ന്യൂഡല്‍ഹി: സുപ്രീംകോടതിയിലെ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയ്ക്കെതിരെ രംഗത്ത് വന്ന നാല് മുതിര്‍ന്ന ജഡ്ജിമാര്‍ മറ്റ് രണ്ട് ജഡ്ജിമാരെ കൂടി സമീപിച്ച് പ്രശ്നപരിഹാരത്തിനുളള നിര്‍ദേശങ്ങള്‍ തയ്യാറാക്കിയതായി വിവരം. ഈ നിര്‍ദേശങ്ങള്‍ ഇന്ന് തന്നെ ചീഫ് ജസ്റ്റിസിന് മുമ്പില്‍ വയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്.
കേസുകള്‍ വിവിധ ബെഞ്ചുകള്‍ക്ക് മുമ്പില്‍ നീക്കി വയ്ക്കുന്നതില്‍ സുതാര്യതയും ന്യായവും കൊണ്ടുവരണമെന്നാണ് സുപ്രീംകോടതി ജഡ്ജിമാരുടെ നിര്‍ദേശം. എന്നാല്‍ ഇതിനെ കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.
നാല് മുതിര്‍ന്ന ജഡ്ജിമാര്‍ പരസ്യ പ്രതികരണം നടത്തിയിട്ട് ഒരാഴ്ചയായിട്ടും പ്രതിസന്ധിക്ക് പരിഹാരം കാണുന്നതില്‍ അനിശ്ചിതത്വം തുടരുന്നതിനിടെയാണ് ജഡ്ജിമാര്‍ തന്നെ രംഗത്തെത്തുന്നത്.
ചീഫ് ജസ്റ്റിസിനെതിരെ പ്രതിഷേധിച്ച ജസ്റ്റിസുമാരില്‍ പ്രധാനിയായ ജസ്റ്റിസ് ചെലമേശ്വര്‍ അസുഖത്തെ തുടര്‍ന്ന് ഇന്നലെ മുതല്‍ അവധിയിലാണ്. ഇതോടെ ഇന്നലെ ചീഫ് ജസ്റ്റിസും പ്രതിഷേധിച്ച ജഡ്ജിമാരും തമ്മിലുള്ള ചര്‍ച്ച മുടങ്ങി. ചെലമേശ്വറിന് പുറമെ തനിക്കെതിരെ പ്രതിഷേധിച്ച മറ്റ് മൂന്ന് ജസ്റ്റിസുമാരുമായി ചര്‍ച്ച നടത്താന്‍ ചീഫ് ജസ്റ്റിസ് തയ്യാറായിരുന്നില്ല. ഈ സാഹചര്യത്തില്‍ ജസ്റ്റിസ് ചെലമേശ്വര്‍ കോടതിയിൽ എത്തിയാലേ ഇന്ന് ചര്‍ച്ച നടക്കൂ. അദ്ദേഹത്തെ ജസ്റ്റിസ് രഞ്ജന്‍ ഗഗോയ് ഇന്നലെ വൈകീട്ട് വീട്ടില്‍ ചെന്ന് കണ്ടിരുന്നു.
അതേസമയം, പ്രതിഷേധ ശബ്ദമുയര്‍ത്തിയ ജഡ്ജിമാരെ ഉള്‍പ്പെടുത്താതെ രൂപീകരിച്ച ഭരണഘടനാബെഞ്ച് ആധാര്‍ കേസില്‍ ഇന്നും വാദം കേള്‍ക്കല്‍ തുടരും. ആധാര്‍ സ്വകാര്യത ലംഘിക്കുന്നുണ്ടോ എന്നാണ് ഭരണഘടനാബെഞ്ച് പരിശോധിക്കുന്നത്. ആധാര്‍ സുരക്ഷിതമാണോ എന്ന് ഇന്നലെ കേന്ദ്ര സര്‍ക്കാരിനോട് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ചോദിച്ചിരുന്നു.