദ്ദേഹത്തോടൊപ്പം സത്യപ്രതിജ്ഞ ചെയ്തവരുമുണ്ട്,” അഭിഭാഷകന്‍ പറഞ്ഞു.
ഇത്തരം പ്രസ്താവനകള്‍ നടത്താന്‍ ഉദ്ദേശിക്കുന്നവരെ കണ്ടെത്തി പൊതുവേദികള്‍ ഉപയോഗിക്കാന്‍ അനുവദിക്കുന്നില്ലെന്ന് ഉറപ്പാക്കുകയാണ് സുപ്രീം കോടതി മാര്‍ഗനിര്‍ദേശങ്ങളുടെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് മാസമായിട്ടും എഫ് ഐ ആര്‍ ഫയല്‍ ചെയ്തിട്ടില്ല, അന്വേഷണം നടക്കുകയാണെന്നാണു പൊലീസ് പറയുന്നത്. ആരെയെങ്കിലും ചോദ്യം ചെയ്യാന്‍ വിളിച്ചിട്ടുണ്ടോയെന്ന് അവര്‍ പറയുന്നില്ല. ആരെയും അറസ്റ്റ് ചെയ്തിട്ടില്ല, കുറ്റപത്രം സമര്‍പ്പിച്ചിട്ടില്ല. സുപ്രീം കോടതി നിര്‍ദേശങ്ങളുടെ നഗ്നമായ ലംഘനമാണിതെന്നും അദ്ദേഹം പറഞ്ഞു.
സംഭവത്തില്‍ സുപ്രീം കോടതി നിര്‍ദേശങ്ങളുടെ ലംഘനമൊന്നുമുണ്ടായിട്ടില്ലെന്നും അന്വേഷണം എങ്ങനെ മുന്നോട്ടു പോകണമെന്ന് ഹര്‍ജിക്കാരനു നിര്‍ദേശിക്കാനാകില്ലെന്നും ഡല്‍ഹി പൊലീസിനു വേണ്ടി ഹാജരായ അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ കെ എം നടരാജ് പറഞ്ഞു.
ഇതേത്തുടര്‍ന്നാണ് അന്വേഷണത്തിന്റെ കാര്യത്തില്‍ നിങ്ങള്‍ എന്താണ് ചെയ്യുന്നതെന്നു ചീഫ് ജസ്റ്റിസ് ചോദിച്ചത്. സംഭവം നടന്നത് 2021 ഡിസംബറിലാണ്. ഏകദേശം അഞ്ചു മാസത്തിനുശേഷമാണ് എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. അത്രയും കാലതാമസം എന്തുകൊണ്ടാണെന്നും ചീഫ് ജസ്റ്റിസ് ചോദിച്ചു.
കാലതാമസം ബോധപൂര്‍വമല്ലെന്നായിരുന്നു എ എസ് ജിയുടെ മറുപടി. പൊലീസിനു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അന്വേഷണം പുരോഗമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
”മേയ് നാലിനു ശേഷം, നിങ്ങള്‍ എന്ത് നടപടികളാണു സ്വീകരിച്ചത്? എത്ര പേരെ അറസ്റ്റ് ചെയ്തു? എന്ത് അന്വേഷണം നടത്തി? എത്ര പേരെ ചോദ്യം ചെയ്തു,” ചീഫ് ജസ്റ്റിസ് ചോദിച്ചു. ഈ വിശദാംശങ്ങള്‍ നേരത്തെ പ്രത്യേകമായി ആവശ്യപ്പെട്ടിരുന്നില്ലെന്നായിരുന്നു എ എസ് ജിയുടെ മറുപടി.
അഞ്ചു മാസത്തിനു ശേഷം എഫ് ഐ ആര്‍ ഫയല്‍ ചെയ്യുമ്പോള്‍ ാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിച്ചിട്ടുണ്ടെന്ന് എങ്ങനെ പറയാന്‍ കഴിയുമെന്നു ചീഫ് ജസ്റ്റിസ് ആശ്ചര്യപ്പെട്ടു. ഹരജിക്കാരന്റെ ആരോപണങ്ങള്‍ മാത്രമാണിതെന്നും അന്വേഷണ പുരോഗതി സംബന്ധിച്ച് നിര്‍ദേശങ്ങള്‍ സ്വീകരിച്ച് കോടതിയെ അറിയിക്കുമെന്നും എ എസ് ജി അറിയിച്ചു.